ജനനസമയത്തിനു സംസ്കരിച്ചെടുത്ത ചന്ദ്രസ്ഫുടത്തിലെ രാശിസംഖ്യയെ 30 ൽ പെരുക്കി (ഗുണിച്ച്) തിയ്യതിയിൽ ചേർത്ത് കിട്ടുന്ന സംഖ്യയെ 60 ൽ പെരുക്കി (ഗുണിച്ച്) കലയിൽ ചേർത്ത് കിട്ടുന്ന സംഖ്യയെ 4800 കൊണ്ട് ഹരിക്കണം. ശിഷ്ടം വരുന്ന സംഖ്യയെ 200 കൊണ്ട് ഹരിച്ചഫലവും, ശിഷ്ടവും പ്രത്യേകം, പ്രത്യേകം സൂക്ഷിച്ചുവെക്കണം. അതിനുശേഷം ഹരണഫലത്തിൽ ഒന്ന് കൂട്ടിക്കിട്ടിയ സംഖ്യ 8 ൽ അധികമാണെങ്കിൽ 8 കളഞ്ഞ് (8 കുറച്ച്) ശിഷ്ടവും, 12 ൽ അധികമാണെങ്കിൽ അതിൽ നിന്ന് 4 കളഞ്ഞ (4 കുറച്ച) ശിഷ്ടവും, 20 ൽ അധികമാണെങ്കിൽ അതിൽ നിന്ന് 12 കളഞ്ഞ (12 കുറച്ച) ശിഷ്ടവും സ്വീകരിക്കണം. ഈ സംഖ്യയാണ് കാലചക്രദശാവാക്യസംഖ്യ. ഈ ദശാസംഖ്യ എത്രയോ അത്രാമത്ത കാലചക്രദശാവാക്യം ഉപയോഗിച്ച് കാലചക്രദശാനാഥന്മാരെ അറിയണം. ഈ കാലചക്രദശാവാക്യത്തിലെ ഒന്നാമത്തെ അക്ഷരസംഖ്യ എത്രയാണോ, മേടം മുതൽ അത്രാമത്തെ രാശിയുടെ അധിപന്റെ കാലചക്രദശാസംവത്സരം കൊണ്ടു 200 ൽ ഹരിച്ച ശിഷ്ടത്തെ 200 ൽ നിന്ന് കളഞ്ഞ (കുറച്ച) ശേഷം സംഖ്യയെ പെരുക്കണം (ഗുണിക്കണം). പെരുക്കിയ (ഗുണിച്ച) ശേഷം 200 കൊണ്ട് തന്നെ ആ സംഖ്യയെ ഹരിക്കണം. ആ ഫലം ജനനത്തിനുശേഷം കാലചക്രദശയിൽ ആ രാശ്യാധിപന് കഴിവാനുള്ള " കൊല്ലമാണ് ". ശിഷ്ടത്തെ 12 ൽ പെരുക്കി (ഗുണിച്ച്) 200 ൽ ഹരിച്ച് കിട്ടുന്ന ഹരണഫലം കഴിവാനുള്ള " മാസമാണ് ". ശേഷം അതിലെ ശിഷ്ടത്തെ 30 ൽ പെരുക്കി (ഗുണിച്ച്) 200 കൊണ്ട് ഹരിച്ചാൽ കിട്ടുന്ന ഹരണഫലം ആ ദശയിൽ കഴിവാനുള്ള " ദിവസമാണ് ". അതിൽ ശിഷ്ടം 60 ൽ പെരുക്കി (ഗുണിച്ച്) 200 ൽ ഹരിച്ചാൽ വരുന്ന സംഖ്യ " കലയുമാണ് ". ഇതാണ് കാലചക്രദശാ നിർമ്മാണരീതി.
********************************
********************************
"നക്ഷത്രദശയും കാലചക്രദശയും മറ്റു ദശകളെക്കാൾ പ്രധാനങ്ങളാകുന്നു."