രാഹൗ ബാധകഷഷ്ഠരന്ധ്രഖഗതേ കാര്യോ
ബലിഃ പ്രീതയെ
വേശ്മസ്ഥേ ഖലു ചിത്രകൂടകരണം ഗാന-
ക്രിയാ രിഃഫഗേ
ലഗ്നസ്ഥേ ച സുധാപയോ വിതരണം നൃത്ത-
ക്രിയാ ചാസ്തഗേ
സ്ഥാനേഷ്വേഷ്വപി കീര്‍ത്തനാല്‍ പ്രതിവിധിര്‍ബാധോ-
ച്യതാം ഭോഗിനാം
സാരം :-
രാഹു ബാധാരാശിയിലോ പത്തിലോ അഷ്ടമത്തിലോ ആറിലോ നിന്നാല്‍ സര്‍പ്പകോപമുണ്ടെന്നും തല്‍ശാന്തിക്കായി സര്‍പ്പബലി നടത്തണമെന്നും പറയണം.
രാഹു നാലാം ഭാവത്തില്‍ നിന്നാല്‍ ചിത്രകൂടംകെട്ടിച്ച് പ്രതിഷ്ഠമുതലായ കര്‍മ്മങ്ങള്‍ നടത്തി സര്‍പ്പകോപ ശമനം വരുത്തണം.
രാഹു പന്ത്രണ്ടാം ഭാവത്തില്‍ നിന്നാല്‍ സര്‍പ്പപ്പാട്ട് നടത്തി സര്‍പ്പ പ്രീതി വരുത്തണം.
രാഹു ഏഴിലോ ലഗ്നത്തിലോ നിന്നാല്‍ നൂറും പാലും നടത്തി സര്‍പ്പ കോപശാന്തി വരുത്തിക്കൊള്ളണം.
രാഹു ഏഴാം ഭാവത്തില്‍ നിന്നാല്‍ സര്‍പ്പപ്പാട്ട് നടത്തിയാലും മതി.
ലഗ്നം നാല്, ആറ്, എട്ട്, പത്ത്, ഏഴ്, പന്ത്രണ്ട് ഈ ഭാവങ്ങളില്‍ രാഹുവിന്‍റെ സ്ഥിതി വന്നാല്‍ പ്രതിശാന്തി ചെയ്യണമെന്നാണല്ലോ ഇവിടെ വിധിക്കുന്നത്. അതുകൊണ്ട് മേല്‍പറഞ്ഞ ഭാവങ്ങള്‍ രാഹുവിന് അനിഷ്ടങ്ങളാണെന്ന് ഗ്രഹിക്കേണ്ടതാണ്.
********************
സ്ഥാന്വേഷ്വപ്യഖിലേഷു സര്‍പ്പബലിരേവോദീര്യതാം വാ പുന-
സ്തൃപ്യന്ത്യുത്തമഭോഗിനസ്തു ബലിനാ നീചാസ്തു ഗാനാദിഭിഃ
സര്‍വ്വേഷാം ബലികര്‍മ്മ തുഷ്ടികരണം വക്തവ്യമേവേ ഹി വാ
സര്‍പ്പപ്രീതിരവശ്യമേവ കരണീയാരോഗ്യപുത്രാപ്തയേ.
സാരം :-
രാഹു ഏതുസ്ഥാനത്ത് നിന്നാലും ശരി സര്‍പ്പബലി നടത്തി പ്രീതി വരുത്തേണ്ടതാണെന്നു പറയണം.
അനിഷ്ടങ്ങളായ ഓരോ ഭാവങ്ങളേയും അവിടെ നിന്നാലുള്ള പ്രതിവിധികളെയും കഴിഞ്ഞ പദ്യം കൊണ്ട് പറഞ്ഞുവല്ലോ. ആ അനിഷ്ടഭാവങ്ങളിലെവിടെ നിന്നാലും ബലി നടത്തി സന്തോഷിപ്പിക്കണമെന്നാണ് ഇതിന്‍റെ സാരം.
ഉത്തമസര്‍പ്പങ്ങളെ സര്‍പ്പബലി നടത്തിയും നീചസര്‍പ്പങ്ങളെ സര്‍പ്പപ്പാട്ട് നടത്തിയും സന്തോഷിപ്പിച്ചു വരാറുണ്ട്.
ഉത്തമനീചഭേദം കൂടാതെ ബലികര്‍മ്മം എല്ലാ സര്‍പ്പങ്ങളുടേയും പ്രീതിക്ക് വിശേഷമാണെന്ന് പ്രസിദ്ധമാണല്ലോ.
ആരോഗ്യം സന്താനപ്രാപ്തി മുതലായവയുടെ അഭിവൃദ്ധി ഉണ്ടാകണമെങ്കില്‍ നിശ്ചയമായും സര്‍പ്പപ്രീതി സമ്പാദിക്കേണ്ടതാണ്. സര്‍പ്പകോപമുണ്ടായാല്‍ രോഗദുഃഖം സന്താനനാശം മുതലായ അനിഷ്ടങ്ങളുണ്ടാകുന്നതാണ്.