വസ്ത്രൈർവ്വിഹീനാഭരണൈശ്ച നാരീ
മഹാസമുദ്രാൽ സമുപൈതി കൂലം
സ്ഥാനച്യുതാ സർപ്പനിബദ്ധപാദാ
മനോരമാ വൃശ്ചികരാശിപൂർവ്വഃ
സാരം :-
വൃശ്ചികാദ്യദ്രേക്കാണസ്വരൂപം, ഉടുപ്പ് ഉത്തരീയം മുതലായ ഒരു വസ്ത്രവും ഒരാഭരണവുമില്ലാതേയും കാലുകളിന്മേൽ പാമ്പുകളെക്കൊണ്ടു കെട്ടിയും സ്വസ്ഥാനഭ്രഷ്ടയായും മനോഹരശരീരത്തോടുകൂടിയുമിരിയ്ക്കുന്ന ഒരു സ്ത്രീരൂപമാണ്. ഇവൾ സമുദ്രമദ്ധ്യത്തിൽ നിന്ന് കരയ്ക്ക് കയറിവരികയുമാണ്. സ്ഥാനഭ്രംശം നിമിത്തം സകല വസ്ത്രാഭരണങ്ങളും നശിച്ചു സമുദ്രമദ്ധ്യത്തിൽ ചെന്നുവീണു, അഥവാ വീഴ്ത്തി അവിടെ നിന്നു പണിപ്പെട്ടു കരയ്ക്കു കയറി വരികയാണ് ഈ സ്ത്രീ, എന്നാണു മുകളിൽ പറഞ്ഞതുകൊണ്ടു തോന്നുക എന്നും അറിയുക. ഇതു സ്ത്രീദ്രേക്കാണവും സർപ്പദ്രേക്കാണവുമാണെന്നും അറിയേണ്ടതുണ്ട്.