ഗര്‍ഭഗ്രഹണയോഗ്യമായ ആര്‍ത്തവ ദര്‍ശനത്തിന്‍റെയും, ഗര്‍ഭാധാനത്തിന്‍റെയും കാലത്തേയാണ് പറയുന്നത്

കുജേന്ദുഹേതു പ്രതിമാസമാര്‍ത്തവം
ഗതേ തു പീഡര്‍ക്ഷമനുഷ്ണദീധിതൗ
അതോന്യഥാസ്ഥേ ശുഭപുംഗ്രഹേക്ഷിതേ
നരേണ സംയോഗമുപൈതി കാമിനീ.

സാരം :-

സ്ത്രീകള്‍ക്ക് മാസംതോറുമുണ്ടാകുന്ന ആര്‍ത്തവത്തിന് ചന്ദ്രകുജന്മാര്‍ ഹേതു ഭൂതന്മാരാകുന്നു. എങ്ങനെയെന്നാല്‍ ചന്ദ്രന്‍ രക്തകാരകനും, കുജന്‍ പിത്തകാരകനുമാണെന്ന് മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ. പിത്തം രക്തത്തെ ക്ഷോഭിപ്പിയ്ക്കയാലാണ് സ്ത്രീകള്‍ക്ക് മാസംന്തോറും രക്തം ആര്‍ത്തവരൂപമായി പരിണമിയ്ക്കുന്നത്.

"ഏവം രക്തേ ക്ഷുഭിതേ പിത്തേന രജഃ പ്രവര്‍ത്തതേ സ്ത്രീഷു" എന്ന് പ്രമാണമുണ്ട്.

ആര്‍ത്തവകാലങ്ങളില്‍ രക്തത്തിന് ഗര്‍ഭം ധരിക്കത്തക്ക ശുദ്ധിയുണ്ടാവണമെങ്കില്‍, സ്ത്രീയുടെ ജാതകത്തില്‍ തന്നെ കുജചന്ദ്രന്മാര്‍ക്ക് യോഗം, ദൃഷ്ടി, ഷഡ്വര്‍ഗ്ഗം ഇതുകളില്‍ ഏതെങ്കിലും വിധത്തില്‍ ബന്ധമുണ്ടായിരിക്കണമെന്നും മുന്‍കൂട്ടിതന്നെ അറിയേണ്ടതാണ്.  ഈ ബന്ധം സ്ത്രീജാതകത്തില്‍ ഉണ്ടാകയും, ചന്ദ്രന്‍ സ്ത്രീ ജനിച്ച കൂറില്‍ നിന്ന് അപചയരാശിയില്‍ നില്‍ക്കുകയും ആ ചന്ദ്രന് ചൊവ്വയുടെ യോഗദൃഷ്ട്യാദിബന്ധങ്ങളില്‍ ഏതെങ്കിലും ഒന്ന് ഉണ്ടാവുകയും ചെയ്‌താല്‍ അപ്പോള്‍ ഉണ്ടാകുന്ന ആര്‍ത്തവദര്‍ശനം ഗര്‍ഭ ഗ്രഹണയോഗ്യമാകുന്നു. ഗര്‍ഭാധാനത്തില്‍ രക്തശുക്ലങ്ങളില്‍ രക്തം അധികമായാല്‍ സ്ത്രീപ്രജയും, ശുക്ലം അധികമായാല്‍ പുരുഷപ്രജയും, രക്തശുക്ലങ്ങള്‍ തുല്യങ്ങളായാല്‍ നപുംസകപ്രജയുമാണ് ജനിക്കുക.

രക്തേƒധികേ സ്ത്രീപുരുഷസ്തു ശുക്ലേ
നപുംസകേ ശോണിതശുക്ലസാമ്യേ

എന്ന് പ്രമാണമുണ്ട്.

ഇവിടെ ചന്ദ്രന്‍ അപചയസ്ഥിതികൊണ്ട് രക്തക്കുറവും, കുജ സംബന്ധകൊണ്ട് രക്തത്തിന് ഗര്‍ഭഗ്രഹണയോഗ്യമായ ശുദ്ധിയുമാണ്‌ വിവക്ഷിച്ചിട്ടുള്ളതെന്നും അറിയണം.

ഗര്‍ഭാധാനസമയത്തെ  ചന്ദ്രന്‍, പുരുഷന്‍ ജനിച്ച കൂറിന്‍റെ ഉപചയത്തില്‍ നില്‍ക്കുകയും ആ ചന്ദ്രന് വ്യാഴത്തിന്‍റെ യോഗദൃഷ്ട്യാദികളുണ്ടാവുകയും ചെയ്‌താല്‍ അപ്പോള്‍ ചെയ്യുന്ന ആധാനം ഗര്‍ഭക്ഷമമാകുന്നു. ഇവിടെ "കാമിനീ" എന്നും "നരന്‍" എന്നുമുള്ള ശബ്ദങ്ങളെ പ്രയോഗിച്ചിരിയ്ക്കയാല്‍ സ്ത്രീപുരുഷന്മാരുടെ ബാല്യം, വാര്‍ദ്ധക്യം, രോഗം ഇത്യാദികളെ സൂചനമാത്രംകൊണ്ട് പരിഹരിച്ചിട്ടുണ്ടെന്നും അറിയേണ്ടതാണ്.

വിവാഹപ്രശ്നത്തിങ്കല്‍ ആര്‍ത്തവാദികള്‍ നിമിത്തമുള്ള വിവാഹവിഘ്നത്തെ ഈ ശ്ലോകത്തിന്‍റെ പൂര്‍വ്വാര്‍ദ്ധംകൊണ്ടും, മുടക്കമില്ലാതെ വിവാഹം സാധിയ്ക്കുന്നതിന്‍റെ ലക്ഷണത്തെ ഉത്തരാര്‍ദ്ധംകൊണ്ടും സൂചിപ്പിച്ചിട്ടുണ്ട്. - കാമിനീനരേണ സംയോഗം ഉപൈതി - "സ്ത്രീ പുരുഷനോടുകൂടെ യോജിക്കുന്നു." എന്നതുകൊണ്ട്‌ വിവാഹം സാധിയ്ക്കുമെന്നതിനെ വ്യക്തമായിട്ടുമുണ്ടല്ലോ.

കുജേന്ദ്വിത്യാദിപദ്യാര്‍ദ്ധേനോക്തഃ കന്യാര്‍ത്തവാദിനാ
വിവാഹവിഘ്ന, സ്തത്സിദ്ധിഃ പരേണാര്‍ദ്ധേന പൃച്ഛതാം

എന്ന് പ്രമാണമുണ്ട്.

എങ്ങനെയെന്നാല്‍ പ്രശ്നലഗ്നത്തില്‍ നിന്ന് 2-4-5-8-9-12 എന്നീ ഭാവങ്ങളില്‍ ചന്ദ്രന്‍ നില്‍ക്കുകയും, ആ ചന്ദ്രന് ചൊവ്വയുടെ യോഗമോ ദ്ദൃഷ്ടിയോ (ചൊവ്വയല്ലാത്ത പാപന്മാരുടെയായാലും മതിയെന്നൊരു അഭിപ്രായവുമുണ്ട്.) ഉണ്ടാവുകയും ചെയ്‌താല്‍, ആര്‍ത്തവാദികള്‍ നിമിത്തം വിവാഹം മുടങ്ങുമെന്നും നേരെ മറിച്ച് പ്രശ്നലഗ്നം അതില്‍ നിന്ന് 3-6-7-10-11 എന്നീ ഭാവങ്ങളില്‍ ചന്ദ്രന്‍ നില്‍ക്കുകയും, ആ ചന്ദ്രന് ആദിത്യന്‍, ബുധന്‍, വ്യാഴം, ശുക്രന്‍ ഇവരില്‍ ഒന്നിന്‍റെ ദൃഷ്ടിയുണ്ടാവുകയും ചെയ്‌താല്‍ യാതൊരു വിഘ്നവും കൂടാതെ വിവാഹം സാധിയ്ക്കുമെന്നും പറയേണ്ടതാണ്.

ഗുരുരവിസൌമ്യൈര്‍ദൃഷ്ടഃ
സ്ത്രിസുതമദാƒƒയാരിഗഃ ശശീ ലഗ്നാദ്
ഭവതി തു വിവാഹകര്‍ത്താ
ത്രികോണകേന്ദ്രാശ്രിതൈഃ സൌമ്യൈഃ

എന്ന് പ്രമാണമുണ്ട്.


വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.