രാശിപൊരുത്തം

കന്യാജന്മർക്ഷതോ ദ്വിത്രിവേദബാണാംഗരാശിജഃ
വർജ്യോ ഗ്രാഹ്യോƒപരോ ഭിന്നനക്ഷത്രശ്ചൈകരാശിജഃ

സാരം :-

പൊരുത്ത ചിന്തയിൽ സ്ത്രീക്കാണ് പ്രാമാണ്യം.

കന്യക ജനിച്ച കൂറിൽനിന്ന് രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ് എന്നീ കൂറുകളിൽ ജനിച്ച പുരുഷനെ വർജ്ജിക്കേണ്ടതാണ്. രണ്ടുപേരുടേയും കൂറ് ഒന്നായിവന്നാൽ ദോഷമില്ല. പക്ഷെ നക്ഷത്രം ഒന്നായി വരരുത്. രണ്ടു നക്ഷത്രവും ഒരു കൂറും വരാമെന്നു താല്പര്യം. നക്ഷത്രം ഒന്നാണെങ്കിൽ കന്യക ജനിച്ചകൂറിൽ ജനിച്ച പുരുഷൻ മദ്ധ്യമനാകുന്നു.

കന്യക ജനിച്ച കൂറിൽനിന്നു ഏഴ് എട്ട് ഒമ്പത് പത്ത് പതിനൊന്ന് പന്ത്രണ്ട് എന്നീ കൂറുകളിൽ ജനിച്ച പുരുഷനെ സ്വീകരിക്കാം.


--------------------------------------

ഓജരാശിഭുവാം സ്ത്രീണാം മദ്ധ്യൗ ഷഷ്ഠാഷ്ടമർക്ഷജൗ
യുഗ്മരാശിഭുവാം നിന്ദ്യഃ ഷഷ്ഠജോƒഷ്ടമജഃ ശുഭഃ - ഇതി.

സാരം :-

മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നീ ഓജരാശിക്കൂറുകളിൽ സ്ത്രീ ജനിച്ചാൽ ആ കൂറിന്റെ ആറാം കൂറിലും എട്ടാം കൂറിലും ജനിച്ച പുരുഷനെ മദ്ധ്യമമായി സ്വീകരിക്കാം.

ഇടവം, കർക്കിടകം, കന്നി, വൃശ്ചികം, മകരം, മീനം എന്നീ യുഗ്മരാശിക്കൂറുകളിൽ ജനിച്ച സ്ത്രീകൾക്ക് അതിന്റെ ആറാം കൂറിൽ ജനിച്ച പുരുഷനെ വർജ്ജിക്കേണ്ടതാണ്. എട്ടാം കൂറിൽ ജനിച്ച പുരുഷനെ സ്വീകരിക്കാം.

-----------------------------------------

സ്ത്രീജന്മഭാൽ ഭവതി പുംസി കുടുംബജാതേ
വിത്തക്ഷയസ്തനയഹാനിരപത്യജാതേ
ഷഷ്ഠോൽഭവേ വ്യസനരോഗവിപദ്വിയോഗാ
ദുഃഖം സഹോദരഭവേ സുഖജേ വിരോധഃ - ഇതി.

സാരം :-

വധുവിന്റെ കൂറിൽനിന്നു വരൻ രണ്ടാംകൂറിൽ ജനിച്ചാൽ ദ്രവ്യനാശം ഫലം. അഞ്ചാംകൂറിൽ ജനിച്ചാൽ പുത്രനാശം  ഫലം. ആറാംകൂറിൽ ജനിച്ചാൽ ദുഃഖം, വ്യസനം, വേർപാട്, ഇവയും മൂന്നാം കൂറിൽ ജനിച്ചാൽ ദുഃഖവും നാലാംകൂറിൽ ജനിച്ചാൽ വിരോധവും ഫലമാകുന്നു. ഇങ്ങനെയാണ് മാധവീയത്തിൽ പറഞ്ഞിരിക്കുന്നത്

------------------------------------------

ഷഷ്ഠാഷ്ടമർക്ഷേ നാശഃ സ്യാന്നചേദൈകാധിപത്യതാ
അന്യോന്യമിത്രഭാവശ്ച സ്ത്രീപുംസർക്ഷേശയോര്യദി.

സാരം :-

സ്ത്രീ ജനിച്ച കൂറിന്റെ ആറാംകൂറിലും എട്ടാംകൂറിലും പുരുഷൻ ജനിച്ചാൽ അവർ തമ്മിലുള്ള വിവാഹം നാശഫലപ്രദമായിരിക്കും. എന്നാൽ ഈ രണ്ടുപേരുടെ കൂറുകളുടേയും അധിപതികൾ ഒരാളായിരിക്കുകയോ അവർ തമ്മിൽ ബന്ധുക്കളായിരിക്കുകയോ ചെയ്‌താൽ ദോഷം സംഭവിക്കുകയില്ല. ചേർച്ചയ്ക്കു നന്നാണുതാനും.

---------------------------------------------

വശ്യഭാവേ തഥാന്യോന്യം താരാ ശുദ്ധാ പരസ്പരം
ന ചേൽ ഷഷ്ഠാഷ്ടമേ ദോഷസ്തദാ ഷഷ്ഠാഷ്ഠമശ്ശുഭഃ

സാരം :-

സ്ത്രീപുരുഷന്മാരുടെ കൂറുകൾക്കു തമ്മിൽ വശ്യത (വശ്യപ്പൊരുത്തം) ഉണ്ടായിരിക്കണം വേധം ഇല്ലാതിരിക്കുകയും വേണം. ഇവ രണ്ടുമുണ്ടായാൽ ആറാംകൂറും എട്ടാംകൂറും ദോഷകരമല്ലെന്നു മാത്രമല്ല ശോഭനവുമാകുന്നു.

-----------------------------------------------

പരസ്പരം ത്രികോണം ച തദ്ദ്വിദ്വാദശകം തഥാ
സർവദാ ബഹുദോഷായ ദമ്പത്യോർമ്മൈത്രഭേപി ച
സമസപ്തമഭം ശ്രേഷ്ഠമപ്യരാതീ തയോർദ്വയോഃ. ഇതി.

സാരം :-

സ്ത്രീ ജനിച്ച നക്ഷത്രത്തിൽ നിന്നു എട്ടാമത്തെയോ ഒമ്പതാമത്തെയോ നക്ഷത്രത്തിൽ (മൈത്രനക്ഷത്രവും പരമൈത്രനക്ഷത്രവും) പുരുഷൻ ജനിച്ചാലും രണ്ടുപേരുടേയും കൂറുകളുടെ അധിപതികൾ ഒന്നായോ അവർ തമ്മിൽ ബന്ധുക്കളായോ ഇരുന്നാലും വേധദോഷം വരാതെ വശ്യപ്പൊരുത്തമുണ്ടായാലും സ്ത്രീ ജനിച്ച കൂറിന്റെ രണ്ടാംകൂറിലും അഞ്ചാം കൂറിലും ജനിച്ച പുരുഷൻ വളരെ ദോഷപ്രദനാകുന്നു. പുരുഷന്റെ നക്ഷത്രത്തിൽ നിന്നും കൂറിൽനിന്നും ഇതുപോലെ വിചാരിക്കാവുന്നതാണ്. സ്ത്രീകളുടേയും പുരുഷന്റെയും കൂറുകളുടെ അധിപതികൾ പരസ്പരം ശത്രുക്കളായിരുന്നാലും ഏഴാംകൂറിൽ ജനിച്ച പുരുഷൻ ചേർച്ചയ്ക്കു ഏറ്റവും ശോഭനമാകുന്നു. ഇങ്ങനെയാണ് ബൃഹസ്പതിയുടെ അഭിപ്രായം.

----------------------------------------------

ഷഷ്ഠാഷ്ടമേ മരണവൈരവിയോഗദോഷാ
ദ്വിദ്വാദശേ വിധനതാƒപ്രജതാ ത്രികോണേ
ശേഷേഷ്വനേകവിധസൗഖ്യസുതാർത്ഥസമ്പൽ
ഷഷ്ഠാഷ്ടമപ്രഭൃതികേഷ്വപി വൈരവേധേ.

സദ്യോശുഭം രാശിപയോസ്തു മൈത്ര
ഐക്യേ ച വശ്യേ ച ന ദോഷ ഏഷഃ
വിരുദ്ധയോനൗ തു ഭകോണഭാവോ
വിപുത്രഭേഷ്വാത്മജഹാ ധ്രുവം സ്യാൽ.

സാരം :-

സ്ത്രീ ജനിച്ച കൂറിൽ നിന്നു പുരുഷൻ ആറാംകൂറിലോ എട്ടാം കൂറിലോ ജനിച്ചാൽ തമ്മിൽ വിരഹമോ വൈരമോ മരണമോ ഭവിക്കും.

സ്ത്രീയുടെ കൂറിന്റെ രണ്ടാം കൂറിലോ പന്ത്രണ്ടാം കൂറിലോ പുരുഷൻ ജനിച്ചാൽ ദാരിദ്ര്യം അനുഭവിക്കും.

സ്ത്രീയുടെ കൂറിന്റെ അഞ്ചാം കൂറിൽ പുരുഷൻ ജനിച്ചാൽ സന്താനനാശം സംഭവിക്കും. മറ്റുള്ള കൂറുകളിൽ പുരുഷൻ ജനിച്ചാൽ സൌഖ്യം പുത്രസമ്പത്ത് ധനപുഷ്ടി എന്നിവ സംഭവിക്കും.

സ്ത്രീ ജനിച്ച കൂറിന്റെ അധിപതിയും പുരുഷൻ ജനിച്ച കൂറിന്റെ അധിപതിയും തമ്മിൽ ശത്രുക്കളായിരിക്കുക, വേധദോഷം വരിക, ഇവ രണ്ടിലൊന്നുണ്ടായാൽ 2, 5, 6, 8, 12 എന്നീ കൂറുകളിൽ പറഞ്ഞ ദോഷഫലങ്ങൾ പെട്ടെന്നു അനുഭവിക്കപ്പെടും. സ്ത്രീ ജനിച്ച കൂറിന്റെ അധിപതിയും പുരുഷൻ ജനിച്ച കൂറിന്റെ അധിപതിയും ഒരു ഗ്രഹമാവുകയോ ബന്ധുഗ്രഹമാവുകയോ വശ്യപ്പൊരുത്ത മുണ്ടാകുകയോ ചെയ്‌താൽ ഈ ദോഷം അനുഭവിക്കപ്പെടുന്നതല്ല.

സ്ത്രീ നക്ഷത്രത്തിൽ പുരുഷനും പുരുഷനക്ഷത്രത്തിൽ സ്ത്രീയും ജനിക്കുക, രണ്ടുപേരുടേയും കൂറ് ഇടവം ചിങ്ങം കന്നി വൃശ്ചികം ഈ അപുത്രരാശികളായി വരിക, ഈ രണ്ടു ദോഷങ്ങളുമുണ്ടായാൽ സ്ത്രീയുടെ കൂറിൽനിന്നു അഞ്ചാംകൂറിൽ ജനിച്ച പുരുഷനെ വിവാഹം ചെയ്‌താൽ തീർച്ചയായും സന്താനനാശം അനുഭവിക്കാനിടവരുമെന്നു പറയണം.

----------------------------------------------------------

കന്യാളിഗോഹരിഷ്വിന്ദുസ്തദംശേ വാഥ ലഗ്നഭം
സഹ സ്യാദ്യദി ദമ്പത്യോഃ പുത്രസിദ്ധിസ്സുദുർല്ലഭാ

സാരം :-

സ്ത്രീജാതകത്തിലും പുരുഷജാതകത്തിലും ലഗ്നവും ചന്ദ്രനും ഇടവം, ചിങ്ങം, കന്നി, വൃശ്ചികം, എന്നീ രാശികളിലോ എന്നീ നവാംശകങ്ങളിലോ നിൽക്കുന്നുവെങ്കിൽ പുത്രലാഭം വളരെ പ്രയാസമാണ് എന്നു തീർത്തു പറയാം.

------------------------------------------

മൃഗമീനൗ വിഹംഗാഖ്യാവളികർക്കീ സരീസൃപൗ
പശവോ മൃഗസിംഹാജഗാവഃ പ്രായഃ പരേ നരാഃ

സാരം :-

രാശികളെ നാലു യോനികളാക്കി കല്പിക്കുന്നു. അവിടെ മകരവും മീനവും പക്ഷിയോനികളാകുന്നു. കർക്കടകവും വൃശ്ചികവും സരീസൃപയോനികളാകുന്നു. മേടവും ഇടവവും ചിങ്ങവും മകരവും പശുയോനികളാണ്. മിഥുനവും കന്നിയും തുലാം രാശിയും ധനുവും കുംഭവും മനുഷ്യയോനികളാകുന്നു. ഇവിടെ മകരം രാശിയെ പക്ഷിയോനിയിലും പശുയോനിയിലും പറഞ്ഞിരിക്കയാൽ ഏതുവിധം കൂട്ടണമെന്നുണ്ടെങ്കിൽ വികല്പേന രണ്ടിലും ഗ്രഹിക്കാമെന്ന് ഒരു അഭിപ്രായമുണ്ട്. മകരം രാശിയുടെ പൂർവ്വാർദ്ധം പശുയോനിയും മകരം രാശിയുടെ ഉത്തരാർദ്ധം പക്ഷിയോനിയുമാണെന്നുള്ള അഭിപ്രായാന്തരം അധികം യോഗ്യതയുള്ളതായി തോന്നുന്നു.

--------------------------------------------

യോന്യൈക്യം ചോത്തമം വിദ്യാന്മധ്യമം പശുമാനുഷം
സരീസൃപവിഹംഗാഭ്യാം കനീയാൻ പശുസംഗമഃ
തിര്യങ്മനുഷ്യസംയോഗം ന കദാചിത്സമാചരേൽ. - ഇതി.

സാരം :- 

മേൽപറഞ്ഞ നാലു യോനികളിൽ സ്ത്രീയുടേയും പുരുഷന്റെയും കൂറുകൾ ഒരു യോനിയായി വരുന്നത് ഉത്തമമാകുന്നു. ഒന്ന് പശുയോനിയും മറ്റൊന്ന് മനുഷ്യയോനിയും ആയാൽ മദ്ധ്യമമാണ്. അതുപോലെ മറ്റൊന്നു പശുയോനിയും സരീസൃപയോനിയോ, പക്ഷിയോനിയോ ആയും വന്നാൽ അധമം ആകുന്നു. ഒന്നു മനുഷ്യയോനിയും മറ്റൊന്നു സരീസൃപയോനിയോ പക്ഷിയോനിയോ ആയാൽ അവ തമ്മിൽ ഒരിക്കലും ചേർത്തുകൂടാ. ഇങ്ങനെയാണ് മുഹൂർത്തരത്നത്തിൽ പറഞ്ഞിരിക്കുന്നത്.

------------------------------------------

സ്ത്രീജന്മരാശേരസ്താദിഷൾകേ ജാതഃ പുമാൻ ശുഭഃ
ഷഷ്ഠേ മദ്ധ്യോ ഗുണാഃ സ്യുശ്ചേത്തുര്യേ വാന്യേഷു വർജ്ജ്യതേ - ഇതി.

സാരം :-

സ്ത്രീ ജനിച്ച കൂറിൽ നിന്നു 7, 8, 9, 10, 11, 12 എന്നീ കൂറുകളിൽ ജനിച്ച പുരുഷൻ അന്യോന്യയോഗത്തിൽ ശോഭനങ്ങളായ ഫലങ്ങളെത്തന്നെ ചെയ്യും. എന്നാൽ സ്ത്രീ ജനിച്ച കൂറിന്റെ ആറാം കൂറിൽ ജനിച്ച പുരുഷൻ ഉത്തമനല്ല. എങ്കിലും മദ്ധ്യമമായി സ്വീകരിക്കാം. വശ്യപ്പൊരുത്തം മുതലായ മറ്റു പൊരുത്തങ്ങൾ ഉണ്ടെങ്കിൽ സ്ത്രീ ജനിച്ച കൂറിന്റെ നാലാംകൂറിൽ ജനിച്ച പുരുഷനും സ്വീകാര്യനാണ്. മറ്റുള്ള കൂറുകളിൽ പുരുഷൻ ജനിച്ചാൽ ഒരിക്കലും വിവാഹത്തിനു സ്വീകാര്യനല്ല. ഇങ്ങനെയാണ് മുഹൂർത്തസംഗ്രഹത്തിലെ അഭിപ്രായം.

-------------------------------------------

ഇന്ദ്രത്ര്യാര്യത്രിഹസ്താജവസുദ്വ്യാർദ്രായമൈർവിനാ
നൃയോഷിജ്ജന്മഭൈക്യേപി ശുഭാസ്താരാസ്മൃതാ ബുധൈഃ. ഇതി

സാരം :-

തൃക്കേട്ട, മൂലം പൂരാടം പൂയം ആയില്യം മകം അത്തം രോഹിണി അവിട്ടം ചതയം തിരുവാതിര ഭരണി എന്നീ നക്ഷത്രങ്ങൾ പന്ത്രണ്ടും ഒഴികെ ശേഷമുള്ള പതിനഞ്ചുനക്ഷത്രങ്ങളിൽ സ്ത്രീയുടേയും പുരുഷന്റെയും നക്ഷത്രങ്ങൾ ഒന്നായി വന്നാലും ശോഭനം ആണെന്നാണ്‌ വിദ്വാന്മാരുടെ അഭിപ്രായം. സ്ത്രീപുരുഷന്മാരുടെ നക്ഷത്രങ്ങൾ മേൽപറഞ്ഞ പന്ത്രണ്ടുനക്ഷത്രങ്ങളിൽ വച്ച് ഒരു നക്ഷത്രംതന്നെ രണ്ടുപേർക്കും വന്നാൽ ശോഭനമല്ലെന്നു സർവ്വസമ്മതമാണ്.  ഇപ്രകാരമാണ് കാലപദ്ധതിയിലെ അഭിപ്രായം.

-----------------------------------------

ഏകരാശിദ്വിനക്ഷത്രം പുത്രപൗത്രാദിവൃദ്ധികൃൽ
നക്ഷത്രൈക്യേ വിഷാൽഭീതിഃ സംപ്രീതിസ്സമസപ്തമേ

ഋഷസന്ധിഗതം ദ്വിദ്വാദശം ദാരിദ്ര്യകൃൽ പരം. ഇതി.

സാരം :-

സ്ത്രീയും പുരുഷനും ഒരു കൂറിൽ ജനിച്ചാലും രണ്ടു നക്ഷത്രങ്ങളായാൽ ദോഷമില്ല. പുത്രന്മാർ പൌത്രന്മാർ, സമ്പത്തു എന്നിവ വർദ്ധിക്കുക തന്നെ ചെയ്യും. 

സ്ത്രീയ്ക്കും പുരുഷനും ഒരു നക്ഷത്രമായാൽ വിഷഭയത്തിനു ഇടവരും. 

സ്ത്രീയുടെ കൂറിൽ നിന്നു ഏഴാമത്തെ കൂറിൽ പുരുഷൻ ജനിച്ചാൽ അന്യോന്യം സ്നേഹാദികൾ വർദ്ധിച്ചുകൊണ്ടിരിക്കും. 

സ്ത്രീയുടെ കൂറിന്റെ രണ്ടാമത്തെ കൂറിൽ പുരുഷൻ ജനിക്കുകയും അതു കർക്കിടകമോ വൃശ്ചികമോ മീനമോ ആയിരിക്കുകയും ചെയ്‌താൽ വളരെ ദാരിദ്ര്യം അനുഭവിക്കാനിടവരും. ഇങ്ങനെയാണ് മുഹൂർത്തരത്നത്തിലെ വചനം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.