മാതൃത്വത്തെ മധുരമാക്കുന്ന ദേവീപൂജ

ദേവഭൂമി, വേദഭൂമി, പുണ്യഭൂമി, കര്‍മഭൂമി എന്നിങ്ങനെ ഋഷീശ്വരന്മാരുടെ മഹിമയാല്‍ ആരാധ്യമായ ഈ ഭാരത ഭൂമിയെ നമിക്കുന്നു. അനവധി പുണ്യചൈതന്യം പ്രഭ തൂകുന്ന ഈ ത്രൈലോക്യ മോഹനമായ ഇവിടുത്തെ മധുരപൂരിത മഹോത്സവമാണ്‌ നവരാത്രി പൂജ. സ്ത്രീത്വത്തെയും മാതൃത്വത്തെയും പൂജാകുസുമങ്ങളര്‍പ്പിച്ചു വണങ്ങുന്നു. എല്ലായിടത്തും പൂര്‍ണപുണ്യം വ്യാപിപ്പിക്കുന്ന സൗഭാഗ്യദിനങ്ങളാണ്‌ നവരാത്രിയിലൂടേയും ദുര്‍ഗാപൂജയിലൂടെയും അര്‍പ്പിതമാകുന്നത്‌. ദിവ്യപരിവേഷം ചൂടുന്ന ഈ മഹോത്സവം സ്ത്രീത്വം, മാതൃത്വം, സഹോദരീത്വം, പ്രകൃതി ശക്തി എന്നിവയെ ആരാധിക്കാനും ലക്ഷ്മീദേവിയെ വണങ്ങി സമ്പത്ത്‌ ഭദ്രമാക്കാനും ഐശ്വര്യമാക്കാനും പഠിപ്പിക്കുന്നു. സരസ്വതി ദേവി, വിദ്യാ ദേവിയാണ്‌. ‘നഹിജ്ഞാനേനസദൃശം പവിത്രമിഹ വിദ്യതേ’, അറിവ്‌ നേടുകയാണ്‌ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാര്‍ഗം. ബുദ്ധിയും മനസ്സും ശരീരവും തെളിയുകയും പ്രകാശിക്കുകയും വേണം. വിവേകംകൊണ്ടുമാത്രമേ ആത്മജ്ഞാനം ലഭിക്കൂ. ബുദ്ധിയുടെ വ്യാപാരം അറിവിനെ സ്വാംശീകരിച്ച്‌ മനസ്സിലെത്തിക്കുകയാണ്‌ എന്നതാണ്‌. 

‘യാദേവീ സര്‍വഭൂതേഷു ബുദ്ധിരൂപേണ സംസ്ഥിതാ 
നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമഃ 

ബുദ്ധിയുടേയും ശക്തിയുടേയും സഹിഷ്ണുതയുടേയും കാരുണ്യത്തിന്റേയും ത്യാഗത്തിന്റേയും ഉറവിടം വിവേകമാണ്‌. വിവേകം ബുദ്ധിയില്‍നിന്നും കിട്ടുന്ന പരമാത്മജ്ഞാനം തന്നെ. ജ്ഞാനം ശരിയായി ലഭിച്ചാല്‍ മനസ്സ്‌ ഒരിക്കലും ദുര്‍ബലമാകയില്ല. തളരുകയില്ല. ദുര്‍വിചാരങ്ങള്‍ക്കോ ദുഷ്പ്രവൃത്തികള്‍ക്കോ ദുഷ്ട സംസ്കാരത്തിനോ ഒരിക്കലും അടിപ്പെടുകയില്ല. ആര്‍ക്കും മുമ്പില്‍ പരാജയപ്പെടുകയോ തകരുകയോ ഇല്ല. അതിനായി ശരിയായ അറിവ്‌ പ്രദാനം ചെയ്യാന്‍ അറിവിന്റെ സര്‍വസ്വമായ വാഗീശ്വരിയുടെ അനുഗ്രഹം ആവശ്യം തന്നെ. മാനസികമായ ശക്തിനേടാതെ വിവേകവും വിചാരവും ഉണ്ടാകില്ല. അതില്ലാതെ ത്യാജ്യഗ്രാഹ്യ വിവേചന ശക്തി കൈവരില്ല. മനസ്സില്‍ വിഷാദം വീശിയാല്‍ ജീവിതം തകര്‍ന്നതുതന്നെ. 

ജീവിത വിജയത്തിന്‌ ഉചിതമാംവിധം മനസ്സിനെ ശക്തിപ്പെടുത്തുക. അപ്പോള്‍ ബുദ്ധിവ്യാപാരം മനസ്സിനെ സ്വാധീനിക്കും. വാണീദേവിയെ കൈവണങ്ങുന്നത്‌ ഈവിധം മനസ്സിന്റെ മഹത്വം വര്‍ധിപ്പിക്കാനാണ്‌. 

മനസ്സ്‌ ശാന്തമാകാത്തിടത്ത്‌ ഒരിക്കലും ഈശ്വരസാന്നിധ്യം ഉണ്ടാകില്ല. മഹാലക്ഷ്മിയുടെ അനുഗ്രഹം ഉണ്ടാകുകയെന്നാല്‍ കിട്ടുന്ന സമ്പത്ത്‌ വിവേകപൂര്‍വം വിനിയോഗിക്കുക എന്നതാണ്‌. അറിവുള്ളവര്‍ മക്കള്‍ക്ക്‌ സമ്പത്ത്‌ നല്‍കുമ്പോള്‍ അത്‌ ഒരിക്കലും ദുര്‍വിഷയങ്ങള്‍ക്കോ ആര്‍ഭാടത്തിനോ അനാവശ്യകാര്യങ്ങള്‍ക്കോ ആയിരിക്കരുത്‌. ശരിയായ മാര്‍ഗനിര്‍ദ്ദേശം നല്‍കി സമ്പത്തിന്റെ മഹിമ അറിഞ്ഞു ജീവിച്ചില്ലെങ്കില്‍ ഉണ്ടാകുന്ന അനര്‍ത്ഥങ്ങളും ദുരന്തങ്ങളും എത്രയെന്ന്‌ നിര്‍ണയിക്കുവാന്‍ സാധ്യമല്ലാത്ത അവസ്ഥ വര്‍ത്തമാനകാല ജീവിതം ഉദാഹരിക്കുന്നുണ്ട്‌. മനസ്സിന്റെ അസ്വസ്ഥത മാറ്റാന്‍ ദേവീഗീതങ്ങള്‍ നമുക്ക്‌ സഹായമേകുന്നു. ഭക്തിയിലേക്കും ജ്ഞാനത്തിലേക്കും നയിക്കുന്ന ദേവീഭാഗവതം, സപ്തശതീ മാഹാത്മ്യം, ലളിതാസഹസ്രനാമം, സൗന്ദര്യലഹരി, മഹാലക്ഷ്മീകീര്‍ത്തനം, കനകധാരാസ്തവം എന്നിവയിലൂടെ ഈ പ്രസ്താവത്തില്‍ പുണ്യ ഗ്രന്ഥങ്ങളായി പാരായണം ചെയ്യുന്ന അന്തരീക്ഷം എങ്ങും ദീപ്തമാക്കണം. കരുത്തിന്റെ മാതാവാണ്‌ വാഗ്ദേവത. വാക്കിന്റെ ശക്തികൊണ്ട്‌ ഒരു വ്യക്തിയുടെ മഹത്വം നിലനിര്‍ത്താന്‍ കഴിയുന്നു. കാമ ക്രോധ ലോഭ മോഹ മദ മാത്സര്യ ഡംഭു അസൂയാദി എട്ട്‌ വൈരികളെ കീഴടക്കാതെ ഒരിക്കലും ഒന്നും നേടാനാവുന്നില്ല. 

കൈലാസം മുതല്‍ കന്യാകുമാരി വരെ ആഘോഷിക്കുന്ന ദേവീ പൂജ ഒരു വലിയ ദേശീയോത്സവം കൂടിയാണ്‌. ആയുധപൂജ, ദുര്‍ഗാപൂജ, വസന്തപൂജ, ശാരദീയ പൂജ, സരസ്വതീ പൂജ, കാര്‍ഷികോത്സവം, രാംലീല എന്നിങ്ങനെയെല്ലാം ആഘോഷിക്കുന്ന നവരാത്രി പൂജ വ്യക്തമായ അറിവു നേടാനും സര്‍വ ദുഃഖങ്ങള്‍ക്കും പരിഹാരം നേടാനും പൂജാവേളകള്‍ നമ്മേ സന്ദേശിപ്പിക്കുന്നു. ബാഹ്യവസ്തുക്കള്‍ തനിക്ക്‌ ആനന്ദം നേടിത്തരുമെന്ന വ്യാമോഹം നിലനില്‍ക്കുകയാല്‍ ആത്മാവിന്റെ ആനന്ദം നാം അറിയുന്നില്ല. ഈ മഹനീയാഘോഷത്തിലൂടെ മനസ്സിന്റെ അന്ധകാരത്തെ മാറ്റി സത്യധര്‍മങ്ങളുടെ മധുരോദാരഭാവം വളര്‍ത്തുക എന്ന മഹിതമായ മന്ത്രംകൊണ്ട്‌ ഈശ്വരചൈതന്യം നിറയ്ക്കുക. ദേശീയത ശക്തമാക്കുക. പാപവാസനകളെ കഴുകിക്കളയുക. എന്തുവന്നാലും നമ്മുടെ നാശം നാം തന്നെയെന്ന ചിന്ത ഉറപ്പിച്ച്‌ അധഃപതിക്കാതിരിക്കുക. ഈ നവോന്മേഷം നമുക്ക്‌ അക്ഷരജ്വാലയായി കൊളുത്താം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.