വീഥ്യന്തരാപണഗതഃ പുരുഷസ്തുലാവാ-
നുന്മാനമാനകുശലഃ പ്രതിമാനഹസ്തഃ
ഭാണ്ഡം വിചിന്തയതി തസ്യ ച മൂല്യമേത-
ദ്രൂപം വദന്തി യവനാഃ പ്രഥമംതുലായാഃ
തുലാം രാശിയുടെ ഒന്നാം ദ്രേക്കാണസ്വരൂപം, രാജവീഥിയുടെ ഉൾഭാഗത്തുള്ള അങ്ങാടിപ്പീടികയിൽ തൂക്കുവാനുള്ള തട തുലാസ്സ് ഇവയോടും തൂക്കം കണക്കാക്കുവാനുള്ള കട്ടികളോടും കൂടിയവനും, തൂക്കം അളവ് മുതലായവയിൽ സമർത്ഥനും ഈ മൂലസാധനത്തെ ആർക്കാണു വില്ക്കേണ്ടതെന്നും വിചാരിച്ചുംകൊണ്ടിരിയ്ക്കുന്നവനുമായ ഒരു പുരുഷന്റെതാകുന്നു എന്നാണു യവനാചാര്യന്മാർ പറഞ്ഞിട്ടുള്ളത്. ഇത് പുരുഷദ്രേക്കാണവും നാഗരവുമാണെന്നും അറിയണം. " കസ്യവിപണ്യമേതത് " എന്നതിനു പകരം "തസ്യ ച മൂല്യമേതത് " എന്ന് ഒരു പാഠാന്തരമുണ്ട്. എന്നാൽ ഇനി എന്തൊന്നാണ് വില്പനയ്ക്കു വെയ്ക്കേണ്ടത്, അതെന്തു വിലയ്ക്കു വില്ക്കാം. എന്തു ലാഭമുണ്ടാവും? എന്നും മറ്റും ആലോചിച്ചുകൊണ്ടിരിയ്ക്കയാണ് എന്നാണിതിന്നർത്ഥമെന്നും അറിയുക.