രാഹൗ ലഗ്നഗതേ കുളീരവൃഷഭാ-
ജർക്ഷേ ചിരായുഃ സുഖീ
നാന്യേഷ്വർത്ഥദയാസുഖാത്മജതപോ-
ധർമ്മച്യുതോ ദുർമ്മതിഃ
ഊർദ്ധ്വാംഗാമയവാൻ ബലീ ബഹുമതി-
ശ്ചാർത്‌ഥേ തു വക്രോക്തിധീ-
വിത്തജ്ഞാനസുഖാർണ്ണരോഷമുഖരുഗ്-
ഭൂപാർത്ഥഭോഗീ വ്രണീ.
സാരം :-
കർക്കിടകം, ഇടവം, മേടം എന്നീ രാശികളിൽ ഒന്ന് ലഗ്നരാശിയായി വരികയും ആ ലഗ്നരാശിയിൽ രാഹു നിൽക്കുമ്പോൾ ജനിക്കുന്നവൻ ദീർഘായുസ്സും സുഖവും അനുഭവിക്കുന്നതായിരിക്കും.
മിഥുനം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നീ രാശികളിൽ ഒന്ന് ലഗ്നരാശിയായി വരികയും ആ ലഗ്നരാശിയിൽ രാഹു നിൽക്കുമ്പോൾ ജനിക്കുന്നവൻ ആയുസ്സും സുഖവും മിക്കവാറും കുറഞ്ഞിരിക്കുന്നവനായിയിരിക്കും.
ലഗ്നത്തിൽ (ഏത് ലഗ്നരാശിയിലും) രാഹു നിൽക്കുമ്പോൾ ജനിക്കുന്നവൻ ധനവും ദയാശീലവും സുഖവും പുത്രന്മാരും തപസ്സും ധർമ്മവും കുറഞ്ഞിരിക്കുകയും, ദുസ്സ്വഭാവിയാകയും കഴുത്തിനുമേലിലുള്ള അംഗങ്ങളിൽ രോഗങ്ങളെക്കൊണ്ട് പീഡിതനാകയും ബലവാനാകയും ബുദ്ധിമാനാകയും ചെയ്യും.
(ദുർമ്മതിഃ എന്നും ബഹുമതിഃ എന്നും ഉള്ള ഫലങ്ങൾ അന്യോന്യവിരുദ്ധങ്ങളായി തോന്നുമെങ്കിലും ബുദ്ധിദോഷമുള്ളവനെങ്കിലും ബുദ്ധിമാനായിരിക്കുമെന്നുള്ള അർത്ഥം ഗ്രഹിച്ചാൽ ശരിയാകും).
രണ്ടാം ഭാവത്തിൽ രാഹു നിൽക്കുമ്പോൾ ജനിക്കുന്നവൻ പരമാർത്ഥത്തെ മറച്ചും വക്രതയോടുകൂടിയും സംസാരിക്കുന്നവനായും ബുദ്ധിയും ധനവും ജ്ഞാനവും സുഖവും ഉള്ളവനായും കടം ഉള്ളവനായും കോപിയായും മുഖരോഗവും വ്രണവും ഉള്ളവനായും രാജദ്രവ്യത്തെ അനുഭവിക്കുന്നവനായും ഭവിക്കും.