വിപ്രാവസുരസുരേഡ്യൗ ഭൗമാര്‍ക്കൗ ക്ഷത്രിയൗ ശശീ വൈശ്യഃ
ശൂദ്രസ്തു ബുധോ മന്ദശ്ചാന്തരവര്‍ണ്ണോ വരാഹമിഹിരമതേ
സാരം :-
വ്യാഴം, ശുക്രന്‍ ഇവരെക്കൊണ്ട് ബ്രാഹ്മണജാതിയെ പറയണം.
ആദിത്യന്‍, ചൊവ്വ ഇവരെക്കൊണ്ട് ക്ഷത്രിയ ജാതിയേയും പറയണം.
ചന്ദ്രനെക്കൊണ്ട് വൈശ്യജാതിയെ പറയണം
ബുധനെക്കൊണ്ട് ശൂദ്രജാതിയെ പറയണം.
ശനിയെക്കൊണ്ട് അവാന്തര ജാതികളെ പറയണം.
ഇങ്ങനെയാണ് വരാഹമിഹിരാചാര്യന്‍റെ അഭിപ്രായം. "ശൂദ്രസ്തു ബുധോ മന്ദഃ" എന്ന ഭാഗം കൊണ്ട് ബുധനും ശനിയും ശൂദ്രനാണെന്നുകൂടി ധ്വനിപ്പിചിരിക്കുന്നു.
*************************************
വിപ്രോത്തമഃ സ്യാദ്ഗുരരത്ര ശുക്രോ
വിപ്രാധമോƒന്യഗ്രഹരാശിയോഗാല്‍
ഭേദോƒനയോഃ സ്യാദഥ സര്‍വ്വഭൗമോ
ഭാനുഃ കുജോ മാണ്ഡലികശ്ച വേദ്യഃ
സാരം :-
വ്യാഴത്തെക്കൊണ്ട് ഉത്തമബ്രാഹ്മണനെ വിചാരിക്കണം.
ശുക്രനെക്കൊണ്ട് അധമബ്രാഹമണനെ വിചാരിക്കണം.
മേല്‍പറഞ്ഞവര്‍ക്ക് ഏതേതു രാശികളുടേയും ഏതേതു ഗ്രഹങ്ങളുടേയും സംബന്ധം സംഭവിക്കുന്നുവോ ആ രാശികളുടെ നിലയ്ക്കനുരൂപമായി ഉല്‍കൃഷ്ടതയേയും നികൃഷ്ടതയേയുംകൂടി ഗ്രഹിക്കേണ്ടതാണ്.
ആദിത്യനെക്കൊണ്ട് ചക്രവര്‍ത്തിയെ വിചാരിക്കണം.
ചൊവ്വയെക്കൊണ്ട് മണ്ഡലാധിപത്യമുള്ള രാജാവിനെയും ചിന്തിച്ചുകൊള്ളണം.
**********************************
ഭൂമിജോƒനുപവീതിഃ സ്യാദ്രാജതുല്യോƒഥബോധനഃ
വിദ്വാനനുപവീതി ച ദേവദാസ ഇതീര്യതാ.
സാരം :-
ചൊവ്വയെക്കൊണ്ട് ബ്രാഹ്മണ്യകൃത്യങ്ങളുണ്ടെങ്കില്‍ പൂണൂല്‍ ധരിക്കാത്ത രാജസമാനന്മാരായ ജനങ്ങളെ വിചാരിക്കണം.
ബുധനെക്കൊണ്ട് പൂണൂല്‍ ധരിക്കാത്ത അമ്പലവാസികളേയും വിദ്വാന്മാരെയും ചിന്തിച്ചുകൊള്ളണം.
മേല്‍പറഞ്ഞവരുടെ അനുഷ്ഠാനം ബ്രാഹ്മണരെപ്പോലെ ആയിരിക്കും. പൂണൂല്‍ മാത്രം ഇല്ലാതിരിക്കും.
********************************
ഉച്ചാദി നീചപര്യന്തസ്ഥാനഭേദാച്ഛനേരപി
ദേവദാസാദി ചണ്ഡാലപര്യന്താ ജാതയഃ സ്മൃതാഃ - ഇതി
ശനിയ്ക്ക് ഉച്ചസ്ഥിതിയുണ്ടെങ്കില്‍ അമ്പലവാസികളേയും നീചസ്ഥിതിയാണുള്ളതെങ്കില്‍ ചണ്ഡാല (ഏറ്റവും നികൃഷ്ട വര്‍ഗ്ഗത്തില്‍പ്പെട്ടവ) ന്മാരേയും ഗ്രഹിക്കണം. ഇതൊഴിച്ചുള്ള രാശികളില്‍ നിന്നാല്‍ ശനിയുടെ ബലമനുസരിച്ച് അമ്പലവാസി മുതല്‍ ചണ്ഡാലന്‍ വരെയുള്ള മറ്റു ജാതികളെ ചിന്തിച്ചുകൊള്ളണം. ഇവിടേയും മറ്റു ഗ്രഹങ്ങളുടെ യോഗദൃഷ്ട്യാദി സംബന്ധങ്ങള്‍ വിസ്മരിക്കത്തക്കതല്ല. ഉച്ചത്തില്‍ നില്‍ക്കുന്ന ശനിയെക്കൊണ്ട് അമ്പലവാസിയെ പറയുമ്പോള്‍ മൂല ത്രികോണത്തില്‍ നില്‍ക്കുന്ന ശനിയെക്കൊണ്ട് അമ്പലവാസികളില്‍ നിന്ന് അല്പം താണ വര്‍ഗ്ഗക്കാരെ പറയണം. ബന്ധുക്ഷേത്രത്തിലും സ്വക്ഷേത്രത്തിലും നില്‍ക്കുന്ന ശനിയെക്കൊണ്ട് അതിലും താണവര്‍ഗ്ഗക്കാരെ ഇങ്ങിനെ ക്രമേണ യുക്തികൊണ്ട് ചിന്തിച്ചുകൊള്ളണം.
********************************
ജാതി ഭേദചിന്തയില്‍ മാധവീയ വചനത്തെക്കൂടി താഴെ പറയുന്നു.
വിപ്രാഹ്വയൌ ഗുരുസിതൗ നൃപതീ കുജാര്‍ക്കൗ
വൈശ്യശ്ശശീശശിസുതോ വൃഷലലോƒര്‍ക്കജോƒന്ത്യഃ - ഇതി
സാരം :-
ഗുരുശുക്രന്മാരെക്കൊണ്ട് ബ്രാഹ്മണരെയും, ആദിത്യനെക്കൊണ്ടും ചൊവ്വയെക്കൊണ്ടും ക്ഷത്രിയന്മാരെയും ചന്ദ്രനെക്കൊണ്ട് വൈശ്യനെയും ബുധനെക്കൊണ്ട് ശൂദ്രനെയും വിചാരിക്കണം. ശനിയെക്കൊണ്ട് ചണ്ഡാല വര്‍ഗ്ഗത്തില്‍പ്പെട്ട പറയന്‍ പുലയര്‍ മുതലായവരെ ചിന്തിക്കണം. ഇങ്ങനെ മാധവീയവചനം.
***********************************
ജാതിയെ വിചാരിക്കുന്നതിലേയ്ക്കായി കൃഷ്ണീയ വചനംകൂടി താഴെ ചേര്‍ക്കുന്നു.
വിപ്രൗ ഭൃഗുദേവഗുരു ക്ഷത്രിയ ഭാവൌ ദിവാകരോര്‍വ്വീജൗ
വൈശ്യൗബുധ ചന്ദ്രമാസൌ ശനൈശ്ചരഃ ശൂദ്രസംകരകൃല്‍
വ്യാഴവും ശുക്രനും ബ്രാഹ്മണകാരകന്മാരാണ്.
ആദിത്യനും ചൊവ്വയും ക്ഷത്രിയകാരകന്മാരാണ്.
ചന്ദ്രനും ബുധനും വൈശ്യകാരകന്മാരാണ്.
ശനിയ്ക്ക് ശൂദ്രകാരകത്വവും സംകരകാരകത്വവും ഉണ്ട്. സങ്കരന്മാര്‍ എന്ന് പറയുന്നത് രണ്ട് വര്‍ഗ്ഗത്തില്‍പ്പെട്ട മാതാപിതാക്കന്മാരുടെ സന്തതികളെ ആണ്. ഉയര്‍ന്ന വര്‍ഗ്ഗങ്ങളില്‍ ഈവക ദോഷം സംഭവിക്ക നിമിത്തം ഭ്രഷ്ട് കല്പിച്ച് താഴ്ത്തുക നിമിത്തമാണ് സങ്കരന്മാരെന്ന നിലയില്‍ ഒട്ടധികം വര്‍ഗ്ഗക്കാരുണ്ടായതെന്ന് ഒരു പക്ഷമുണ്ട്. ഏതായാലും ശൂദ്രര്‍ മുതല്‍ കീഴ്പോട്ടുള്ളവരെ സാമാന്യേന ശനിയെക്കൊണ്ട് തന്നെയാണ് ചിന്തിക്കേണ്ടത്. ശനിയുടെ ബലാബലമനുസരിച്ച് അവരുടെ ഉല്‍കൃഷ്ടനികൃഷ്ടതയേയും ചിന്തിച്ചുകൊള്ളണം.
************************************
അര്‍ക്കസ്യ വിപ്രോ രാജാ വാ ശൂദ്രോ വാ മണ്ഡലാധിപഃ
ഇന്ദ്രോര്‍വ്വിപ്രോƒഥവാ വൈശ്യോ ഭൌമസ്യ ദ്വിജശൂദ്രകൌ
സൗമ്യസ്യ ശൂദ്രോ വൈശ്യോ വാശനേഃ ശൂദ്രോƒന്ത്യജോƒപിവാ
ജീവസ്യ വിപ്രഃ ശുക്രസ്യ ശൂദ്രോ വിപ്രോƒഥവാ സ്ത്രീയഃ
നിചാരിമൂഢഗൈരേതൈര്‍ നീചജാതിം വിനിര്‍ദ്ദിശേല്‍ - ഇതി.
ആദിത്യനെക്കൊണ്ട് ബ്രാഹ്മണന്‍ രാജാവ് നാടുവാഴിയായ ശൂദ്രന്‍ ഇവരെ വിചാരിക്കണം. ആദിത്യന്‍ പ്രബലനാണെങ്കില്‍ (വ്യാഴക്ഷേത്രസ്ഥിതി മുതലായ സംബന്ധങ്ങളുണ്ടെങ്കില്‍ ബ്രാഹ്മണനേയും അതുപോലെ ബലവാനാണെങ്കില്‍ (സ്വക്ഷേത്രം ഉച്ചം മുതലായ ബന്ധങ്ങളുണ്ടെങ്കില്‍) രാജാവിനെയും ബന്ധുക്ഷേത്ര സ്ഥിതി മുതലായവയില്‍ സാമാന്യ ബലവാനാണെങ്കില്‍ ദേശാധിപനായ പ്രഭുവിനേയും ഗ്രഹിച്ചുകൊള്ളണം.
ചന്ദ്രനെക്കൊണ്ട് ബ്രാഹ്മണനേയും വൈശ്യനേയും ഗ്രഹിക്കാം. ഇവരുടെ ഭേദവും ചന്ദ്രന്‍റെ ബലാബലമനുസരിച്ചുതന്നെ ചിന്തിച്ചുകൊള്ളണം.
ചൊവ്വയെക്കൊണ്ട് ബ്രാഹ്മണരേയും ശൂദ്രരേയും വിചാരിക്കാം. ഗുരുശുക്രന്മാരുടെ ക്ഷേത്രത്തില്‍ നില്‍ക്കുന്ന ചൊവ്വയെക്കൊണ്ട് ദേശവാഴിയായ ശൂദ്രനെയും ശുക്രക്ഷേത്രത്തില്‍ നില്‍ക്കുന്ന ചൊവ്വയെക്കൊണ്ട് ബ്രാഹ്മണനേയും ബുധശനികളുടെ ക്ഷേത്രത്തില്‍ നില്‍ക്കുന്ന ചൊവ്വയെക്കൊണ്ട് ശൂദ്രനേയും വിചാരിക്കണം. ആദിത്യന്‍റെയും ചൊവ്വയുടെയും ക്ഷേത്രത്തില്‍ നില്‍ക്കുന്ന ചൊവ്വയെകൊണ്ട് അധമബ്രാഹ്മണരേയും വിചാരിച്ചുകൊള്ളണം.
ബുധനെക്കൊണ്ട് ശൂദ്രനെയും വൈശ്യനെയും വിചാരിക്കണം. ഇവിടെയും ബലാബലം ചിന്തിച്ചുകൊള്ളണം.
ശനിയെക്കൊണ്ട് ശൂദ്രനേയും ചണ്ഡാലന്മാരെയും വിചാരിക്കണം. ഇതിന്‍റെ ന്യായം "ദേവദാസാദി ചണ്ഡാല പര്യന്തം" എന്ന ഭാഗം കൊണ്ട് പറഞ്ഞിട്ടുണ്ട്.
വ്യാഴത്തെക്കൊണ്ട് ബ്രാഹ്മണനെത്തന്നെ ചിന്തിക്കണം.
ശുക്രനെക്കൊണ്ട് ശൂദ്രനെയും ബ്രാഹ്മണനേയും അഥവാ സ്ത്രീകളേയും വിചാരിക്കാം.
സൂര്യാദികളായ ഈ ഗ്രഹങ്ങള്‍ക്ക് നീചശത്രുക്ഷേത്ര സ്ഥിതി മൌഢ്യം ഈവക ദോഷങ്ങളുണ്ടെങ്കില്‍ ആചാരങ്ങള്‍ക്കൊണ്ട് പതിതന്മാരായി നീചജന്മത്തിനു അര്‍ഹന്മാരായി തീര്‍ന്നിരിക്കുന്നു എന്ന് പറയണം. നീചസ്ഥിതിയുള്ള വ്യാഴത്തെക്കൊണ്ട് ശ്രേഷ്ഠമായ ബ്രാഹ്മണകുലത്തില്‍ ജനിച്ചു എങ്കിലും മദ്യപാനം മുതലായ നിന്ദ്യവൃത്തികളാല്‍ നികൃഷ്ടനായവനാണെന്നും പറയണം. ഇങ്ങനെ മറ്റുള്ള ഗ്രഹങ്ങളെക്കൊണ്ട് ചിന്തിച്ചുകൊള്ളാം.