മലര്‍ഹോമം വിവാഹചടങ്ങുകളിലെ ഒരു പ്രധാന ഇനമാണ്. മലര്‍ വധുവിന്‍റെ കൈയ്യില്‍ വാരികൊടുക്കാനുള്ള അവകാശി സഹോദരനാണ്. വധുവിന്‍റെ നീട്ടിപ്പിടിച്ച കൈയ്യുടെ ചുവട്ടിലാണ് വരന്‍ കൈവയ്ക്കേണ്ടത്. ആചാര്യന്‍റെ നിര്‍ദ്ദേശമനുസരിച്ച് മന്ത്രം ചൊല്ലി രണ്ടുപേരും എഴുന്നേറ്റുനിന്ന് അഗ്നിയില്‍ ഹോമിക്കണം. പിതൃഗൃഹത്തില്‍നിന്നും ഭര്‍തൃഗൃഹത്തിലേയ്ക്കുള്ള മാറ്റം ദേവന്മാര്‍ അനുവദിക്കട്ടെയെന്നും യാതൊരു അപായവും വരാതിരിക്കാന്‍ അനുഗ്രഹിക്കട്ടെയെന്നും പ്രാര്‍ഥിക്കുന്നുവെന്ന് മന്ത്രസാരം.
ഹോമത്തിനുള്ള മലര്‍ വറുക്കുന്നതിനും ചടങ്ങുകളുണ്ട്. പുതിയ കലത്തിലായിരിക്കണം. മുമ്പില്‍ നെയ്‌വിളക്ക് കത്തിച്ചുവയ്ക്കണം. കലത്തിന് മുകളില്‍ കുടന്നയായി പിടിച്ച വധുവിന്‍റെ കൈയില്‍ എല്ലാ മംഗല്യസ്ത്രീകള്‍ക്കും മലര്‍വാരിയിടാം. ആ മലര്‍ കലത്തിലിട്ട് വധു വാല്‍കണ്ണാടി കൊണ്ട് ഇളക്കിപൊരിച്ചെടുക്കണം. മലര്‍ഹോമത്തിന് "ലാജഹോമം" എന്നും പറയും. പ്രധാന ചടങ്ങുകള്‍ നടക്കുമ്പോഴും ആര്‍പ്പുവിളികളും വായ്ക്കുരവയും വേണ്ടതാണ്.