അയനക്ഷണവാസരര്‍ത്തവോ
മാസോര്‍ദ്ധഞ്ച സമാ ച ഭാസ്കരാത്
കടുകലവണതിക്തമിശ്രിതാ
മധുരാമ്ലൗ ച കഷായ ഇത്യപി
സാരം :-
ആദിത്യന് അയനത്തിന്‍റെയും ചന്ദ്രന് ക്ഷണത്തിന്‍റെ (നാഴികയുടെ)യും, കുജന് ദിവസത്തിന്‍റെയും, ബുധന് ഋതുവിന്‍റെ (നാല് പക്ഷത്തിന്‍റെ) യും വ്യാഴത്തിന് മാസ (രണ്ടുപക്ഷ) ത്തിന്‍റെയും, ശുക്രന് ഒരു പക്ഷത്തിന്‍റെയും, ശനിയ്ക്ക് സംവത്സരത്തിന്‍റെയും ആധിപത്യമാണുള്ളത്. സൂര്യാദിഗ്രഹങ്ങളെക്കൊണ്ട് കാലം കണക്കാക്കേണ്ടിവരുമ്പോള്‍ ഈ വിധിപ്രകാരം വേണ്ടതാകുന്നു. ഒന്നുകൂടി വ്യക്തമാക്കാം. ഫലദാതാവായ ഗ്രഹം സൂര്യനാണെന്നും, അത് ആറാം അംശകം കഴിഞ്ഞ് ഏഴാമത്തെ അംശകത്തില്‍ നില്‍ക്കുന്നുവെന്നും വിചാരിയ്ക്കുക. അവിടെ ഫലപ്രാപ്തിയ്ക്ക് ആറ് അയനം (മൂന്നു സംവത്സരം) താമസിയ്ക്കേണ്ടി വരുമെന്ന് പറയണമെന്നു താല്പര്യം. ഇപ്രകാരം മറ്റു ഗ്രഹങ്ങള്‍ക്കും കണ്ടുകൊള്‍ക. "ഫലാപ്തിഃ കല്പ്യതേ യേന തസ്യ കാലോƒയനാദികഃ. തത്ഭുക്താംശകസംഖ്യാഘ്നഃ തത്സിദ്ധൗ സമുദീര്യതാം" എന്നുണ്ട്.
സൂര്യന്‍ എരിവിന്‍റെയും ചന്ദ്രന്‍ ഉപ്പുരസത്തിന്‍റെയും, കുജന്‍ കയ്പിന്‍റെയും, ബുധന്‍ ആറു രസങ്ങളുടേയും, ശുക്രന്‍ പുളിയുടേയും, ശനി ചവര്‍പ്പിന്‍റെയും അധിപന്മാരാകുന്നു. ഗുരുശുക്രന്മാരുടെ രസം പറയുന്നേടത്ത് "മധുരാമ്ലൌ" എന്ന് ഒന്നിച്ച് പറകയാല്‍ അല്പം പുളി കലര്‍ന്ന മധുരം വ്യാഴത്തിനും, കുറച്ച് മധുരം ചേര്‍ന്ന പുളി ശുക്രനും വിചാരിയ്ക്കണമെന്നു ഒരു പക്ഷമുണ്ട്. ജാതകത്തിലെ ബലവാന്മാരായ ഗ്രഹങ്ങളുടെ രസങ്ങള്‍ ഇഷ്ടവും, വിബലന്മാരുടെ രസങ്ങള്‍ അനിഷ്ടവുമായിരിക്കും. ഇതുകൊണ്ട് ശേഷം ഭാഗവും ഊഹിച്ചുകൊള്‍ക.
ഭോജനപ്രശ്നത്തിങ്കല്‍ ആറാം ഭാവം കൊണ്ടാണ് കറികളെ വിചാരിക്കേണ്ടത്. ("ഷഷ്ഠേന കുര്യാദുപദംശചിന്താം" എന്നുണ്ട്) അവിടേയ്ക്കു ആദിത്യന്‍റെ യോഗദൃഷ്ടികളാണുള്ളതെങ്കില്‍ എരിവ് പ്രധാനമായിട്ടുള്ള മുളകോഷ്യം മുതലായതായിരുന്നു കറിയെന്നു വിചാരിയ്ക്കണം. ഇപ്രകാരം ആറിലേയ്ക്ക് യോഗദൃഷ്ടികളുള്ളത് ചന്ദ്രന്‍റെയാണെങ്കില്‍, ചെറുപയറ് മുരിങ്ങ ഇല, എളവന്‍ വഴുതനങ്ങ ഇത്യാദികളെക്കൊണ്ട് ഉപ്പുമാത്രം ചേര്‍ത്തു ഓലന്‍ മുതലായതിനേയും, കുജന്‍റെയാണെങ്കില്‍ കൊടുമുളക് ചുവച്ചതോ കരിഞ്ഞതോ കയ്പ് പ്രധാനമായതോ ആയ കറിയേയും, ബുധന്‍റെയാണെങ്കില്‍ പല രസമുള്ളതിനേയും, വ്യാഴത്തിന്‍റെയാണെങ്കില്‍ മാങ്ങ, കുമ്പളങ്ങ വെള്ളരിയ്ക്ക മുതലായവയെകൊണ്ടുണ്ടാക്കിയ പുളിരസം പ്രധാനമായ കറികളേയും, ആറിലേയ്ക്ക് യോഗദൃഷ്ടികളുള്ളത് ശനിയുടെയാണെങ്കില്‍ നെല്ലിയ്ക്ക മുതലായ ചവര്‍പ്പ് പ്രധാനമായ കറികളേയുമാണ് വിചാരിയ്ക്കേണ്ടാത്. ഒന്നിലധികം ഗ്രഹങ്ങളുടെ യോഗദൃഷ്ടികളുള്ള വിഷയത്തില്‍ ബലാധിക്യമുള്ളതിന്‍റെ രസം പ്രധാനവും, അതില്‍ ബലം കുറഞ്ഞവന്‍റെ രസം അനുരസവുമായി യുക്തിയ്ക്ക് തക്കവണ്ണം വിചാരിക്കണം. (ഗര്‍ഭാധാനാദി ഓരോ മാസങ്ങളുടെ അധിപന്മാരായ ഗ്രഹങ്ങളില്‍ ബലവാന്മാരുടെ രസം അതാതുമാസത്തില്‍ ഗര്‍ഭിണിയ്ക്ക് രുചികരമായിരിക്കുമെന്നും, വിബലന്മാരുടെ രസം അവരുടെ മാസത്തില്‍ അരുചിപ്രദമായിരിയ്ക്കുമെന്നും മറ്റും പറയേണ്ടതുണ്ട്.)