ഗ്രഹങ്ങള്‍ക്കുള്ള വര്‍ണ്ണാധിപത്യത്തേയും, അധിദേവതകളേയും ദിക്കുകളുടെ ആധിപത്യത്തേയും, ശുഭപാപത്വാദിവിഭാഗങ്ങളേയും പറയുന്നു

വര്‍ണ്ണാസ്താമ്രസിതാതിരക്തഹരിതവ്യാപീത ചിത്രാസിതാ
വഹ്ന്യംബ്വഗ്നിജകേശവേന്ദ്രശചികാസ്സൂര്യാദിനാഥാഃ ക്രമാത്
പ്രാഗാദ്യാ രവിശുക്രലോഹിതതമസ്സൗരേന്ദുവിത്സൂരയഃ
ക്ഷീണേന്ദ്വര്‍ക്കമഹീസുതാര്‍ക്കതനയാഃ പാപാ ബുധസ്‌തൈര്യുതഃ

സാരം :-

ആദിത്യന്‍ ചെമ്പ് നിറത്തിന്‍റെയും, ചന്ദ്രന്‍ വെളുപ്പിന്‍റെയും, ചൊവ്വ കടും ചുവപ്പിന്‍റെയും, ബുധന്‍ തത്തയുടെ നിറം പോലെയുള്ള പച്ചനിറത്തിന്‍റെയും, വ്യാഴം മഞ്ഞയുടേയും, ശുക്രന്‍ നാനാവര്‍ണ്ണത്തിന്‍റെയും ശനി കറുപ്പിന്‍റെയും കാരകന്മാരാകുന്നു. ഗ്രഹങ്ങളെക്കൊണ്ട് വല്ല പദാര്‍ത്ഥങ്ങളുടേയും വര്‍ണ്ണങ്ങളെ (നിറം) പറയേണ്ടിവരുമ്പോള്‍ ഈ പറഞ്ഞപ്രകാരമാണ് ചിന്തിയ്ക്കേണ്ടത്.

ആദിത്യന്‍റെ അധിദേവത അഗ്നിയും, ചന്ദ്രന്‍റെ ജലവും, ചൊവ്വയുടെ സുബ്രഹ്മണ്യനും, ബുധന്‍റെ വിഷ്ണുവും, വ്യാഴത്തിന്‍റെ ഇന്ദ്രനും, ശുക്രന്‍റെ ഇന്ദ്രാണിയും (ഇന്ദ്രാണി എന്നതിന് മായാമൂലപ്രകൃതി എന്നാണ് താല്പര്യം. "അന്നപൂര്‍ണ്ണേശ്വരീ ലക്ഷ്മി" എന്ന പ്രമാണവും കണ്ടിട്ടുണ്ട്.) ശനിയുടെ അധിദേവത ബ്രാഹ്മാവുമാകുന്നു. ചാരവശാല്‍ ഗ്രഹപ്പിഴയുള്ള കാലത്ത്, അതിന്‍റെ നിവൃത്തിയ്ക്കായി, അതാത് ഗ്രഹത്തിന് മേല്‍പറഞ്ഞ പ്രകാരമുള്ള ദേവതകളെയാണ് അര്‍ച്ചന നമസ്കാരം മുതലായതുകളേക്കൊണ്ട് പൂജിയ്ക്കേണ്ടത്. ലഗ്നാല്‍ ഒമ്പതാം ഭാവാധിപന്‍റെയോ അല്ലെങ്കില്‍ ബലവും ഇഷ്ടസ്ഥിതിയുമുള്ള മറ്റേതെങ്കിലും ഗ്രഹത്തിന്‍റെയോ അധിദേവതയെ ഇഷ്ടദൈവമാക്കി സേവിയ്ക്കുന്നത് സമ്പല്‍ക്കരവും മറ്റുമാണെന്നും പറയാവുന്നതാണ്.

സൂര്യന്‍ കിഴക്കിന്‍റെയും, ശുക്രന്‍ അഗ്നികോണിന്‍റെയും, ചൊവ്വ തെക്കിന്‍റെയും, രാഹു നിരൃതികോണിന്‍റെയും, ശനി പടിഞ്ഞാറിന്‍റെയും ചന്ദ്രന്‍ വായുകോണിന്‍റെയും, ബുധന്‍ വടക്കിന്‍റെയും, വ്യാഴം ഈശാനകോണിന്‍റെയും അധിപന്മാരാകുന്നു. സുതികാഗൃഹത്തിന്‍റെ ദ്വാരം ലക്ഷണരൂപേണ പറയേണ്ടി വന്നാല്‍ കേന്ദ്രസ്ഥന്മാരായ ഗ്രഹങ്ങളുടെ ദിക്കിലോക്കെയും ദ്വാരമുണ്ടെന്ന് പറയാവുന്നതാണ്. "ദ്വാരം ച തദ്വാസ്തുനി കേന്ദ്രസംസ്ഥേ" എന്നുണ്ട്. ഗ്രഹങ്ങളേക്കൊണ്ട് ദിക്ക് പറയേണ്ടിവരുമ്പോളോക്കെയും ഇതുകൊണ്ട് പറയാവുന്നതുമാണ്.

ക്ഷീണചന്ദ്രന്‍, ആദിത്യന്‍, ചൊവ്വ, ശനി ഇവര്‍ ക്രമത്തില്‍ അധികമധികം പാപന്മാരാകുന്നു. ചന്ദ്രന് ഉള്ളേതിലും ക്ഷീണത കറുത്ത ചതുര്‍ദ്ദശി, വാവ് ഈ ദിവസങ്ങളിലാകുന്നുവെന്നും ധരിയ്ക്കുക. ബുധന്‍ മേല്‍പറഞ്ഞ പാപന്മാരോട് കൂടിയാല്‍ പാപനായിത്തീരും. അപ്പോള്‍ കേവലം ബുധനും ബലവാനായ ചന്ദ്രനും ഗുരുശുക്രന്മാരും ശുഭന്മാരാണെന്നു വന്നു. ഇവിടെ ശുഭന്‍ എന്നതിന് ശുഭഫലസൂചകനെന്നും പാപന്‍ എന്നതിന് പാപഫലസൂചകനെന്നും പറയേണ്ടതാണ്.

ജാതകപ്രശ്നാദികളില്‍ ശുഭഗ്രഹങ്ങള്‍ക്ക്‌ ബലമുണ്ടായാല്‍ സദാചാരം, സത്വഗുണം, ബലം, നിര്‍മ്മലത, സൗന്ദര്യം, തേജസ്സ്, ഉപകാരസ്മരണ, ബ്രാഹ്മണഭക്തി, നല്ലവസ്ത്രങ്ങളിലും സുഗന്ധദ്രവ്യങ്ങളിലും മറ്റും അഭിരുചി ഈവക സല്‍ഗുണങ്ങളും പാപന്മാര്‍ ബലവാന്മാരായാല്‍ അത്യാഗ്രഹം, നിന്ദ്യകര്‍മ്മങ്ങളില്‍ ആസക്തി, സ്വാര്‍ത്ഥപരത, സജ്ജനദ്വേഷം, അറിവില്ലായ്മ, ക്രൂരത്വം, എല്ലായ്പോഴും ഹിംസാരുചി, മലിനവേഷം, ഉപകാരത്തെ മറക്കുക ഈ വക ദുര്‍ഗ്ഗണങ്ങളും ഉണ്ടായിരിയ്ക്കുന്നതാണ്. സകല ഭാവഫലങ്ങളേയും ശുഭന്മാര്‍ പോഷിപ്പിയ്ക്കുകയും പാപന്മാര്‍ നശിപ്പിയ്ക്കുകയും ചെയ്യും.

സൗമ്യഃ ശുഭാനി ഖലു ഭാവഫലാനി കുര്യു-
രന്യാനി ഹന്യുരപരേ വിപരീതമേവ- എന്നുണ്ട്. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.