പൃഥുലചിപിടകൂർമ്മതുല്യവക്ത്ര-
ശ്ശ്വമൃഗവരാഹസൃഗാലഭീതികാരീ
അവതി ച മലയാകരപ്രദേശം
മൃഗപതിരന്ത്യഗതശ്ച വൃശ്ചികസ്യ.
സാരം :-
വൃശ്ചികാന്ത്യദ്രേക്കാണം, അവിലുപോലെ പതിഞ്ഞ മൂക്കോടും ആമ പോലെ വൃത്താകൃതിയിലും വലിയതുമായ മനുഷ്യമുഖത്തോടും കഴുത്തു മുതൽ കീഴ്ഭാഗം വരെ സിംഹത്തിന്റെതുപോലെയുമിരിയ്ക്കുന്ന ഒരു സത്വവിശേഷത്തിന്റെതാകുന്നു. ഈ നരസിംഹം മലയപർവ്വതത്തിലുള്ള ചന്ദനക്കാട്ടിൽ ശ്വാക്കൾ മാൻവർഗ്ഗങ്ങൾ പന്നികൾ കുറുക്കന്മാർ ഇത്യാദികളെ ഭയപ്പെടുത്തിക്കൊണ്ടു ആ കാടിനെ രക്ഷിച്ചിരിയ്ക്കുകയുമാണ്. ഇതു ചതുഷ്പാദ്രേക്കാണവും മുഖം മനുഷ്യന്റേതുപോലെയാകയാൽ മാനുഷവും ആരണ്യദ്രേക്കാണവുമാണെന്നറിയുക. ആകര ശബ്ദത്തിനു വിളവുനിലം എന്നാണല്ലോ അർത്ഥം. അപ്പോൾ " മലയാകര " ശബ്ദത്തിനു ചന്ദനവൃക്ഷങ്ങൾ ധാരാളമുണ്ടാവുന്ന സ്ഥലം അതായതു മലയപർവ്വതം എന്നർത്ഥവും സിദ്ധിച്ചു. മലയപർവ്വതത്തിന്റെ ഭൂഭാഗത്തെ രക്ഷിയ്ക്കുന്നു എന്നും പറയുന്നതിനേക്കാൾ ലക്ഷണയാ അവിടെയുള്ള ചന്ദനക്കാടിനെ രക്ഷിയ്ക്കുന്നു എന്നു പറയുന്നതു അധികം ഉപപന്നമാകയാൽ അങ്ങിനെ വ്യാഖ്യാനിച്ചതുമാണ്.