അടുക്കും ചിട്ടയും ഈശ്വരവിചാരവും വിളയുന്ന ഭവനം ഐശ്വര്യപൂര്‍ണ്ണമായിരിക്കും. അവിടം സൂര്യോദയംപോലെ മനോഹരമായി വിളങ്ങുന്നു. ആ ഭവനത്തില്‍ മഹാലക്ഷ്മിയുടെ വാസം ഉണ്ടായിരിക്കും. ഭവനത്തിലെ മഹാലക്ഷ്മിയാണ് അമ്മ. അമ്മ സ്ത്രീയാണ്. സ്ത്രീകള്‍ക്ക് ഐശ്വര്യത്തിന്റെ സ്ഥാനമാണുള്ളത്. സത് രതി ചെയ്യുന്നതാണ് സ്ത്രീ. സത് സത്യവും ഐശ്വര്യവുമാകുന്നു. സത്യം ഈശ്വരനാണ്.
ഐശ്വര്യത്തിന്റെ ആറ്റിക്കുറുക്കിയ പരമപുണ്യമാണ് ഭവനത്തില്‍ ആവശ്യം. അങ്ങനെയുള്ള ഈശ്വരന്‍ വിളങ്ങുന്നിടമായിരിയ്ക്കും നല്ല അമ്മമാരുള്ള ഭവനം. ഭവനത്തിലെ ഐശ്വര്യദേവതയാകുന്നു അമ്മയെന്നറിയുക. പിതാവ് ഏറ്റവും വലിയ ഗുരു ആകുന്നു. പിതാവായ ഗുരു ഭവനദേവാലയത്തിലെ പരമശിവനാകുന്നു. പിതൃപാദങ്ങളില്‍ രണ്ടോ മൂന്നോ കൂവളദളം അര്‍പ്പിച്ച് "നമഃശിവായ" മന്ത്രം ചൊല്ലി അവിടെ നമസ്ക്കരിച്ചാല്‍ പിന്നെ ദേവാലയത്തില്‍ പോകേണ്ടതില്ല. അതുകൊണ്ടാണ് ഭവനത്തെ ദേവാലയമായി കാണുന്നത്.