കേതുദശയിലെ അപഹാരഫലം
കേതുദശയില്‍ കേതുവിന്റെ സ്വാപഹാരകാലം ശത്രുക്കളുമായി വാദപ്രതിവാദവും കലഹവും, ബന്ധുക്കളുടെ വിരോധവും, സ്വജനങ്ങള്‍ക്ക് അരിഷ്ടതയും ജ്വരാദിരോഗങ്ങളെക്കൊണ്ട് ദേഹപീഡയും, അന്യഗൃഹവാസവും, ധനനാശവും, പലപ്രകാരമുള്ള ദുഃഖങ്ങള്‍ അനുഭവിക്കുകയും അനിഷ്ടമായ കഥകള്‍ കേള്‍ക്കാനിടവരുകയും ഫലം.
കേതുദശയില്‍ ശുക്രന്റെ അപഹാരകാലം ഗുരുക്കന്മാരുടെയും ബന്ധുക്കളുടെയും ഭാര്യാപുത്രാദികളുടെയും വിരോധവും, സ്ത്രീപ്രജാലാഭവും, കാര്യാദികളില്‍ പരാജയവും, അന്യന്മാര്‍ക്കു ദുഃഖത്തെ ഉണ്ടാക്കുകയും, ശത്രുക്കളില്‍ ഉപദ്രവവും, തനിക്കും ബന്ധുക്കള്‍ക്കും രോഗാരിഷ്ടതകളും ഭവിക്കും.
കേതുദശയില്‍ ആദിത്യന്റെ അപഹാരകാലം ഗുരുജനങ്ങള്‍ക്ക് മരണവും, ജ്വരാദിരോഗവും, സ്വജനവിരോധവും, അന്യദേശഗമനംകൊണ്ടുള്ള ധനലാഭവും, രാജഭയവും, കലഹവും, കഫവാതാദികോപവും, കാര്യാദികള്‍ക്ക് വിഘ്നവും ഭവിക്കും.
കേതുദശയില്‍ ചന്ദ്രന്റെ അപഹാരാകാലം വളരെ ധനം ലഭിക്കുകയും, അതുപോലെതന്നെ അവ നശിക്കുകയും, പുത്രവിരഹവും അനേകം ദുഃഖങ്ങളും, ഭാര്യാപുത്രാദികള്‍ക്കും ഭൃത്യന്മാര്‍ക്ക് ക്ലേശവും രോഗാദ്യുപദ്രവങ്ങളും, നാല്‍ക്കാലിഭയവും അഥവാ അവിചാരിതമായ ആപത്തുകളും ഭവിക്കും.
കേതുദശയില്‍ കുജന്റെ അപഹാരകാലം സ്വജനകലഹവും, ബന്ധുക്കളുടെ നാശവും, ശത്രുഭയവും, വിഷഭയവും അഗ്നിഭയവും, രാജഭയവും ഉണ്ടാവുകയും ശരീരത്തിന് പലവിധത്തിലുള്ള രോഗങ്ങളെക്കൊണ്ടുള്ള പീഡയും ഭവിക്കും.
കേതുദശയില്‍ രാഹുവിന്റെ അപഹാരകാലം ദുര്‍ജ്ജനങ്ങളോടും ശത്രുക്കളോടും കലഹവും, വാദപ്രതിവാദങ്ങളും, രാജകോപവും വിഷഭീതി ശത്രുഭീതി മുതലായതുകളും, കാര്യാദികള്‍ക്ക് തടസ്സങ്ങളും, പലവിധത്തിലുള്ള അനിഷ്ടഫലങ്ങളും, രോഗാദ്യുപദ്രവങ്ങളും ഭവിക്കും.
കേതുദശയില്‍ വ്യാഴത്തിന്റെ അപഹാരകാലം സല്‍പുത്രസിദ്ധിയും, ദൈവപൂജയും, ഭൂമ്യാദിദ്രവ്യങ്ങളും, പ്രശസ്തങ്ങളായ കാഴ്ചദ്രവ്യങ്ങളും ലഭിക്കുകയും, വലിയ ധനസമ്പത്തും, സുഖവും, രാജപ്രസാദവും ലഭിക്കുകയും ഫലം.
കേതുദശയില്‍ ശനിയുടെ അപഹാരകാലം ഭൃത്യനാശവും, അന്യന്മാരില്‍നിന്നു ഉപദ്രവവും ശത്രുക്കളോടും ബന്ധുക്കളോടും വിരോധവും, അംഗഭംഗവും, ധനനാശവും, സ്ഥാനഭ്രംശവും, അന്യദേശവാസവും, പലവിധത്തിലുള്ള മനോദുരിതങ്ങളും ഭവിക്കും.
കേതുദശയില്‍ ബുധന്റെ അപഹാരകാലം ബന്ധുക്കളുടെ ചേര്‍ച്ചയും, പുത്രജനനവും, പ്രഭുജനങ്ങളില്‍ നിന്ന് ബഹുമതിയും, ഭൂമ്യാദിധനലാഭവും, ശത്രുക്കളില്‍ നിന്ന് ഭയവും, വിദ്യാഭ്യാസഗുണവും, നാല്‍ക്കാലികള്‍ക്കും കൃഷികാര്യങ്ങള്‍ക്കും നാശവും ഭവിക്കും.
ശുക്രദശയിലെ അപഹാരഫലം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ശുക്രദശയിലെ അപഹാരഫലം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.