സ്ഥാനസുഖാന്യഭിവാഞ്ഛതി നാരീ
ഭർത്തൃകൃതേ ഭുജഗാവൃതദേഹാ
കച്ഛപകുംഭസമാനശരീരാ
വൃശ്ചികമദ്ധ്യമരൂപമുശന്തി.
സാരം :-
വൃശ്ചികം രാശിയുടെ മദ്ധ്യദ്രേക്കാണസ്വരൂപം, ദേഹമാസകലം പാമ്പുകൾ ചുറ്റിയും ആമയുടേതുപോലെ വൃത്താകൃതിയിലുള്ള - കഴുത്ത് കയ്യ് തുട കണംകാല് ഇത്യാദ്യവയവങ്ങളൊക്കെ ഉരുണ്ടതാണെന്നു സാരം - ദേഹത്തോടും കുടം പോലെ വലിയ വയറോടും കൂടിയ ഒരു സ്ത്രീരൂപമാകുന്നു എന്നാണു തദഭിജ്ഞന്മാരായ വിദ്വാന്മാർ പറയുന്നത്. ഈ സ്ത്രീയാകട്ടെ സ്വഭർത്താവിനു വേണ്ടി നല്ലൊരു സ്ഥാന - ഇരിപ്പിട - വും സുഖവും കിട്ടിയാൽ കൊള്ളാമെന്നാഗ്രഹിയ്ക്കുന്നതുമുണ്ട്. ഇതു സ്ത്രീദ്രേക്കാണവും സർപ്പസഹിതദ്രേക്കാണവുമാണ്.