വാസ്തുവിനെ നാല് ഖണ്ഡങ്ങളായി തിരിച്ച് അവയില്‍ ഈശ ഖണ്ഡത്തിലോ നിരൃതി ഖണ്ഡത്തിലോ മാത്രമേ ഗൃഹം നിര്‍മ്മിക്കാവു. ഇവയില്‍ വച്ച് താഴ്ന്ന ഖണ്ഡത്തിലാണ് ഗൃഹം നിര്‍മ്മിക്കേണ്ടത്.
ഗൃഹനിര്‍മ്മാണത്തിന് നിരൃതി ഖണ്ഡമോ ഈശ ഖണ്ഡമോ നിശ്ചയിച്ചതിനുശേഷം പറമ്പില്‍ വീഥിവിധാനം ചെയ്യണം. എന്നാല്‍ വാസ്തുവിന്റെ മധ്യഭാഗത്ത് വരുന്നത് ബ്രഹ്മവീഥിയും, അതിനടുത്ത് ഗണേശവീഥിയുമാണ്. ഗണേശവീഥിയുടെ അടുത്ത് പുറമേയുള്ള അഗ്നി വീഥിയില്‍ ഗൃഹം നിര്‍മ്മിക്കാന്‍ പാടില്ല. അതുകൊണ്ട് ഗൃഹം നിര്‍മ്മിക്കുന്നതിനുള്ള ഖണ്ഡത്തിലെ ബ്രഹ്മ ഗണേശ വീഥികളെ ഒന്നിച്ചുചേര്‍ത്ത് അവിടെയാണ് ഗൃഹത്തിന്റെ സ്ഥാനം നിര്‍ണ്ണയിക്കേണ്ടത്. വാസ്തുവിനെ എട്ട് അംഗങ്ങളാക്കിയതില്‍ ഒരു ഭാഗമോ, ഒമ്പത് അംഗങ്ങളാക്കിയതില്‍ ഒന്നര ഭാഗമോ പത്ത് അംഗങ്ങളാക്കിയത്തില്‍ രണ്ടു ഭാഗങ്ങളോ ബ്രഹ്മ യമ സൂത്രങ്ങളില്‍ നിന്ന് അങ്കണമദ്ധ്യത്തിലേയ്ക്ക് അകലം ഉണ്ടായിരിക്കേണ്ടതാണ്.
വാസ്തുവിന് വലിപ്പം കുറവാണെങ്കില്‍ ഈ രണ്ടു വീഥികളിലും (ബ്രഹ്മ ഗണേശ വീഥികളില്‍) തന്നെ ഗൃഹം ഒതുങ്ങാതെ വരുന്നതുകൊണ്ട് അഗ്നിവീഥിയുടെ ദോഷം ജലവീഥികൊണ്ട് തീരുന്നതുകൊണ്ടും ബ്രഹ്മവീതി, ഗണേശവീഥി, അഗ്നിവീഥി, ജലവീഥി എന്നീ നാല് വീഥികളും കൂട്ടിച്ചേര്‍ത്തുവേണം ഗൃഹത്തിന്റെ സ്ഥാനം നിര്‍ണ്ണയിക്കാന്‍. ഇതുകൊണ്ട് മതിയാകാതെ വരുന്നിടത്ത് ഒരു ഖണ്ഡം മുഴുവന്‍ സ്വീകരിക്കണം. അങ്ങിനെ ഒരു ഖണ്ഡം മുഴുവന്‍ സ്വീകരിക്കുന്ന പക്ഷം പിശാച വീഥി ഒഴിച്ചുകളയേണ്ടതാണ്. ഇതിലും ചെറുതായി വരുന്നിടത്ത് വാസ്തുവിന്റെ മദ്ധ്യത്തില്‍ നിന്നും നിരൃതി ഖണ്ഡത്തിലേയ്ക്കോ ഈശ ഖണ്ഡത്തിലേയ്ക്കോ അങ്കണമദ്ധ്യത്തെ അല്പം നീക്കി ഗൃഹമുണ്ടാക്കാമെന്ന് മുമ്പ് പ്രതിപാദിച്ചിട്ടുള്ളത്.
ഇപ്രകാരം നിശ്ചയിച്ച സ്ഥാനങ്ങളില്‍ വാസ്തുപുരുഷന്റെയും വാസ്തുദേവതകളുടേയും സ്ഥാനങ്ങളും കൂടി കല്പിച്ചു കൊള്ളണം.