ലഗ്നാരൂഢർക്ഷയോരസ്തം യദാർക്കഃ ശത്രുനീചഗഃ
ന പശ്യതി പിതാ പുംസോ നാസ്തി മാതാ ശശീ യദി. ഇതി.
സാരം :-
ഉദയാരൂഢങ്ങളുടെ ഏഴാം ഭാവങ്ങൾ ഭർത്തൃലഗ്നങ്ങളാണല്ലോ. ഈ ഭർത്തൃ ലഗ്നങ്ങളിൽ സൂര്യദൃഷ്ടിവരരുത്. സൂര്യൻ ശത്രുക്ഷേത്രത്തിലോ നീചത്തിലോ നിൽക്കുകയും വേണം. ഇങ്ങനെ വന്നാൽ പുരുഷന്റെ അച്ഛൻ ഇപ്പോൾ ഇല്ലെന്നു പറയണം. ഇതുപോലെ ചന്ദ്രന്റെ സ്ഥിതി നീചത്തിലോ, ശത്രുക്ഷേത്രത്തിലോ വരികയും ഭർത്തൃലഗ്നത്തിൽ (ഉദയാരൂഢങ്ങളുടെ ഏഴാം ഭാവത്തിൽ) ചന്ദ്രദൃഷ്ടി ഇല്ലാതിരിക്കുകയും ചെയ്‌താൽ വരനു (ഭർത്താവിനു) മാതാവില്ലെന്നും പറയണം. ഇവിടെ കാരകഗ്രഹങ്ങൾക്കു നീചവും ശത്രുക്ഷേത്രസ്ഥിതിയുമാണ് ദോഷങ്ങളായി കല്പിച്ചിരിക്കുന്നത്. മൌഢ്യ൦, പാപമദ്ധ്യസ്ഥിതി മുതലായ ദോഷങ്ങളും യുക്തിപോലെ ചിന്തിക്കേണ്ടതാണ്.
അഥവാ ഈ യോഗം ഉണ്ടായാൽ തന്നെയും വ്യാഴദൃഷ്ടി ഉണ്ടെങ്കിൽ ഇതുപറയാൻ പാടില്ലെന്ന് " ദൃഷ്‌ടേƒമരരാജമന്ത്രിണാദീർഘായുഃ സുഖഭാക്ചസസ്മൃതഃ " എന്ന ഹോരാവാക്യംകൊണ്ടു ഗ്രഹിക്കേണ്ടതാണ്. ദൃഷ്ടി എന്നുള്ളതുകൊണ്ടു പൂർണ്ണദൃഷ്ടിയെയാണ് വിവക്ഷിച്ചിരിക്കുന്നതെന്ന് പ്രത്യേകം ഗ്രഹിക്കേണ്ടതാണ്. അല്പദൃഷ്ടി ഉണ്ടായിരുന്നാൽ ഈ യോഗം പറയാൻ പാടില്ലെന്നു സാരം.