സ്ത്രീപുരുഷന്മാര്‍ക്ക് പുത്രപ്രദമായുള്ള ഗ്രഹസ്ഥിതിയേയും മറ്റും പറയുന്നു

രവീന്ദു ശുക്രാവനിജൈസ്സ്വഭാഗഗൈര്‍
ഗ്ഗുരൗ ത്രികോണോദയ ധര്‍മ്മഗേപി വാ
ഭവത്യപത്യം ഹി വിബീജിനാമിമേ
കരാ ഹിമാം ശോര്‍വ്വിദൃശാമിവാഫലാഃ

സാരം :-

പുരുഷന്മാര്‍ക്കുള്ള ഗര്‍ഭധാനസമര്‍ത്ഥമായ വായുവിന്‍റെ ആനുഗുണ്യത്തിന്‍റെ ആധിപത്യം ആദിത്യനും, ശുക്ലഗുണദോഷത്തിന്‍റെ ആധിപത്യം ശുക്രനും, സ്ത്രീകള്‍ക്ക് ഗര്‍ഭഗ്രഹണസമര്‍ത്ഥമായ വായുവിന്‍റെ ആനുഗുണ്യത്തിന്‍റെ ആധിപത്യം ചന്ദ്രനും, രക്തഗുണദോഷത്തിന്‍റെ ആധിപത്യം ചൊവ്വയ്ക്കും, ജീവാത്മാവിന്‍റെ ആധിപത്യം വ്യാഴത്തിനുമാകുന്നു.

പുരുഷജാതകത്തില്‍ സൂര്യശുക്രന്മാര്‍ ബലവാന്മാരായി ഓജരാശിയില്‍ ഓജരാശിനവാംശകത്തില്‍ നിന്നാല്‍ പുരുഷനും, സ്ത്രീജാതകത്തില്‍ ചന്ദ്രകുജന്മാര്‍ ബലവാന്മാരായി യുഗ്മരാശിയില്‍ യുഗ്മരാശിനവാംശകത്തില്‍ നിന്നാല്‍ സ്ത്രീക്കും പുരുഷസന്താനമുണ്ടാവുന്നതാണ്. ഈ ലക്ഷണങ്ങള്‍ വിപരീതമായാല്‍ രണ്ടുപേര്‍ക്കും പുരുഷസന്താനമുണ്ടാകുന്നതല്ല. മിശ്രമായാല്‍ ഫലം മിശ്രമായിരിയ്ക്കയും ചെയ്യും.

ഗര്‍ഭാധാനസമര്‍ത്ഥതാ തരണിനാ, രേതഃ സിതേനോച്യതാം,
തൌ ചേത് പുംഭവനാംശഗൌ ച ബലിനൌ പുംസാം ഭവേത് സന്തതിഃ
സ്ത്രീണാം രക്തഗുണോസൃജാഥ ശശിനാ ഗര്‍ഭസ്യ സന്ധാരണാ-
ശക്തി, സ്തൌ യദി യുഗ്മഗൌ ച ബലിനൌ തദ്വത്, ന ച വ്യത്യയേ.

എന്ന് പ്രമാണമുണ്ട്.

സ്ത്രീപുരുഷജാതകങ്ങളില്‍ രണ്ടിലും സന്താനപ്രദമായി ഗ്രഹസ്ഥിതിയ്ക്കും പുറമേ 5, ലഗ്നം, 9 എന്നീ ഭാവങ്ങളിലൊന്നില്‍ വ്യാഴത്തിന്‍റെ സ്ഥിതികൂടി ഉണ്ടായിരിയ്ക്കയും വേണം. ഏതിനും പുറമേ പുത്രപ്രദങ്ങളായി മേല്‍പറഞ്ഞ ഗ്രഹസ്ഥിതിയുണ്ടെന്നിരുന്നാലും ശരി, പുരുഷജാതകത്തില്‍ ബീജബലവും, സ്ത്രീജാതകത്തില്‍ ക്ഷേത്രബലവും ഇല്ലെങ്കില്‍ അന്ധന്മാര്‍ക്ക് ചന്ദ്രകിരണമെന്നപോലെ അതുകൊണ്ട് പ്രയോജനം ഉണ്ടാകുകയുമില്ല.

ഈ ശ്ലോകത്തിലെ - രവീന്ദുശുക്രാവനിജൈഃ സ്വഭാഗഗൈര്‍ഗ്ഗുരൗ ത്രി - എന്ന പദങ്ങളെക്കൊണ്ട് ബീജക്ഷേത്രവിചാരവും സൂചിപ്പിച്ചിട്ടുണ്ട്. ബീജക്ഷേത്രസ്ഫുടങ്ങളെ മൂന്നു വിധത്തില്‍ ഉണ്ടാക്കാവുന്നതാണ്.

1). പുരുഷജാതകത്തിലെ സൂര്യന്‍റെയും ശുക്രന്‍റെയും വ്യാഴത്തിന്‍റെയും സ്ഫുടങ്ങളെ ഒന്നിച്ചുകൂട്ടിയത് ബീജസ്ഫുടമാകുന്നു.

അല്ലെങ്കില്‍

2). സൂര്യസ്ഫുടത്തിലെ നാലുകൊണ്ടും, ശുക്രന്‍റെയും വ്യാഴത്തിന്‍റെയും സ്ഫുടങ്ങളെ മുമ്മൂന്നുകൊണ്ടും പെരുക്കി മൂന്നിനേയും ഒന്നിച്ചുകൂട്ടിയതും, അതുമല്ലെങ്കില്‍

3). ജാതകത്തിലെ മേല്‍പറഞ്ഞ മൂന്നു സ്ഫുടങ്ങളെയും 27 ല്‍ പെരുക്കി ഒന്നിച്ചു കൂട്ടിയതും  ബീജസ്ഫുടം തന്നെയാകുന്നു. അപ്രകാരം തന്നെ

1). സ്ത്രീജാതകത്തിലെ ചന്ദ്രന്‍, കുജന്‍, വ്യാഴം ഈ മൂന്നു സ്ഫുടങ്ങളേയും ഒന്നിച്ചു കൂട്ടിയതും 2). ചന്ദ്രസ്ഫുടത്തെ നാലുകൊണ്ടും മറ്റു രണ്ടും മുമ്മൂന്നുകൊണ്ടും പെരുക്കി ഒന്നിച്ചുകൂട്ടിയതും, 3). ഇതു മൂന്നും 27 ല്‍ പെരുക്കി ഒന്നിച്ചു കൂട്ടിയതും ക്ഷേത്രസ്ഫുടമാകുന്നു. ഇങ്ങനെ മുമ്മൂന്നുവിധം പറഞ്ഞ ബീജക്ഷേത്രസ്ഫുടങ്ങളില്‍ ഒടുവ് പറഞ്ഞതിന് പ്രാധാന്യം ഏറുംമെന്നും മറ്റേതു രണ്ടും അപ്രധാനങ്ങളാകയാല്‍ സംവാദാര്‍ത്ഥമാണെന്നും അറിയേണ്ടതാണ്.

പുംസാം ബീജം സൂര്യശുക്രാര്യയോഗ-
സ്ത്രീണാം ക്ഷേത്രം ചന്ദ്രഭൌമേഡ്യയോഗഃ
ബീജക്ഷേത്രേ 'ഭൂ' 'ബ' 'ല' ഘ്നൈഃ ക്രമാത് തൈഃ
ഖേടൈഃ സര്‍വ്വൈഃ സാരനിഘ്നൈശ്ച കാര്യേ.

എന്ന് പ്രമാണമുണ്ട്.


ഓജരാശിയില്‍ ഓജരാശിനവാംശകത്തില്‍ നില്‍ക്കുന്നത് ബീജസ്ഫുടത്തിനും, യുഗ്മരാശിയില്‍ യുഗ്മനവാംശകത്തില്‍ നില്‍ക്കുന്നത് ക്ഷേത്രസ്ഫുടത്തിനും ബലകരമാകുന്നു. അഷ്ടമാധിപനും നപുംസകസ്ഫുടങ്ങളുടെ 5 - 7- 9 എന്നീ ഭാവങ്ങളില്‍ നില്‍ക്കുന്നത് ശുഭപ്രദവും, ശേഷം ഗ്രഹങ്ങള്‍ മേല്‍പറഞ്ഞ മൂന്നു ഭാവങ്ങളില്‍ നില്‍ക്കുന്നത് അശുഭ പ്രദവുമാകുന്നു.

ബീജസ്യ തസ്യ ബലമോജഗൃഹാംശയോഃ സ്യാത്
ക്ഷേത്രസ്യ യുഗ്മഭവനാംശകയോശ്ച തദ്വദ്
രന്ധ്രേശഷണ്ഢരഹിതൈഃ ശുഭലഗ്നനാഥൈര്‍-
വ്വിദ്യാത് ത്രികോണമദഗൈഃ ശുഭ, മന്യഥാന്യൈഃ 

എന്ന് പ്രമാണമുണ്ട്.  

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.