യുഗസങ്കല്‍പം

അദ്ധ്യാത്മികവിദ്യയാണ്‌ ഭാരതത്തിലെ എല്ലാ വിജ്ഞാനശാഖകളുടെയും പ്രാഭവസ്ഥാനമായി വര്‍ത്തിക്കുന്നത്‌. ഇതിന്റെ ദൃഷ്ടാക്കള്‍ ഋഷിമാരാണ്‌. ഭാരതീയസംസ്കാരത്തിന്റെ വിജ്ഞാനത്തിന്‌ അടിസ്ഥാനം ഇവരുടെ വിജ്ഞാനമാണ്‌. അതുകൊണ്ടാണ്‌ ആര്‍ഷസംസ്കാരത്തെ ആര്‍ഷസംസ്കൃതി എന്ന്‌ അഭിസംബോധനചെയ്യുന്നത്‌. പ്രപഞ്ചം,ഈശ്വരന്‍, കാലം തുടങ്ങിയവയെക്കുറിച്ച്‌ ലളിതമായി യുഗം, അവതാരം എന്നീ രൂപത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്‌ കാണാം. 

യുഗം, അവതാരം എന്നീ രണ്ട്‌ സങ്കല്‍പ്പങ്ങളും പരസ്പരം പൂരകങ്ങളാണ്‌. യുഗധര്‍മത്തെ വെളിവാക്കുന്നതിനും പരിപാലിക്കുന്നതിനും വേണ്ടിയാണ്‌ ഈശ്വരന്‍ അവതാരങ്ങളെ കൈകൊള്ളുന്നത്‌ എന്നതാണ്‌ ഇതിന്‌ കാരണം. കാലവും ലോകവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. കാലത്തിന്റെ ശക്തികൊണ്ട്‌ ലോകത്ത്‌ നിരന്തരം പരിവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്നു. അനന്തമായ കാലത്തെ അതിന്റെ സവിശേഷതകളെ ആസ്പദമാക്കി വിഭജിച്ചിരിക്കുന്നതിനെയാണ്‌ യുഗം എന്ന്‌ പറയുന്നത്‌. പ്രധാനമായും നാലുയുഗങ്ങളെ പറയുന്നു-സത്യയുഗം, ത്രേതായുഗം, ദ്വാപരയുഗം,കലിയുഗം. ചതുര്‍യുഗങ്ങളുടെ അവസാനം സൃഷ്ടികളെല്ലാം സൂക്ഷ്മരൂപമായി പ്രകൃതിയില്‍ ലയിച്ച്‌ പ്രകൃതി ഭഗവാനില്‍ ലയിച്ച്‌ ഭഗവാന്‍ യോഗനിദ്രയെ പ്രാപിക്കുന്നു. പിന്നെ ഭഗവാന്‍ തന്നെ വൃക്ഷോദരനായി അവയെ ആരംഭിക്കുന്നു. അങ്ങനെ വീണ്ടും വിശ്വം നിലവില്‍വരുന്നു. ഇത്‌ ആദ്യന്തവിഹീനമായ പ്രക്രിയ ആയതിനാല്‍ ഭഗവാന്‍ യുഗാവര്‍ത്തനാകുന്നു. യുഗ്മം എന്ന പദത്തിന്‌ ‘മ’കാരത്തിന്‌ ലോപം സംഭവിച്ചാണ്‌ യുഗം എന്ന ശബ്ദം നിഷ്പന്നമാകുന്നത്‌. യുഗങ്ങളില്‍ കൃത-ത്രേതകളെയും, ദ്വാപര- കലികളെയും ഇരട്ടകളായി കണക്കാക്കുന്നു. കാലം ഒരു ചക്രം പോലെയാണ്‌. ഇതേ സവിശേഷത യുഗങ്ങള്‍ക്കും പറയാവുന്നതാണ്‌. ഒരു ചക്രം തിരിയുന്നതുപോലെ യുഗങ്ങള്‍ മാറിമാറി വരുന്നു. 

അതിസൂക്ഷ്മം മുതല്‍ ബ്രഹ്മായുസ്സ്‌ വരെയുള്ള കാലത്തെ ഭാരതീയര്‍ കണക്കാക്കിയിട്ടുണ്ട്‌. ഒരു താമരയിതളിനെ തുളച്ച്‌ സൂചി പുറത്തെത്തുന്നതിന്‌ എടുക്കുന്ന സമയത്തെ അല്‍പകാലം എന്ന്‌ പറയുന്നു. 30 അല്‍പകാലം-ഒരു ത്രുടി, 30 ത്രുടി- ഒരു കല, 30 കല-ഒരു കാഷ്ഠ, 30 കാഷ്ഠ- ഒരു നിമിഷം, 4 നിമിഷം- ഒരു ഗണിതം, 60 ഗണിതം-ഒരു വിനാഴിക, 60 വിനാഴിക- ഒരു നാഴിക,60 നാഴിക – ഒരു രാവും പകവും ചേര്‍ന്ന ദിവസം, 15 ദിവസം- ഒരു പക്ഷം, 2 പക്ഷം- ഒരു മാസം, 12 മാസം- ഒരു മനുഷ്യവര്‍ഷം, ഒരു മനുഷ്യവര്‍ഷം-ഒരു ദേവദിനം,360 ദേവദിനം- ഒരു ദേവവര്‍ഷം, ഇതിനെ ദിവ്യവര്‍ഷം എന്നും പറയുന്നു.1200 ദിവ്യവര്‍ഷങ്ങള്‍ ചേര്‍ന്നതാണ്‌ ഒരു ചതുര്‍യുഗം. സത്യയുഗം, ത്രേതായുഗം,ദ്വാപരയുഗം,കലിയുഗം എന്നിവയാണ്‌ ഒരു ചതുര്‍യുഗത്തിലെ നാല്‌ യുഗങ്ങള്‍. 

ഓരോ യുഗവും സന്ധ്യ, സന്ധ്യാംശം എന്നിവ കൂടിചേര്‍ന്നതാണ്‌. സന്ധ്യയെയും, സന്ധ്യാംശത്തെയും ഉള്‍പ്പെടുത്തിയാണ്‌ യുഗത്തിന്റെ കാലയളവിനെ കണക്കാക്കുന്നത്‌. സത്യയുഗത്തില്‍ 4,000 ദിവ്യവര്‍ഷവും, സന്ധ്യയും, സന്ധ്യാംശയും 400 ദിവ്യവര്‍ഷം ആണ്‌, ആകെ 4800 ദിവ്യവര്‍ഷം. അതുപോലെ,3000 ദിവ്യവര്‍ഷം ത്രേതായുഗത്തിലും, സന്ധ്യയും ,സന്ധ്യാംശവും 300 ദിവ്യവര്‍ഷംവീതവും ആണ്‌. ആകെ 3600 ദിവ്യവര്‍ഷം. 2000 ദിവ്യവര്‍ഷം ദ്വാപരയുഗത്തിലും, സന്ധ്യയും, സന്ധ്യാംശവും 200 ദിവ്യവര്‍ഷവും ആകെ 2400 ദിവ്യവര്‍ഷവും ആണ്‌.കലിയുഗത്തില്‍ 1000 ദിവ്യവര്‍ഷവും, സന്ധ്യയും, സന്ധ്യാംശവും 100 ദിവ്യവര്‍ഷം വീതവും ആണ്‌. ആകെ 1200 ദിവ്യവര്‍ഷം. ഒരു ചതുര്‍യുഗത്തില്‍ ആകെ 12000ദിവ്യവര്‍ഷം ഉണ്ട്‌. ഇപ്രകാരമുള്ള 71 ചതുര്‍യുഗങ്ങള്‍ ചേര്‍ന്നതാണ്‌ ഒരു മന്വന്തരം. 14 മനന്വന്തരങ്ങള്‍ അഥവാ ആയിരം ചതുര്‍യുഗങ്ങള്‍ ചേര്‍ന്നതാണ്‌ ബ്രഹ്മാവിന്റെ ഒരു പകല്‍. ഇതിനെ ഒരു കല്‍പം എന്ന്‌ പറയും. അത്രയും കാലം ബ്രഹ്മാവിന്റെ രാത്രിയാണ്‌. ഇത്തരം 360 ബ്രഹ്മദിവസങ്ങള്‍ ചേര്‍ന്നതാണ്‌ ബ്രഹ്മാവിന്റെ ബ്രഹ്മവര്‍ഷം. അങ്ങനെയുള്ള 100 ബ്രഹ്മവര്‍ഷങ്ങള്‍ ചേര്‍ന്നതാണ്‌ ബ്രഹ്മാവിന്റെ ആയുഷ്കാലം. അതിന്‍ശേഷം ബ്രഹ്മാവും പരബ്രഹ്മത്തില്‍ ലയിക്കുന്നു. അതോടെ മഹാപ്രളയം സംഭവിക്കുന്നു. അടുത്ത മഹാസൃഷ്ടിയുടെ കാലത്ത്‌ വിഷ്ണുവിന്റെ നാഭീകമലത്തില്‍ നിന്ന്‌ പുതിയ ബ്രഹ്മാവ്‌ ജാതനാകുന്നു. അദ്ദേഹം പഴയതുപോലെ പ്രപഞ്ചത്തെ സൃഷ്ടിക്കുന്നു. 1200 ദിവ്യവര്‍ഷത്തെ ഒരു കല എന്ന്‌ വിശേഷിപ്പിക്കാം. സത്യയുഗം 4കലകളോടും, ത്രേതായുഗം 3 ,ദ്വാപരയുഗം 2 ,കലിയുഗം 1 കലയോടും ആണ്‌ ഉള്ളത്‌. ഒരു യുഗത്തില്‍ എത്ര കലകളുണ്ടോ അത്രയും അവതാരങ്ങളും ഉണ്ടാകുന്നു. സത്യയുഗത്തില്‍ മത്സ്യം,കൂര്‍മം, വരാഹം,നരസിംഹം എന്നിവയും വാമനന്‍, പരശുരാമന്‍,ശ്രീരാമന്‍ ത്രേതായുഗത്തിലും ബലരാമനും ,ശ്രീകൃഷ്ണന്‍ ദ്വാപരയുഗത്തിലും കല്‍ക്കി കലിയുഗത്തിലും അവതരിക്കുന്നു. 

എല്ലാ അവതരാങ്ങളും 1200 ദിവ്യവര്‍ഷങ്ങള്‍ ഇടവിട്ടാണ്‌ സംഭവിക്കുന്നത്‌. അതായത്‌, ഓരോ അവതാരവും യുഗകലയുടെ അവസാനസമയത്തുള്ള സന്ധ്യാംശത്തിലാണ്‌ വരുന്നത്‌. ബലരാമനും ശ്രീകൃഷ്ണനും മാത്രമാണ്‌ ഇതിന്‍ നിന്ന്‌ വ്യത്യസ്തം. 

ആയിരം ചതുര്‍യുഗങ്ങളാണ്‌ ബ്രഹ്മാവിന്‍രെ ഒരു പകലും രാത്രിയും. 360 അഹോരാത്രങ്ങള്‍ ചേര്‍ന്നതാണ്‌ ബ്രഹ്മാവിന്റെ ഒരു ബ്രഹ്മവര്‍ഷം. 100 ബ്രഹ്മവര്‍ഷങ്ങള്‍ ചേര്‍ന്നത്‌ ഒരു ബ്രഹ്മായുസ്സുമാണ്‌.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.