കല്‍ക്ക്യവതാരം

കലിയുഗാന്ത്യത്തോടുകൂടി ലോകത്ത്‌ സര്‍വജനങ്ങളും, നാസ്തികരും, അധാര്‍മ്മികളും, മ്ലേച്ഛാചാരത്തോടു കൂടിയവരും ആയിത്തീരും. ദേവന്മാരുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന്‌ വിഷ്ണുഭഗവാന്‍ ശംഭളഗ്രാമത്തിലെ വിഷ്ണുയശസ്സിന്റെ പുത്രിയായ പത്മാവതിയെയും, ശശിധ്വജന്റെ പുത്രിയായ രമയെയും കല്‍ക്കിദേവന്‍ വിവാഹം കഴിക്കും. പിന്നെ കല്‍ക്കിദേവന്‍ ഭൂലോകത്തിലെ സകലദുഷ്ടജനങ്ങളെയും നിഗ്രഹിച്ച്‌ സത്യധര്‍മ്മാദികളെ പുനഃസ്ഥാപിക്കും. അങ്ങനെ കലിയുഗത്തിനുശേഷം സത്യയുഗം സമാഗതമാകും. അന്ന്‌ സര്‍വ ജനങ്ങളും വേദോക്തമായ ധര്‍മ്മപന്ഥാവിലൂടെ മാത്രം സഞ്ചരിക്കുന്നവരായിത്തീരും. ഇപ്രകാരം തന്റെ അവതാരലക്ഷ്യത്തെ പൂര്‍ത്തിയാക്കിയതിന്‌ ശേഷം കല്‍ക്കിദേവന്‍ സ്വധാമത്തെ പ്രാപിക്കും. 

ഭാഗവതത്തില്‍ കല്‍ക്കിദേവന്റെ കുതിരയുടെ പേര്‌ ദേവദത്തം എന്നാണ്‌. കല്‍ക്കിദേവന്റെ രോമകൂപങ്ങളില്‍ നിന്നും തേജസ്സുറ്റ കിരണങ്ങള്‍ സ്ഫുരിച്ചുകൊണ്ടിരിക്കുന്നു. അദ്ദേഹം ഭൂമണ്ഡലം മുഴുവന്‍ ചുറ്റി നൃപന്മാരുടെ വേഷത്തില്‍ ഒളിഞ്ഞിരിക്കുന്ന ചോരന്മാരെയെല്ലാം നിഗ്രഹിക്കും. കല്‍ക്കി അവതാരം എടുക്കുന്നതോടുകൂടി തന്നെ സത്യയുഗത്തിന്റെ ആരംഭവും ഉണ്ടാകുന്നതായി പറഞ്ഞിരിക്കുന്നു. ഇതിന്‌ സമാനമായ ചരിതം തന്നെ വിഷ്ണു പുരാണത്തിലും പറഞ്ഞിരിക്കുന്നു.

ബ്രഹ്മവൈവര്‍ത്തപുരാണത്തിലെ പരാമര്‍ശം കലിയുഗാന്ത്യത്തോടുകൂടി ജനങ്ങള്‍ തള്ളവിരലിന്റെയും വൃക്ഷങ്ങള്‍ കയ്യോളവും വലിപ്പമുള്ളതായിതീരുമത്രേ. അക്കാലത്താണ്‌ കല്‍ക്കിഭഗവാന്‍ അവതരിക്കുക. അദ്ദേഹം അതിവേഗതയോടുകൂടിയ കുതിരയുടെ പുറത്തുകയറി മൂന്നുനാള്‍ കൊണ്ട്‌ ഭൂമിയെ മ്ലേച്ഛശൂന്യമാക്കിത്തീര്‍ക്കും. പിന്നെ ആറു ദിവസം തുടര്‍ച്ചയായി മഴ പെയ്യും. അതോടുകൂടി ഭൂമി മുഴുവന്‍ ജലത്തിന്റെ അടിയിലായിത്തീരും. പിന്നെ ആകാശത്തില്‍ ദ്വാദശാദിത്യന്മാര്‍ ഒരുമിച്ച്‌ ഉദിച്ച്‌ ജലത്തെയെല്ലാം വറ്റിച്ചുകളഞ്ഞ്‌ പൂര്‍വസ്ഥിതിയിലാക്കും. 

ഭവിഷ്യപുരാണത്തിലെ പരാമര്‍ശം ഇപ്രകാരമാണ്‌. കലിയുഗത്തിലെ നാലാം പാദമാകുമ്പോള്‍ മനുഷ്യരെല്ലാം നരകപ്രാപ്തിക്ക്‌ യോഗ്യരായിത്തീരും. അധര്‍മ്മം വര്‍ധിച്ചിരിക്കുന്ന അക്കാലത്ത്‌ യമധര്‍മ്മന്‍ ബ്രഹ്മാവിനെ ചെന്നുകണ്ട്‌ സങ്കടമുണര്‍ത്തിക്കും. ബ്രഹ്മാവ്‌ യമനെയും കൂട്ടി വൈകുണ്ഠത്തിലേക്ക്‌ പോയി വിഷ്ണുഭഗവാനോട്‌ എല്ലാ കാര്യങ്ങളും ഉണര്‍ത്തിക്കും. പിന്നെ ഭഗവാന്‍ സംഭളഗ്രാമത്തിലെ വിഷ്ണുയശസ്സിന്റെ പുത്രനായി അവതരിക്കും. 

മാര്‍ഗ്ഗശീര്‍ഷമാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി നാളില്‍ അര്‍ദ്ധരാത്രിയിലായിരിക്കും ഭഗവാന്റെ തിരുവതാരം സംഭവിക്കുകയെന്ന്‌ പറഞ്ഞിരിക്കുന്നു. വിഷ്ണുയശസ്സ്‌ കശ്യപ പ്രജാപതിയുടെ പുനര്‍ജന്മമാണത്രേ. കല്‍ക്കിദേവന്റെ മാതാവിന്റെ പേര്‍ വിഷ്ണുകീര്‍ത്തി എന്നായിരിക്കുമത്രേ. അവര്‍ ഭഗവാന്റെ ചരിതങ്ങളെ, ലീലാചരിതത്തെ ജനങ്ങള്‍ക്ക്‌ വായിച്ച്‌ കേള്‍പ്പിക്കും. ഇതുകേട്ട്‌ മൂഢരായ ജനങ്ങള്‍ അവരെ കാരാഗൃഹത്തില്‍ അടയ്ക്കും. ഇതിന്‌ ശേഷം അവതരിക്കുന്ന കല്‍ക്കി ഭഗവാന്റെ ദ്വിഗ്വിജയം 16000 സംവത്സരം പൂര്‍ത്തിയാക്കുമ്പോഴും ഭൂമി മനുഷ്യശൂന്യമാവുകയും, കലിയുഗം അവസാനിക്കുകയും ചെയ്യും. കലി അസുരരാജാവായ ബലിയുടെ അടുത്തേക്ക്‌ തിരിച്ചുപോകും. ഭൂമി പ്രളയത്തില്‍ മുങ്ങും. ഭഗവാന്‍ തന്നെ പിന്നെ ഭൂമിയെ ഉയര്‍ത്തിക്കൊണ്ടുവന്ന്‌ യജ്ഞങ്ങള്‍കൊണ്ട്‌ ദേവന്മാരെ പൂജിക്കും. 

ചതുര്‍വര്‍ണ്യത്തില്‍പ്പെട്ട ജനങ്ങള്‍ ഉണ്ടാകും. വൈവസ്വതമനു അയോദ്ധ്യയെ തലസ്ഥാനമാക്കി ഭരണം ആരംഭിക്കും. (അതോടെ വൈവസ്വതമന്വന്തരത്തിലെ 29-ാ‍ം ചതുര്‍യുഗത്തിലെ കൃതയുഗം ആരംഭിക്കുന്നു.) നാലുവേദങ്ങളും, അഷ്ടാദശപുരാണങ്ങളും സ്വരൂപികളായി ഭൂമിയില്‍ പ്രവേശിക്കും. കല്‍ക്കിഭഗവാന്‍ ഒരു ബ്രഹ്മസത്രം നടത്തും. ആ യജ്ഞകുണ്ഡത്തില്‍ നിന്നാണ്‌ സത്യയുഗം ആവിര്‍ഭവിക്കുക. കാര്‍ത്തിക മാസത്തിലെ ശുക്ലപക്ഷനവമിയും, വ്യാഴാഴ്ചയും ഒത്തുചേരുന്ന ദിവസമായിരിക്കും കൃതായുഗാരംഭം. കല്‍ക്കിഭഗവാന്റെ തിരുവവതാരം ഇനി വരുവാന്‍ പോകുന്നതാണ്‌. ത്രികാലജ്ഞാനികളായ ഋഷിമാര്‍ ഭഗവാന്റെ അവതാരത്തെക്കുറിച്ച്‌ സജ്ജനങ്ങള്‍ക്ക്‌ കീര്‍ത്തിക്കാനായി സവിസ്തരം പ്രവചിച്ചിരുന്നു. കലിദോഷത്തെയെല്ലാം ഇല്ലാതാക്കാനായി അവതരിക്കുന്ന കല്‍ക്കിഭഗവാന്‍ എല്ലാവര്‍ക്കും ശാന്തിയെ പ്രദാനം ചെയ്യട്ടെ.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.