അണ്ഡാനാം ചരഗേ കിശോരഫണിനാം നാശോƒസുരേ ദ്വന്ദ്വഗേ
ലഗ്നസ്ഥേ തദിദം ദ്വയം സ്ഥിരഗതേ ബാധാകരോ ഭൂരുഹാം
കൃത്വാണ്ഡാന്യഹയശ്ച നീചഫണിനാം താമ്രേണ ഹേമ്നാമുദേ
ദേയാശ്ചോത്തമഭോഗിനാം യദി നഗാ നഷ്ടാശ്ച താന്‍ സ്ഥാപയേല്‍
സാരം :-
സര്‍പ്പകോപമുണ്ടെന്നു കണ്ടാല്‍ രാഹു ലഗ്നത്തില്‍ ചരരാശിയിലാണ് നില്‍ക്കുന്നതെങ്കില്‍ സര്‍പ്പത്തിന്‍റെ മുട്ടകള്‍ നശിപ്പിച്ചതാണ് സര്‍പ്പകോപത്തിന് കാരണമെന്ന് പറയണം.
രാഹു ലഗ്നത്തില്‍ ഉഭയരാശിയില്‍ നില്‍ക്കുന്നുവെങ്കില്‍ സര്‍പ്പത്തിന്‍റെ കുട്ടികളെ നശിപ്പിച്ചതാണ് സര്‍പ്പകോപത്തിന് കാരണമെന്നു പറയണം.
രാഹു സ്ഥിരരാശിയില്‍ നിന്നാല്‍ സര്‍പ്പക്കാവില്‍ നിന്നും വൃക്ഷനാശം ചെയ്തിരിക്കുന്നുവെന്നും തന്നിമിത്തം സര്‍പ്പകോപമുണ്ടായായിരിക്കുന്നു എന്നും പറയണം.
നീചസര്‍പ്പങ്ങളുടെ കോപമാണുള്ളതെങ്കില്‍ അണ്ഡനാശപരിഹാരമായി മുട്ടകളുടേയും സര്‍പ്പനാശ പരിഹാരമായി സര്‍പ്പദൈവതങ്ങളുടെയും പ്രതിമ ചെമ്പ് ലോഹം കൊണ്ട് ചെയ്യിപ്പിച്ചു സര്‍പ്പക്കാവിലോ സര്‍പ്പദൈവതങ്ങളുടെ മൂലസ്ഥാനമായ സ്ഥലത്തോ സമര്‍പ്പിക്കണം.
ഉത്തമസര്‍പ്പങ്ങളുടെ കോപമാണെങ്കില്‍ സ്വര്‍ണ്ണംകൊണ്ട് സര്‍പ്പങ്ങളേയും മുട്ടകളേയും ചെയ്യിച്ചു മേല്‍പറഞ്ഞവണ്ണം സര്‍പ്പദൈവസ്ഥാനത്ത് സമര്‍പ്പിക്കണം.
വൃക്ഷങ്ങള്‍ നശിപ്പിച്ചിട്ടുണ്ട് എന്ന് കണ്ടാല്‍ ആ വൃക്ഷങ്ങളെതന്നെ വെച്ച് പിടിപ്പിക്കുകയും വേണം.