മധുപിംഗലദൃക് ചതുരശ്രതനുഃ
പിത്തപ്രകൃതിസ്സവിതാല്പകചഃ
തനുവൃത്തതനുര്‍ബ്ബഹുവാതകഫഃ
പ്രാജ്ഞശ്ച ശശീ മൃദുവാക് ശുഭദൃക്.
സാരം :-
ആദിത്യന്‍ ബലവാനായിരിയ്ക്കുമ്പോള്‍ കണ്ണിന് തേനിന്‍റെ നിറവും, ബലഹീനനായിരിക്കുമ്പോള്‍ പൂച്ചകണ്ണുപോലെ പിംഗളവര്‍ണ്ണവുമുണ്ടായിരിക്കും. ആദിത്യന്‍ ചതുരശ്രശരീരനാകുന്നു. അവനവന്‍റെ മാറിന് ഒരു മാറ് നീളമുള്ള ശരീരത്തെയാണ് ' ചതുരശ്രശരീരം ' എന്ന് പറയുന്നത്. ആദിത്യന്‍റെ ദേഹപ്രകൃതി പിത്തപ്രധാനമാണ്. പിത്തപ്രകൃതിയാകയാല്‍ വിശപ്പും ദാഹവും അധികമുള്ളവനാവുമെന്നു വരുന്നുണ്ട്. ആദിത്യന്‍ തലമുടി കുറഞ്ഞവനുമാകുന്നു.
ചന്ദ്രന്‍റെ ശരീരം ഉയരം കുറഞ്ഞതും വൃത്തം ഒത്തതുമാകുന്നു. കയ്യ്, കാല് മുതലായ അവയവങ്ങള്‍ ഉരുണ്ടിയ്ക്കുമെന്നു സാരം. ചന്ദ്രന്‍ വാതപിത്തപ്രധാനമായ ശരീരപ്രകൃതിയോടുകൂടിയവനും പ്രാജ്ഞനുമാകുന്നു. ഭൂതവര്‍ത്തമാനഭവിഷ്യല്‍ കാലങ്ങളിലെ സംഭവങ്ങളെ സ്മരിയ്ക്കുന്നവനേയാണ് "പ്രാജ്ഞന്‍" എന്ന് പറയുന്നത്. "പ്രാജ്ഞാ ത്രൈകാലികീമാതാ-" എന്നുണ്ട്. ചന്ദ്രന്‍റെ സംഭാഷണം മൃദുവായിരിയ്ക്കുന്നതും, കണ്ണുകള്‍ മനോഹരങ്ങളായിരിയ്ക്കുന്നതുമാകുന്നു. "മധുപിംഗളദൃക്" "ശുഭദൃക്" ഈ രണ്ടു പദങ്ങളെക്കൊണ്ട് സൂര്യചന്ദ്രന്മാര്‍ക്ക് നേത്രകാരകത്വമുണ്ടെന്നും ആചാര്യന് അഭിപ്രായമുണ്ട്.