ശുഭോƒശുഭര്‍ക്ഷേ രുചിരം കുഭൂതലേ
കരോതി വൃക്ഷം വിപരീതമന്യഥാ
പരാംശകേ യാവതി വിച്യുതസ്സ്വകാ-
ത്ഭവന്തി തുല്യാസ്തരവസ്തഥാവിധാഃ
പാപരാശിയില്‍ നില്‍ക്കുന്ന ശുഭഗ്രഹത്തേക്കൊണ്ട് കണ്ണിനും മനസ്സിനും അപ്രീതികരമായ സ്മശാനം മുതലായ സ്ഥലങ്ങളില്‍ നില്‍ക്കുന്ന ചമ്പകാദിമനോഹരവൃക്ഷങ്ങളെയാണ് വിചാരിക്കേണ്ടത്. നേരെ മറിച്ച് ശുഭരാശിയില്‍ പാപന്‍ നില്‍ക്കുന്നതായാല്‍ ദേവാലയാദിയായ ശുഭസ്ഥലങ്ങളില്‍ നില്‍ക്കുന്ന കാഞ്ഞിരമരം മുതലായ ദുഷ്ടവൃക്ഷങ്ങളേയും പറയണം.
ഇവിടെ രാശികള്‍ക്ക് ആധാരത്വവും, ഗ്രഹങ്ങള്‍ക്ക് ആധേയത്വവുമാണല്ലോ കല്പിച്ചിട്ടുള്ളത്. ഈ ന്യായം സാമാന്യമായി എല്ലാ സ്ഥലത്തും വ്യാപിപ്പിയ്ക്കാവുന്നതാണ്. എങ്ങിനെയെന്നാല്‍ ജാതകത്തില്‍ ലഗ്നാധിപന്‍ പാപരാശിയിലാണ് നില്‍ക്കുന്നതെങ്കില്‍ പ്രായേണ അയാളുടെ വാസസ്ഥലം മനസ്സിനും കണ്ണിനും അപ്രീതികരമായ ദിക്കിലായിരിയ്ക്കുമെന്നും, ശുഭക്ഷേത്രത്തിലാണെങ്കില്‍ ദേവാലയം, ബ്രാഹ്മണഗൃഹം, രാജമന്ദിരം, ഉദ്യാനം ഇത്യാദി സന്തോഷപ്രദമായ സ്ഥലത്തായിരിക്കുമെന്നും വിചാരിയ്ക്കാം.
ഏഴാം ഭാവാധിപന്‍ പാപനും അത് നില്‍ക്കുന്നത് ശുഭരാശിയിലുമാണെങ്കില്‍, ഭാര്യ നല്ല ഗൃഹത്തില്‍ ജനിച്ചവളും സൗന്ദര്യാദിഗുണങ്ങളില്ലാത്തവളുമായിരിയ്ക്കുമെന്നും, വിപരീതമായാല്‍ ഫലവും വിപരീതമായിരിയ്ക്കുമെന്നും ഊഹിയ്ക്കാം. രാശികള്‍ക്ക് ആധാരത്വം കല്പിച്ചതുകൊണ്ട്, ലഗ്നാധിപന്‍ നില്‍ക്കുന്നത് ചരരാശിയിലാണെങ്കില്‍ അയാള്‍ പ്രായേണ സഞ്ചാരശീലനും, സ്ഥിരരാശിയിലാണെങ്കില്‍ അധികം സഞ്ചരിയ്ക്കാതെ ഒരേ സ്ഥലത്ത് സ്ഥിരമായി താമസിയ്ക്കുന്നവനുമായിരിയ്ക്കുമെന്നും പറയണം.
പ്രശ്നവിഷയത്തിലാണെങ്കില്‍ ആരൂഢാധിപന്‍റെ സ്ഥിതി ശുഭക്ഷേത്രത്തിലായാല്‍ അമ്പലം, കൊട്ടാരം മുതലായ ഉല്‍കൃഷ്ടസ്ഥാനത്താണ് പ്രഷ്ടാവിന്‍റെ വാസമെന്നും, പാപരാശിയിലാണെങ്കില്‍ വാസഭൂമി നീചവ്യാപ്തമാണെന്നും മറ്റും പറയാവുന്നതാണ്.
ആരൂഢാധിപതിഃ ശുഭഗ്രഹഗൃഹേ പ്രശ്നേ യദി സ്യാദ് സ്ഥിതഃ
ക്ഷോണീശാമരമന്ദിരാദിഷു മനോജ്ഞേഷു സ്ഥിതിഃ പൃച്ഛതാം,
പാപക്ഷേത്രഗതഃ സചേദിഹ ഭവേത് മ്ലേച്ഛപ്രദേശേ സ്ഥിതിഃ.
നഷ്ടപ്രശ്നത്തിങ്കല്‍ ചോരന്‍ (കള്ളന്‍ / മോഷ്ടാവ്) കൊണ്ടുപോയി വെച്ച ധനവും, അത് മുമ്പിരുന്നിരുന്ന സ്ഥലവും എന്ന് മാത്രമല്ല രാശിയ്ക്ക് ആധാരത്വവും ഗ്രഹങ്ങള്‍ക്ക് ആധേയത്വവും കല്‍പിച്ചുകൊണ്ട് മുമ്പ് പറഞ്ഞവിധം എല്ലാ സ്ഥലത്തും ഇതുകൊണ്ട് വിചാരിയ്ക്കാമെന്നു താല്പര്യം.
വൃക്ഷോല്പത്തി പ്രശ്നത്തിങ്കല്‍ ലഗ്നാധിപന്‍ നില്‍ക്കുന്ന രാശിയില്‍ നിന്ന് എത്രാമത്തെ രാശിയിലാണോ അതിന്‍റെ അംശകം നില്‍ക്കുന്നത് വൃക്ഷസംഖ്യ അത്രയായിരിയ്ക്കുമെന്നും, അവയില്‍ സ്ഥലരാശ്യംശകങ്ങളെക്കൊണ്ട് സ്ഥലവൃക്ഷങ്ങളേയും , ജലരാശ്യംശകങ്ങളെക്കൊണ്ട് ജലസമീപസ്ഥവൃക്ഷങ്ങളേയും വിചാരിയ്ക്കണമെന്നും അറിയുക.
ഇതിനെ ഒന്നുകൂടി വ്യക്തമാക്കാം - ലഗ്നാധിപന്‍ നില്‍ക്കുന്നത് മിഥുനത്തിലും, അതിന്‍റെ അംശകം മീനത്തിലുമാണെന്നു വിചാരിയ്ക്കുക. അവിടെ വൃക്ഷസംഖ്യ പത്താണെന്നും, അവയില്‍ കര്‍ക്കിടകം, മകരം, കുംഭം, മീനം എന്നീ നാല് ജലരാശ്യംശകങ്ങളെക്കൊണ്ട് നാല് ജലവൃക്ഷങ്ങളേയും ബാക്കി ആറ് സ്ഥലരാശ്യംശകങ്ങളെക്കൊണ്ട് അത്ര സ്ഥലവൃക്ഷങ്ങളേയും ആണ് വിചാരിയ്ക്കേണ്ടതെന്നും താല്പര്യം. ഇവിടെ ഇന്നഗ്രഹമെന്നോ ഇന്ന രാശിയില്‍ നിന്ന് എന്നോ എന്നും മറ്റും സ്പഷ്ടമായി പറയാത്തതിനാല്‍ സംഖ്യ അറിയേണ്ടിടത്തൊക്കെയും ഈ വിധം വിചാരിയ്ക്കാമെന്നും സൂചിപ്പിക്കുന്നു. എങ്ങനെയെന്നാല്‍ ഫലദാതാവായ ഗ്രഹത്തിന്‍റെ അംശകം നില്‍ക്കുന്നത് അത് നില്‍ക്കുന്ന രാശിയില്‍ നിന്നോ ആ ഗ്രഹത്തിന്‍റെ ഉച്ചം, സ്വക്ഷേത്രം, നീചം ഇതുകളില്‍ നിന്നോ എത്രാമത്തെ രാശിയിലാണോ അത്ര സംഖ്യയേയോ അത്ര കാലത്തേയോ പറയാവുന്നതാണെന്നും താല്പര്യം. ഇങ്ങനെ തന്‍റെ ഉച്ചം, നീചം, സ്വക്ഷേത്രം ഇത്യാദികളില്‍ നിന്ന് എത്രാം രാശിയിലാണോ ഫലദാതാവ് നില്‍ക്കുന്നത്, അതുകളെക്കൊണ്ടും കാലം, സംഖ്യ മുതലായതിനെ പറയാവുന്നതാണ്. കാലമാണ് പറയേണ്ടതെങ്കില്‍ ഫലദാതാവായ ഗ്രഹത്തിന്‍റെ അയനാദികാലം കൊണ്ട് മേല്‍പറഞ്ഞ സംഖ്യയെപ്പെരുക്കിയതു എത്രയാണൊ അത്രയാണ് പറയേണ്ടതും. ഇങ്ങനെ വിയോനിജന്മമെന്ന മൂന്നാമദ്ധ്യായം കഴിഞ്ഞു.