സ്വോച്ചസുഹൃത്സ്വദൃഗാണനവാംശൈഃ
സ്ഥാനബലം സ്വഗൃഹോപഗതേ ച
ദിക്ഷു ബുധാംഗിരസൗ രവിഭൗമൗ
സൂര്യസുതസിതശീതകരൗ ച.
സാരം :-
സ്ഥാനബലം :- ഗ്രഹങ്ങള്‍ക്ക് ബലം വര്‍ദ്ധിയ്ക്കുന്ന സ്ഥാനങ്ങള്‍ അഞ്ചുണ്ട്. അവ ക്രമേണ അവനവന്‍റെ 1). ഉച്ചരാശി, 2). ബന്ധുക്ഷേത്രം, 3). സ്വദ്രേക്കാണം, 4). സ്വനവാംശം, 5). സ്വക്ഷേത്രം എന്നിവയാകുന്നു. ഈ അഞ്ചു സ്ഥാനങ്ങളില്‍ നില്‍ക്കുമ്പോഴും ഗ്രഹങ്ങള്‍ക്ക് സ്ഥാനബലം ഉണ്ടാകുന്നതാണ്.
ദിഗ്ബലം :- ദിക്കിനെ ആശ്രയിച്ചുണ്ടാകുന്ന ബലം ഒരേ പ്രകാരത്തിലല്ല ബുധനും വ്യാഴത്തിനും ലഗ്നഭാവത്തില്‍ നില്‍ക്കുമ്പോഴും, ആദിത്യകുജന്മാര്‍ക്ക് പത്താം ഭാവത്തില്‍ നില്‍ക്കുമ്പോഴും, ശനിയ്ക്ക് ഏഴാം ഭാവത്തില്‍ നില്‍ക്കുമ്പോഴും, ചന്ദ്രശുക്രന്മാര്‍ക്ക് നാലാം ഭാവത്തില്‍ നില്‍ക്കുമ്പോഴും ദിഗ്ബലം പൂര്‍ണ്ണമായിട്ടുള്ളത്.
ഗുരുബുധന്മാര്‍ക്ക് ഏഴാം ഭാവത്തിലും, സൂര്യകുജന്മാര്‍ക്ക് നാലാം ഭാവത്തിലും, ശനിയ്ക്ക് ലഗ്നത്തിലും, ചന്ദ്രശുക്രന്മാര്‍ക്ക് പത്താം ഭാവത്തിലും ദിഗ്ബലം ശൂന്യവുമാണ്. ഇതുക്കളുടെ മദ്ധ്യത്തില്‍ ബുധനാണെങ്കില്‍ ലഗ്നം - ഏഴ് ഇതുക്കള്‍ക്കിടയില്‍ - നില്‍ക്കുമ്പോള്‍ ത്രൈരാശികംകൊണ്ട് ബലത്തെ അറിയേണ്ടതുമാണ്.