കേള്‍ക്കുമ്പോള്‍ ഒരു പഴഞ്ചന്‍ ഏര്‍പ്പാടെന്നോ അന്ധവിശ്വാസമെന്നോ ഒക്കെ തോന്നാവുന്ന ഒരു ചടങ്ങാണിത്. ഇതിനെ പഴമക്കാര്‍ ജാതകര്‍മ്മ സംസ്ക്കാരം എന്നാണ് വിളിച്ചു വന്നിരുന്നത്. ഇന്ന് പലയിടത്തും കാണാനില്ലാത്തതും എന്നാല്‍ ചിലരുടെയിടയില്‍ ഭക്തിബഹുമാനത്തോടെ നടത്തിവരുന്നതുമായ ഒന്നാണ് ജാതകര്‍മ്മം.
തണുപ്പേല്‍ക്കാത്ത സ്ഥലത്തിരുന്ന്, നല്ല ചിന്തകളോടെ, ശുദ്ധമായതും തണുപ്പ് മാറിയതുമായ വെള്ളം കൊണ്ട് കുഞ്ഞിനെ ആദ്യമായി കുളിപ്പിക്കണം. തുടര്‍ന്ന് ശുഭ്രവസ്ത്രത്തില്‍ പൊതിഞ്ഞ ശിശുവിനെ പിതാവിനെ ഏല്‍പ്പിക്കണം. ഏറ്റുവാങ്ങിയ കുഞ്ഞുമായി പിതാവ് നിലവിളക്കിനഭിമുഖമായി ഇരിക്കണം.
അതിനുശേഷം, നെയ്യും, തേനും തുല്യം കൂട്ടിച്ചേര്‍ത്ത് അതില്‍ സ്വര്‍ണ്ണവും ഉരച്ചമിശ്രിതം കൊണ്ട് പിതാവ് ശിശുവിന്‍റെ നാവില്‍ "ഓം" എന്നെഴുതണം. എന്നിട്ട്, കുഞ്ഞിനെ ആശീര്‍വദിക്കുകയും വേണം. ശിശു സത്യം പാലിക്കുന്നവനും പരിശുദ്ധിയുള്ളവനും മധുരമായി സംഭാഷണം ചെയ്യുന്നവനും ദീര്‍ഘായുസ്സുള്ളവനുമായിരിക്കണമെന്നാണ് പിതാവ് ആശീര്‍വദിക്കേണ്ടതെന്നും വിധിയുണ്ട്.
ഇങ്ങനെ ചെയ്തതിനുശേഷം മാതാവിന്‍റെ ശരീരത്തിലും ശിശുവിന്‍റെ ശരീരത്തിലും ഗൃഹത്തിലും തീര്‍ത്ഥം തളിക്കണം. സ്വര്‍ണ്ണത്തെ സത്യത്തിന്‍റെയും നെയ്യ് പരിശുദ്ധിയുടേയും തേന്‍ മധുരസംഭാഷണത്തിന്‍റെയും പ്രതീകമെന്നാണ് വിശ്വാസം. ഇവ മൂന്നും ഒരു ശിശുവില്‍ ഗുണകരമായ മാറ്റം വരുത്തുമെന്ന് ശാസ്ത്രവും സമ്മതിക്കുന്നു.