രോമചിതോ മകരോപമദംഷ്ട്രഃ
സൂകരകായസമാനശരീരഃ
യോക്ത്രകജാലകബന്ധനധാരീ
രൌദ്രമുഖോ മകരപ്രഥമസ്തു.
സാരം :-
മകരം രാശിയുടെ പ്രഥമദ്രേക്കാണസ്വരൂപം, അരയുടെ മുകൾഭാഗം മുഴുവൻ മനുഷ്യന്റേയും കീഴ്ഭാഗം പന്നിയുടേയും ആകൃതിയോടും ശരീരം മുഴുവനും നിറച്ച് രോമത്തോടും അതിഭയങ്കരമായ മുഖത്തോടും കൂടിയ ഒരു സ്വരൂപവിശേഷമാകുന്നു. നുകംകെട്ടുന്ന നുകക്കയറിനേയും പക്ഷിമത്സ്യാദികളെ പിടിയ്ക്കുന്ന വലയേയും മനുഷ്യരുടെ കൈകളെ ബന്ധിയ്ക്കുന്ന ആമം ചങ്ങല ഇത്യാദികളേയും ഈ സത്വം കയ്യുകളിൽ ധരിച്ചിട്ടുണ്ട്. "യോക്ത്രകജാലകബന്ധനധാരീ" എന്നതുകൊണ്ട്, കയ്യുകളിൽ വല കയർ ചങ്ങല ഇത്യാദികളെ ധരിച്ചിട്ടുണ്ടെന്നു പറയുകയാൽ ആണ് " സൂകരകായസമാനശരീരഃ " എന്നതിനു അധഃ കായത്തിങ്കൽ മാത്രം സൂകരത്വം കല്പിച്ചതെന്നും അറിയുക. ഇതു മനുഷ്യദ്രേക്കാണവും ചതുഷ്പാദ്രേക്കാണവുമാണ്. മാത്രമല്ല പാശധാരിയും നിഗളധാരിയും മാകുന്നതുമുണ്ട്.