ബാധേശസ്യാരിഭേ വാ രിപുഭവനപതേര്‍ബാധകര്‍ക്ഷേ യദി സ്യാ-
ദ്യോഗോവാ ദര്‍ശനം വാ പുനരഥ ര്‍യദിവാതൗ മിഥഃക്ഷേത്രസംസ്ഥൗ
ബാധാധീശാരിനാഥാവപിയദിസഹിതൗപശ്യതോƒന്യോന്യ തോവാ
ശത്രോസ്തത്രാഭിചാരം വദതു ബഹുതയാ ലക്ഷണാനാം സ ഭൂയാന്‍
സാരം :-
രോഗം രണ്ടുവിധമാണെന്നും അവയില്‍ ഒന്ന് ബാധനിമിത്തവും മറ്റൊന്ന് ത്രിദോഷകോപം നിമിത്തവുമാണെന്നും മുന്‍പേ പറഞ്ഞുവല്ലോ. അവയില്‍ രോഗത്തിന് ഹേതുഭൂതമായ ബാധാവേശവും പലവിധത്തില്‍ സംഭവിക്കുന്നതാണ്. അവയില്‍ ശത്രുബാധാലക്ഷണത്തെ ഇവിടെ പറയുന്നു.
ബാധകാധിപന്‍ ആറാം ഭാവത്തില്‍ നില്‍ക്കുക അല്ലെങ്കില്‍ ആറാം ഭാവത്തില്‍ നോക്കുക, ആറാം ഭാവാധിപന്‍ ബാധകാധിപന്‍റെ ബാധാരാശി ഒഴിച്ചുള്ള രാശിയിലും ബാധകാധിപന്‍ ആറാം ഭാവാധിപന്‍റെ മറ്റു ക്ഷേത്രത്തില്‍ വന്നാലും അവര്‍ ഒരുമിച്ചു നിന്നാലും ആറാംഭാവാധിപനും ബാധകാധിപനും പരസ്പരം ദൃഷ്ടി ചെയ്താലും ശത്രുക്കള്‍ ആഭിചാരം ചെയ്തിട്ടുണ്ടെന്നും അതാണ് രോഗത്തിന് കാരണമെന്നും പറയണം. മേല്‍പറഞ്ഞ ലക്ഷണങ്ങള്‍ ഒന്നിലധികമുണ്ടെങ്കില്‍ ആഭിചാരപ്രവൃത്തികളും അതിന്‍റെ സംഖ്യ അനുസരിച്ച് ഒന്നിലധികമുണ്ടെന്നു പറയണം.