ഗ്രഹങ്ങളുടെ സ്ഥാനം, വസ്ത്രം, ലോഹരത്നാദി ദ്രവ്യങ്ങള്‍, ഋതുക്കള്‍

ദേവാംബ്വഗ്നിവിഹാരകോശശയനക്ഷിത്യുത്കരാഃസ്യുഃക്രമാ-
ദ്വസ്ത്രം സ്ഥൂലമഭുക്തമഗ്നികഹതം മധ്യം ദൃഢം പാടിതം
താമ്രം സ്യാന്മണിഹേമയുക്തിരജതാന്യര്‍ക്കാച്ച മുക്തായസീ
ദ്രേക്കാണൈശ്ശിശിരാദയശ്ശശുരുചജ്ഞഗ്വാദിഷൂദ്യത്സുവാ.

സാരം :-

ദേവാലയം സൂര്യന്‍റെയും, വെള്ളമുള്ള സ്ഥലം ചന്ദ്രന്‍റെയും, ഹോമപ്പുര, അടുക്കള മുതലായ തീയ് ഉപയോഗിക്കുന്നേടം ചൊവ്വയുടേയും, കളിസ്ഥലം ബുധന്‍റെയും, ധനം സൂക്ഷിയ്ക്കുന്നേടം വ്യാഴത്തിന്‍റെയും, കിടപ്പുമുറി ശുക്രന്‍റെയും, അടിച്ചുവാരി ഇടുന്ന സ്ഥലം കുപ്പ ഇതുകള്‍ ശനിയുടേയും സ്ഥാനങ്ങളാകുന്നു. "സ്ഥാനങ്ങള്‍ " എന്ന് പറഞ്ഞതുകൊണ്ട് അവയുടെ സമീപപ്രദേശങ്ങളേയും ഗ്രഹിക്കേണ്ടതാണ്. ജാതകപ്രശ്നാദികളില്‍ ഗ്രഹങ്ങളെക്കൊണ്ട് സ്ഥാനം പറയേണ്ടിവരുന്നേടത്തെല്ലാം ഈ വിധിപ്രകാരം പറയേണ്ടതാകുന്നു.

തടിച്ച നൂലുകൊണ്ടുണ്ടാക്കിയ പുതപ്പ് മുതലായ വസ്ത്രങ്ങളുടെ ആധിപത്യം ആദിത്യനും, കോടിവസ്ത്രത്തിന്‍റെയും വെള്ളത്തില്‍ നനയ്ക്കുവാന്‍ വയ്യാത്ത പുഴുക്കൂട് പട്ട് മുതലായത്തിന്‍റെ ആധിപത്യം ചന്ദ്രനും, ( "ശശിനാദുകൂലപട്ടം " എന്നുണ്ട് ) കുറച്ചുഭാഗം  തീക്കത്തിയതിന്‍റെ കുജനും, വെള്ളത്തില്‍ നനച്ചതിന്‍റെ ബുധനും, സാധാരണ വസ്ത്രത്തിന്‍റെ വ്യാഴത്തിനും, നല്ല ഉറപ്പുള്ള വസ്ത്രത്തിന്‍റെ ശുക്രനും, കീറിപ്പൊളിഞ്ഞ വസ്ത്രങ്ങളുടെ ആധിപത്യം ശനിയ്ക്കുമാകുന്നു. ജാതകത്തില്‍ നാലാംഭാവംകൊണ്ടും നാലാം ഭാവാധിപനെക്കൊണ്ടും വസ്ത്രത്തെ വിചാരിക്കേണ്ടത്.

ആദിത്യന്‍ ചെമ്പിന്‍റെയും, ചന്ദ്രന്‍ വൈഢൂര്യം മുതലായ രത്നങ്ങളുടേയും, കുജന്‍ സ്വര്‍ണ്ണത്തിന്‍റെയും, ബുധന്‍ മുത്തുചിപ്പി, ഓട് ഇവയുടേയും, വ്യാഴം വെള്ളിയുടേയും, ശുക്രന്‍ മുത്തിന്‍റെയും, ശനി ഇരുമ്പിന്‍റെയും അധിപന്മാരാകുന്നു. (വ്യാഴത്തിന് ഏറ്റവും ബലമുണ്ടെങ്കില്‍ സ്വര്‍ണ്ണത്തിന്‍റെ ആധിപത്യമാണുള്ളതെന്നും ഒരു പക്ഷാന്തരമുണ്ട്). നഷ്ടപ്രശ്നത്തിങ്കല്‍ ലഗ്നത്തെ നോക്കുന്നവന്‍റെയോ, അതില്ലെങ്കില്‍ ലഗ്നാധിപനെ നോക്കുന്നവന്‍റെയോ, അതുമില്ലെങ്കില്‍ ഷഷ്ഠാധിപന്‍റെയോ ദ്രവ്യമാണ് പോയതെന്ന് പറയണം.

ശിശിരഋതുവിന്‍റെ അധിപന്‍ ശനിയും, വസന്തത്തിന്‍റെ ശുക്രനും, ഗ്രീഷ്മത്തിന്‍റെ ചൊവ്വയും, വര്‍ഷത്തിന്‍റെ ചന്ദ്രനും, ശരത്തിന്‍റെ ബുധനും, ഹേമന്തഋതുവിന്‍റെ അധിപന്‍ വ്യാഴവുമാണ്. ഗ്രഹങ്ങളെ ക്കൊണ്ട് കാലം പറയേണ്ടിവരുന്നേടത്ത് അതാതിന്‍റെ ഋതുക്കളിലാണ് അതാത് ഗ്രഹങ്ങളെക്കൊണ്ടുള്ള ഫലാനുഭവം പറയേണ്ടത്. ആദിത്യന്‍റെ ഋതുവും ഗ്രീഷ്മം തന്നെയാണ്. നഷ്ടജാതകപ്രശ്നത്തില്‍ തല്‍കാലോദയലഗ്നത്തിങ്കല്‍ ഒരു ഗ്രഹം നില്‍ക്കുന്ന പക്ഷം അതിന്‍റെയും, അതില്ലെങ്കില്‍ ലഗ്നദ്രേക്കാണാധിപന്‍റെയും ഋതുവിലാണ് ജനനമേന്നുപറയാം. " ഗ്രീഷ്മോര്‍ക്കലഗ്നേ കഥിതാസ്തു ശേഷൈ " എന്ന് നഷ്ടജാതകാദ്ധ്യായത്തില്‍ പറയുന്നതുമുണ്ട്. ജാതകപ്രശ്നാദികളില്‍ ബലവും ഇഷ്ടസ്ഥിതിയുമുള്ള ഗ്രഹത്തിന്‍റെ ഋതുവില്‍ സുഖവും ഇഷ്ടലാഭാദികളും, അനിഷ്ടസ്ഥിതി ബലഹാനി മുതലായതുള്ളതിന്‍റെ ഋതുവില്‍ വിപരീതഫലവും അനുഭവമാകുമെന്ന് പറയേണ്ടതാണ്. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.