മൂന്നു വിധത്തിലുള്ള ഋണങ്ങള്‍

മനുഷ്യര്‍ ഋണബദ്ധരായി അഥവാ കടപ്പെട്ടവരായി ജനിക്കുന്നു. മൂന്നു വിധത്തിലാണ്‌ ആ ഋണങ്ങള്‍ നമ്മെ ബന്ധിച്ചിരിക്കുന്നത്‌. പിതൃഋണം, ദേവഋണം, ഋഷിഋണം എന്നിവയാണവ. പിതൃക്കള്‍, ദേവതകള്‍, ഋഷിമാര്‍ ഈ മൂന്നു കൂട്ടരുടെയും സൗമനസ്യം കൊണ്ടാണ്‌ നമുക്കിന്ന്‌ സ്വൈരമായി ജീവിക്കാന്‍ കഴിയുന്നതു തന്നെ. പക്ഷേ ഇന്നാരും തന്നെ ഈ സത്യമൊന്നും മനസ്സിലാക്കുന്നില്ല. ഭൂമിയിലെന്തെല്ലാം കൈവശപ്പെടുത്തിയോ അതെല്ലാം സ്വന്തം സാമര്‍ഥ്യം കൊണ്ടാണെന്ന്‌ കരുതി മാതാപിതാക്കളെ കൂടി വൃദ്ധസദനത്തിലേക്ക്‌ അയയ്ക്കുന്നു. ഈ മൂന്നു വിധമുള്ള കടങ്ങള്‍ വീട്ടാന്‍ കഴിഞ്ഞില്ലെങ്കില്‍ മനുഷ്യന്‌ ഗതി കിട്ടാന്‍ പോകുന്നില്ല. 

മുജ്ജന്മ സുകൃതം കൊണ്ടു നേടിയ മനുഷ്യജന്മം പൂര്‍വികമായ മൂന്നു ശക്തികളുടെ സംഭാവനയാണ്‌. അവരാണ്‌ പ്രപഞ്ച സംവിധായകരായ ദേവന്മാരും, ഭാഷയും മസ്തിഷ്കവും വികസിപ്പിച്ചെടുത്ത ഋഷികളും, ജനിക്കുമ്പോള്‍ തന്നെ നമുക്ക്‌ സ്വന്തമാക്കാന്‍ കഴിയുന്ന ഗൃഹം, സമ്പത്ത്‌, സ്വഭാവം, ആരോഗ്യം, സാമാന്യബുദ്ധി തുടങ്ങിയ ഗുണവിശേഷങ്ങളെല്ലാം പ്രദാനം ചെയ്യുന്ന പിതൃക്കളും. ഈ മൂന്നു ദാതാക്കളോടും നമുക്ക്‌ കടപ്പാടുണ്ട്‌. അതാണ്‌ ഋഷി ഋണം, ദേവ ഋണം, പിതൃ ഋണം എന്നീ പേരുകളില്‍ അറിയപ്പെടുന്നത്‌. 

പിതൃക്കള്‍ക്കും ദേവന്മാര്‍ക്കും ഋഷികള്‍ക്കും നമ്മുടെ കര്‍ത്തവ്യവും കടമയുമായ ബാധ്യതാ പരിഹാരം വലിയ സദ്യകളില്‍ കൂടിയോ മറ്റാഘോഷങ്ങളില്‍ കൂടിയോ ചെയ്തു തീര്‍ക്കുക എളുപ്പമല്ലാത്തതു കൊണ്ട്‌ ഏറ്റവും ലഘുവായി നിര്‍വഹിക്കാവുന്ന സംവിധാനമാണ്‌ ത്രൈവര്‍ണികര്‍ക്കിടയില്‍ പതിവുള്ള തര്‍പ്പണം. ഇത്‌ സന്ധ്യാവന്ദനത്തിന്റെ കൂടെ അനുഷ്ഠിക്കപ്പെടുന്നു. സൂര്യനുദിക്കുമ്പോഴും അസ്തമിക്കുമ്പോഴും സന്ധ്യാവന്ദനം ചെയ്യുകയാണ്‌ പതിവ്‌. രണ്ടു സമയം കുളി കഴിഞ്ഞാണ്‌ സന്ധ്യാവന്ദനം ചെയ്യുക. സന്ധ്യാവന്ദനത്തിന്റെ ആദ്യ ഭാഗത്ത്‌ ഗായത്രീ ഉപാസനയും പ്രണവ ഉപാസനയും കഴിഞ്ഞാല്‍ തര്‍പ്പണമാണ്‌ വേണ്ടത്‌. ഒരു കുടന്ന വെള്ളം കയ്യിലെടുത്ത്‌ ശരിയായ സങ്കല്‍പത്തോടെ അവരുടെ മുന്നില്‍ സമര്‍പ്പിക്കുന്നതാണ്‌ തര്‍പ്പണം. 

വര്‍ഷം തോറുമുള്ള ശ്രാദ്ധം (ഭൂമിയിലെ ഒരു വര്‍ഷം പിതൃലോകത്ത്‌ ഒരു ദിവസമാണ്‌) പിതൃക്കളെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ്‌. ദേവഋണത്തില്‍ ക്ഷേത്രങ്ങളും പൂജാദി കര്‍മങ്ങളും ഭക്തിസാന്ദ്രമായ വ്രതാനുഷ്ഠാനങ്ങളും ഉള്‍പ്പെടുന്നു. 

ഋഷി ഋണത്തിന്റെ കാര്യത്തില്‍ നമ്മുടെ ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടി നാം ജപിച്ചു പോരുന്ന മന്ത്രങ്ങള്‍ നിരവധിയാണ്‌. ഓരോ മന്ത്രത്തിലും മന്ത്രദ്രഷ്ടാവായ മഹര്‍ഷിയുടെ പേരും മറ്റു കാര്യങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടായിരിക്കും. ഓരോ മഹര്‍ഷിയും തന്റേതുമാത്രമായ സംഭാവനകള്‍ നമുക്കു തന്നിട്ട്‌ മണ്‍മറഞ്ഞു പോകുന്നു. നാം അവരെ ഭക്തിപുരസ്സരം ആരാധിക്കുകയും ചെയ്യുന്നു.

വര്‍ഷത്തിലെ 365 ദിവസവും ആയുസ്സു മുഴുവനും ഈ ഋണം കൊടുത്തു തീര്‍ക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്‌ നമ്മള്‍. ഓരോ പരമ്പരയ്ക്കും ദേവന്മാരില്‍ നിന്നും കിട്ടുന്ന അനുഗ്രഹവും ഋഷികളില്‍ നിന്നും കിട്ടുന്ന വിജ്ഞാനവും പിതൃക്കളില്‍ നിന്നും കിട്ടുന്ന ഗുരുത്വവും പാരമ്പര്യങ്ങളും എല്ലാം വെറും തര്‍പ്പണം കൊണ്ടു മാത്രം തീരുന്ന കടങ്ങളല്ല. എങ്കിലും ചെയ്യാവുന്നിടത്തോളം ചെയ്താല്‍ അത്രയും നല്ലത്‌. ഇത്തരം ആചാരങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്നവരൊക്കെ മന്ത്രം ജപിച്ചോ ജപിക്കാതെയോ ആദ്യം ദേവന്മാരെ സ്മരിച്ചും പിന്നെ ഋഷികളെ സ്മരിച്ചും പിതൃക്കളെ സ്മരിച്ചും ഒരു കുടന്ന വെള്ളമെങ്കിലും സമര്‍പ്പിക്കാന്‍ തയ്യാറാകണം. അതു കൊണ്ട്‌ പ്രത്യേകിച്ച നഷ്ടമൊന്നുമില്ല. ലാഭമാണെങ്കില്‍ അതി ധാരാളമായി ലഭിക്കുകയും ചെയ്യും. 

ബ്രഹ്മചര്യം കൊണ്ട്‌ ഋഷി കടവും സന്തത്യുത്പാദനം കൊണ്ട്‌ പിതൃ കടവും യജ്ഞങ്ങളെ കൊണ്ട്‌ ദേവകടങ്ങളും വീട്ടാന്‍ കഴിയും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.