ദസ്രാൽ ത്രികം ത്രികം കല്പ്യം ത്ര്യംഗുലീഷു ക്രമോൽക്രമാൽ
ഏകാംഗുലിഗതേ വർജ്ജ്യേ ദമ്പത്യോർജന്മതാരകേ.
മദ്ധ്യാംഗുലീഗതേ തേ ചേന്മൃതിവൈരാദികാരികേ. ഇതി.
സാരം :-
അശ്വതി മുതൽ മുമ്മൂന്നു നക്ഷത്രങ്ങളെ ക്രമത്താലേയും ഉൽക്രമത്താലേയും മൂന്നു വിരലുകളിൽ കല്പിക്കുക. (അശ്വതി ഒന്നാം വിരലിൽ ഭരണി രണ്ടാം വിരലിൽ, കാർത്തിക മൂന്നാം വിരലിൽ. പിന്നെ രോഹിണി മൂന്നാം വിരലിൽ. മകീര്യം രണ്ടാം വിരലിൽ, തിരുവാതിര ഒന്നാം വിരലിൽ. പിന്നെ പുണർതം ഒന്നാം വിരലിൽ ഇങ്ങനെ കണ്ടുകൊൾക.) സ്ത്രീപുരുഷന്മാർ രണ്ടുപേരുടേയും നക്ഷത്രങ്ങൾ ഒരു വിരലിൽ വന്നാൽ വർജ്ജിക്കേണ്ടതാണ്. സ്ത്രീപുരുഷന്മാർ രണ്ടുപേരുടേയും നക്ഷത്രങ്ങൾ രണ്ടാമത്തെ വിരലിൽ യോജിച്ചുവന്നാൽ മരണം വിരോധം മുതലായ ആപത്തുകൾ സംഭവിക്കും.
മദ്ധ്യവിരലിൽ സ്ത്രീപുരുഷന്മാരുടെ നക്ഷത്രങ്ങൾ ഒരുമിച്ചു വരുന്നത് മദ്ധ്യമരജ്ജു എന്നും മറ്റു രണ്ടു വിരലുകളിൽ യോജിച്ചുവരുന്നതു രജ്ജു എന്നും പറയപ്പെടുന്നു. മദ്ധ്യമരജ്ജു അത്യാപത്തിനേയും രജ്ജു ആപത്തിനേയും ചെയ്യും.
അശ്വതി, തിരുവാതിര പുണർതം ഉത്രം അത്തം തൃക്കേട്ട മൂലം ചതയം പൂരോരുട്ടാതി എന്നീ നക്ഷത്രങ്ങളിൽ സ്ത്രീപുരുഷമാരുടെ നക്ഷത്രങ്ങൾ വന്നാൽ വർജ്ജ്യം.
ഭരണി, മകീര്യം പൂയം പൂരം ചിത്തിര, അനിഴം പൂരാടം അവിട്ടം ഉത്രട്ടാതി എന്നീ നക്ഷത്രങ്ങളിൽ സ്ത്രീപുരുഷന്മാരുടെ നക്ഷത്രങ്ങൾ വന്നാൽ മരണവൈരാദിഫലം അനുഭവിക്കും. (മദ്ധ്യമരജ്ജു ദോഷം)
ശേഷം നക്ഷത്രങ്ങളിൽ സ്ത്രീപുരുഷന്മാരുടെ നക്ഷത്രങ്ങൾ വന്നാൽ വർജ്ജ്യം.
ഇങ്ങനെയാണ് രജ്ജുപ്പൊരുത്തമെന്ന ദോഷത്തെ ചിന്തിപ്പാനുള്ള വഴി. ഇങ്ങനെയാണ് മുഹൂർത്തരത്നവചനം.