മൃഗപൊരുത്തം

വാജീഭാജവധൂരഗാഹിസരമാമാർജാരബസ്താഖുഭുങ്-
മൂഷാഖൂഷ്ട്രലുലായസിംഹമഹിഷവ്യാഘ്രൈണസാരംഗികാഃ
കൗലേയപ്ലവഗോക്ഷവാനരമഹിഷ്യശ്വാംഗനാഗോദ്വിപാ
ഭാനാം യോനിരുദാഹൃതാ പ്രകൃതിതസ്താസ്വാനുകൂല്യം ശുഭം.

സാരം :-

അശ്വതി നക്ഷത്രം തുടങ്ങി ഇരുപത്തേഴുനക്ഷത്രങ്ങൾക്ക് ക്രമേണ കുതിര, ആന, പെണ്ണാട്, സർപ്പം, സർപ്പം, ശ്വാവ്, പൂച്ച, ആട്, പൂച്ച, എലി, എലി, ഒട്ടകം, പോത്ത്, സിംഹം, പോത്ത്, വ്രാഘ്രം (പുലി), മാൻ, പേടമാൻ, ശ്വാവ്, വാനരം, കാള, വാനരം, എരുമ, കുതിര, മനുഷ്യസ്ത്രീ, പശു, ആന എന്നിങ്ങനെ ഇരുപത്തേഴു യോനികളാകുന്നു. ശീലംകൊണ്ടു യോജിപ്പുള്ള മൃഗങ്ങളുടെ നക്ഷത്രങ്ങൾ സ്ത്രീപുരുഷന്മാരുടെ നക്ഷത്രങ്ങളായി വന്നാൽ അവർ തമ്മിൽ യോജിപ്പും പകയുളള മൃഗങ്ങളുടെ നാളുകളായി വന്നാൽ അവർ തമ്മിൽ ഐക്യക്കുറവും ഫലമാകുന്നു. പരമശത്രുക്കളായ മൃഗങ്ങളുടെ നക്ഷത്രങ്ങൾ സ്ത്രീപുരുഷന്മാരുടെ നക്ഷത്രങ്ങളായി വന്നാൽ വർജ്ജിക്കേണ്ടതാണ്.

---------------------------------------------

ഗജാശ്വഗോനരാ ഋശ്യോ ബസ്തകശ്ച വിലാളകഃ
അന്യോന്യശുഭദാസ്ത്വേതേ വ്യാഘ്രസർപൗ മൃതിപ്രദൗ.

സാരം :-

മൃഗപൊരുത്തത്തിൽ സ്ത്രീപുരുഷന്മാരുടെ നക്ഷത്രങ്ങൾക്ക് ആന, കുതിര, പശു, മനുഷ്യസ്ത്രീ, മാൻ, ആട്‌, പെണ്ണാട്, പൂച്ച, ഈവക യോനികളായിരുന്നാൽ അന്യോന്യം പകയില്ല. അതുകൊണ്ട് ശോഭനമാണ്. (വിവാഹത്തിനു ശുഭമാണ്‌).

മൃഗപൊരുത്തത്തിൽ സ്ത്രീപുരുഷന്മാരുടെ നക്ഷത്രങ്ങൾ പുലിയും സർപ്പവും ആയാൽ മരണം തന്നെ സംഭവിക്കും.

----------------------------------------------

വിലാളഭുജഗൗ ശ്വാഖൂ പരസ്പരവിരോധിനൗ
മഹിഷാശ്വൗ മിഥഃ ശത്രൂഃ സർവത്ര ശുഭദോ ഹരിഃ

ശ്വാഖുമാർജാരശാർദൂലസർപ്പാ അന്യോന്യശത്രവഃ. - ഇതി

സാരം :-

സ്ത്രീപുരുഷന്മാരുടെ നക്ഷത്രങ്ങൾകൊണ്ട് മൃഗപൊരുത്തം പറയുമ്പോൾ പൂച്ചയും ശ്വാവും തമ്മിലും എലിയും പാമ്പും തമ്മിലും  പോത്തും കുതിരയും തമ്മിലും ശത്രുക്കളാണെന്നും അതിനാൽ അവരെ അന്യോന്യം ചേർക്കുന്നതു വിഹിതമല്ലെന്നും അറിയണം. സിംഹം മറ്റേതു മൃഗങ്ങളോടു (യോനികളോടു) ചേർന്നാലും ശോഭനം തന്നെ. ശ്വാവ്, എലി, പൂച്ച, പുലി, പാമ്പ്, എന്നിവ തമ്മിൽ ശത്രുക്കളാണ്. ഇതുകൊണ്ടാണ് ഇവതമ്മിൽ ചേർക്കാൻ പാടില്ലെന്നും പറഞ്ഞത്. ഇങ്ങനെയാണ് മുഹൂർത്തരത്നഗ്രന്ഥവചനം.

--------------------------------------------------

ശ്വാ ഗൗര്‍ന്നാ മഹിഷോ മൃഗാജകപയോ വ്യാഘ്രദ്വിഷോഥോ ശുനോ
ഗൗർബസ്തഃ പ്ലവഗോ മൃഗോപ്യഥ മിഥോ വൈര്യാഖുഭുങ്മൂഷികം
ഏണേഭം മഹിഷാശ്വമോതു, ഭുജഗം ഹസ്ത്യശ്വമാഖൂരഗം
യോന്യോരത്ര സുഹൃത്വമൈക്യമപി ച ശ്ലാഘ്യം വിരോധോƒശുഭഃ. - ഇതി.

സാരം :-

പശുവിനും പട്ടിക്കും മനുഷ്യസ്ത്രീക്കും പോത്തിനും മാനിനും ആടിനും വാനരത്തിനും വ്യാഘ്രം (പുലി) ശത്രുവാണ്.

പശു ആട് പെണ്ണാട് കുരങ്ങ് മാൻ ഈ അഞ്ചു യോനികളും (മൃഗങ്ങളും) ശ്വാവിന്റെ വിരോധികളാണ്.

എലിയും പൂച്ചയും തമ്മിൽ ശത്രുക്കൾ ആണ്.

മാനും ആനയും തമ്മിലും എലിയും സർപ്പവും തമ്മിലും കുതിരയും പോത്തും തമ്മിലും പൂച്ചയും സർപ്പവുമായും ശത്രുക്കളാണ്.

സ്ത്രീപുരുഷന്മാരുടെ നക്ഷത്രങ്ങൾകൊണ്ടു മൃഗങ്ങളെ ചിന്തിയ്ക്കുമ്പോൾ സ്ത്രീപുരുഷന്മാരുടെ നക്ഷത്രങ്ങൾ ഒരു മൃഗമായി വരുന്നതും അല്ലെങ്കിൽ അന്യോന്യം ബന്ധുത്വമുള്ള മൃഗങ്ങളായിരിക്കുന്നതും ശോഭനമാണ്.

സ്ത്രീപുരുഷന്മാരുടെ നക്ഷത്ര മൃഗങ്ങൾ തമ്മിൽ ശത്രുത വരുന്നത് അശുഭമാണ്.

ഇങ്ങനെയാണ് മാധവീയത്തിലെ അഭിപ്രായം.

------------------------------------------

ബാർഹസ്പത്യാദിഷു വ്യാഘ്രശ്ചിത്രായോനിരുദാഹൃതഃ
സിംഹോ മുഹൂർത്തരത്നേ തു പ്രഷ്ടവ്യാസ്തദ്വിപശ്ചിതഃ

സാരം :-

ചിത്തിര നക്ഷത്രത്തിന്റെ മൃഗം ബൃഹസ്പതി മുതലായവർക്ക് പുലിയാണെന്നും മുഹൂർത്തരത്നത്തിൽ സിംഹമാണെന്നും പറഞ്ഞുകാണുന്നു. ഇവിടെ വിദ്വാന്മാരുടെ അഭിപ്രായം അറിഞ്ഞു ചിന്തിച്ചുകൊള്ളണം. ബൃഹസ്പതിയുടെ അഭിപ്രായം അനുസരിച്ച് ചിത്തിര നക്ഷത്രത്തിന്റെ മൃഗം പുലി ആണെന്നുള്ളതാണ് ഇപ്പോൾ ആചാരത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളത്‌. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.