സ്ഥാപിക്കുന്നതിന് മുമ്പ് കട്ടിള കഴുകി വൃത്തിയാക്കി, ചന്ദനവും കുങ്കുമവും പൂശി, പുഷ്പങ്ങളും തോരണങ്ങളും കൊണ്ട് അലങ്കരിക്കണം. എന്നിട്ട്, വാതിലിനു സ്ഥാനം കണ്ട സ്ഥലത്ത് കട്ടിള കൊണ്ട് ചെന്ന് വച്ചശേഷം, കിഴക്കോട്ട് അല്ലെങ്കില്‍ വടക്കോട്ട് നോക്കിക്കൊണ്ട് പ്രധാന മേസ്തിരി ഒരു ചെറിയ പൂജ നടത്തണം.
കട്ടിള അല്ലെങ്കില്‍ വാതിലിന്‍റെ ചട്ടക്കൂട് സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലത്ത്, അതിന്‍റെ മദ്ധ്യത്തില്‍ ഒരു ചെറിയ ദ്വാരമുണ്ടാക്കി അതിനുള്ളില്‍ രത്നകല്ലുകള്‍, പഞ്ചലോഹതുണ്ടുകള്‍, ചില്ലറ നാണയങ്ങള്‍ എന്നിവ വസ്തുവിന്‍റെ ഉടമയോ അദ്ദേഹത്തിന്‍റെ ഭാര്യയോ നിക്ഷേപിക്കണം. എന്നിട്ട് അവിടെ നല്ലതുപോലെ പ്ലാസ്റ്റര്‍ ചെയ്ത് അടയ്ക്കണം. പ്രധാന കവാടത്തിന്‍റെ മദ്ധ്യത്തില്‍, കട്ടിളയ്ക്കടിയില്‍ നിന്നും ഈ വസ്തുക്കള്‍ അനുകൂല ഊര്‍ജ്ജം പുറപ്പെടുവിച്ച് പ്രധാനവാതിലിലൂടെ വീടിനകത്തേയ്ക്ക് കടത്തിവിടും. ഇത് താമസക്കാര്‍ക്ക് നല്ല ഗുണങ്ങള്‍ ചെയ്യും.
മേല്‍പറഞ്ഞവ കഴിയുമ്പോള്‍ വസ്തുവിന്‍റെ ഉടമകളെല്ലാവരും വാതിലിന്‍റെ ചട്ടക്കൂടിനെ അഥവാ കട്ടിളയെ പൂജിക്കണം. പ്രധാന കവാടം നിശ്ചിത സ്ഥലത്ത് സ്ഥാപിക്കുന്നതിന് എല്ലാ കുടുംബാംഗങ്ങളും ചേര്‍ന്ന് മേസ്തിരിയെ സഹായിക്കണം. കട്ടിള സ്ഥാപിച്ചു കഴിഞ്ഞാല്‍ കുടത്തില്‍ വെള്ളവുമായി മൂന്നോ അഞ്ചോ സുമംഗലികളായ സ്ത്രീകളെ മൂന്നു പ്രാവശ്യം അകത്തേയ്ക്ക് കടത്തിവിടണം. ഇതോടെ ചടങ്ങ് പൂര്‍ത്തിയായി.