പരമസമാധിയില്‍ ലയിച്ച ദേവന്‍ അമൃതവര്‍ഷണം നടത്തുന്ന സന്ദര്‍ഭത്തെയാണ് ആറാട്ട് എന്നുപറയുന്നുത്. പരമാനന്ദാവസ്ഥയിലാണല്ലോ യോഗശാസ്ത്ര പ്രകാരം അമൃതപ്രവാഹം നടക്കുന്നത്. മൂലാധാരത്തില്‍ മൂന്നരചുറ്റായിരിക്കുന്ന കുണ്ഡലിനീ ശക്തി ഉണര്‍ന്ന് ഷഡാധാരങ്ങളെ ഭേദിച്ച് ശിവസാന്നിദ്ധ്യമായ സഹസ്രാരപത്മത്തില്‍ ചെന്ന് ശിവന്‍ ശിവനില്‍ലയിക്കുമ്പോഴാണ് പരമാനന്ദാവസ്ഥയെന്ന് പറയുന്നത്. ആ സന്ദര്‍ഭത്തിലാണ് ദിവ്യമായ അമൃതപ്രവാഹം നടക്കുന്നത്. ഈ അവസ്ഥയുടെ പ്രതീകമായിട്ടാണ് ദേവനെ ജലാശയത്തിലേക്ക് എഴുന്നെള്ളിച്ച് ദിവ്യസ്നാനത്തിനായി സജ്ജമാക്കുന്നത്. ആറാട്ട് നടക്കുമ്പോള്‍ ജലാശയം അമൃതപൂര്‍ണ്ണമാകുന്നു. ഈ സമയത്ത് ദേവനോടൊപ്പം ഭക്തജനങ്ങളും ജലാശയത്തിലിറങ്ങി മുങ്ങിനിവര്‍ന്ന് അമൃതാവസ്ഥ അനുഭൂതി പ്രദമാക്കണം. ദേവന്റെ ആറാട്ട് സമയത്ത് ജലാശയത്തില്‍ ആകാശഗംഗയുടെ സാന്നിധ്യമുണ്ടാകുമെന്ന് വിശ്വസിക്കുന്നു.
ആറാട്ടിന്റെ ആദ്യ ചടങ്ങ് യാത്രാഹോമമാണ്. അന്വാധാനം (ഹോമാഗ്നി തയ്യാറാക്കിയശേഷം അതില്‍ വിറകിടുക) മുതല്‍ ഇധ്മം വരെ ചെയ്ത് ഹോമം നടത്തി പ്രസന്ന പൂജ ചെയ്ത് ആറാട്ട്ബലി തൂകേണ്ട ഹവിസ്സിനെ പൂജിക്കേണ്ടതാണ്. തുടര്‍ന്ന് ഉഷഃപൂജ, നിത്യബലി തുടങ്ങിയവ പൂര്‍ത്തീകരിച്ചശേഷം ഉച്ചപൂജയ്ക്ക് പീഠം പൂജിച്ച് ആവാഹിച്ച് സ്നാനം വരെ ഉപചാരങ്ങള്‍ ചെയ്ത് അരി, ചെറുപയര്‍, ഉഴുന്ന്, യവം, സ്വര്‍ണ്ണം, മഞ്ഞള്‍, അഷ്ടഗന്ധം തുടങ്ങിയ പൊടിച്ച് അവയെ ബിംബത്തില്‍ മുഴുവനായും തേയ്ക്കേണ്ടതാണ്. പിന്നെ നീരാഞ്ജനം ചെയ്ത് ബലിബിംബത്തെ ദേവാഭിമുഖമാക്കി ഒരു പലകയില്‍ വച്ച് അഭിഷേകം നടത്തണം. തുടര്‍ന്ന് ഭൂതസംഹാരം, ശോഷണാദികള്‍ എന്നിവ നടത്തി വ്യാപകാംഗത്തിന് ശേഷം പീഠം പൂജിച്ച് മൂലബിംബത്തില്‍ നിന്ന് പൂര്‍ണ്ണപുഷ്പാഞ്ജലി ചെയ്ത് ദേവനെ തീര്‍ത്ഥയാത്രയ്ക്ക് ക്ഷണിക്കേണ്ടതാണ്.
തുടര്‍ന്ന് മൂലബിംബത്തില്‍ നിന്ന് ചൈതന്യാംശത്തെ ആവാഹിച്ച് ഉത്സവബിംബത്തിലാക്കി പാണികൊട്ടി വാഹനമന്ത്രവും ഉത്തിഷ്ഠമന്ത്രവും ചൊല്ലി പരികര്‍മ്മികളുടെ കൈയില്‍ തന്ത്രി ഉത്സവബിംബത്തെ നല്‍കുന്നു.
പിന്നീട് ശ്രീഭൂതബലി മന്ത്രങ്ങള്‍ ചൊല്ലി ദ്വാസ്ഥന്മാര്‍, ദിക്പാലകന്മാര്‍, വാഹനം, ഗണപതി, ദക്ഷിണാമൂര്‍ത്തി, മാതൃക്കള്‍ തുടങ്ങി നിര്‍മ്മാല്യധാരി വരെ ബലിതൂകിയ ശേഷം സഭാദ്വാസ്ഥന്മാര്‍, വലിയ ബലിക്കല്ല്, ധ്വജദേവതകള്‍, വാഹനം (ധ്വജത്തില്‍) എന്നിവര്‍ക്ക് ബലിതൂകി ശ്രീഘ്രബലി നടത്തി ക്ഷേത്രപാല ബലി നടത്തി, കൊടിമരച്ചുവട്ടില്‍ വന്ന് വാഹനത്തിന് പൂജ ചെയത് ബലിതൂകി പ്രസന്നപൂജ ചെയ്തതിന് ശേഷം ധ്വജ ചൈതന്യത്തെ ദേവനില്‍ ഉദ്വസിച്ച് ഉത്സവബിംബത്തെ ആനപ്പുറത്തോ, രഥത്തിലോ, പല്ലക്കിലോ കയറ്റിവച്ച് ഗോപുരദ്വാസഥന്മാര്‍ക്ക് ബലിതൂകി വാദ്യഘോഷങ്ങളുടെയും ജയജയ ശബ്ദഘോഷത്തോടെയും അല്ലെങ്കില്‍ ഗോവിന്ദ നാമജപത്തോടെയും ഭക്തന്മാരുടെ അകമ്പടിയോടെ ആറാട്ട് നടത്തേണ്ട ജലാശയത്തിലേക്ക് ദേവനെ എഴുന്നള്ളിക്കേണ്ടതാണ്.
ജലാശയത്തിലെത്തിയാല്‍ അവിടെ പ്രത്യേകം സജ്ജമാക്കിയ ആറാട്ട് കടവില്‍ ഉത്സവബിംബത്തെ ഒരു പീഠത്തില്‍ വയ്ക്കേണ്ടതാണ്. തന്ത്രി കുളിച്ച ശേഷം ദേഹശുദ്ധ്യാതി ക്രിയകള്‍ ചെയ്ത് പീഠത്തെ പൂജിച്ച് ആവാഹിച്ച് വ്യാപകാംഗാദി ചെയ്ത് ഉപഹാരങ്ങള്‍ സമര്‍പ്പിച്ച് ജലാശയത്തില്‍ പുണ്യാഹം തളിച്ച് ഗംഗ, വരുണന്‍, ദേവന്‍ എന്നിവരെ ആവാഹിച്ച് പഞ്ചവാരുന്ന ജപം നടത്തി ബിംബത്തെ എടുത്ത് ആചാര്യന്‍ നാഭിയോളം വെള്ളത്തിലിറങ്ങി നിന്ന് ബിംബവുമായി മൂന്നുതവണ മുങ്ങി ഉയരണം. പിന്നീട് ബിംബത്തില്‍ മഞ്ഞള്‍ പൂശി ബിംബവുമായി അഘമര്‍ഷണസൂക്തം മൂന്നുരു ജപിച്ച് മൂന്നുതവണ വീണ്ടും മുങ്ങി ഉയര്‍ന്ന് പീഠത്തില്‍ എഴുന്നള്ളിച്ച് വയ്ക്കുന്നു. പിന്നെ ആചാര്യന്‍ നൂതന വസ്ത്രത്തെ ധരിച്ച് കാലും കഴുകി ബിംബത്തില്‍ വസ്ത്രാദി ഉപഹാരങ്ങള്‍ നല്‍കി മൂര്‍ത്തി പൂജയും ചെയ്ത് നിവേദ്യം സമര്‍പ്പിച്ച് വൈശ്യഹോമവും നടത്തുന്നു. തുടര്‍ന്ന് ജലത്തില്‍ ബലിതൂകി പ്രസന്നപൂജയും തീര്‍ത്ഥചൈതന്യത്തെ ഉദ്വസിക്കുകയും ചെയ്തതിന് ശേഷം ലയാംഗവും ചെയ്ത് പ്രാര്‍ത്ഥിക്കേണ്ടതാണ്.
ആറാട്ട് കടവില്‍ നിന്ന് നീരാജനം നടത്തി ബിംബത്തെ വാഹനത്തില്‍ വച്ച് വേഗത്തില്‍ മതില്‍ക്കെട്ടിനകത്തേക്ക് എഴുന്നെള്ളിച്ച് പ്രദക്ഷിണം വച്ച് വേഗത്തില്‍ മതില്‍കെട്ടിനകത്തേക്ക് എഴുന്നള്ളിച്ച് പ്രദക്ഷിണം വച്ച് ശ്രീകോവിലില്‍ ചെന്ന് ഉത്സവബിംബത്തിലെ ചൈതന്യത്തെ മൂല ബിംബത്തിലേക്ക് ആവാഹിക്കുന്നു. തുടര്‍ന്ന് കലശാഭിഷേകങ്ങള്‍ നടത്തി പരിവാരങ്ങള്‍ക്ക് അവസ്രാവപ്രോഷണവും ശ്രീഭൂതബലിയും നടത്തുന്നു. ആചാര്യന്‍ പിന്നീട് ആരോഹണം നടത്തിയ ധ്വജത്തെ മന്ത്രപുരസ്സരം അവരോഹണം നടത്തുന്നു. ഇതോടുകൂടി ഉത്സവം സമാപിക്കുന്നു.