മൂര്‍ത്ത്യാദ്യാ നിജരന്ധ്രപേന ശനിനാ വാ സ്യുര്‍യദാ സംയുതാഃ
സ്വസ്വാരിവ്യയരന്ധ്രപാപഹൃതയസ്തല്‍സ്ഥസ്യ വാ ചേത്തദാ
തത്തല്‍ ഭാവവിപത്തിരസ്തി നിയമാദേവം വരാംഗാദിഷു
ബ്രൂയാദംഘ്രിയുഗാന്തിമേഷു ച വപുര്‍ഭാഗേഷു രോഗാന്‍ സുധീഃ
സാരം :-
ലഗ്നാദികളായ ഏതൊരു ഭാവത്തെക്കുറിച്ചു ചിന്തിക്കുന്നുവോ ആ ഭാവത്തിന്‍റെ അഷ്ടമാധിപനോ ശനിയോ ചാരവശാല്‍ ആ ഭാവത്തില്‍ വരുമ്പോള്‍ ആറ്, എട്ട്, പന്ത്രണ്ട് ഈ ഭാവങ്ങളുടെ അധിപന്മാരുടെയോ ഈ ഭാവത്തില്‍ നില്‍ക്കുന്നവരുടെയോ അപഹാരവും കൂടി വന്നാല്‍ അക്കാലത്ത് ആ ഭാവനാശം സംഭവിക്കുമെന്ന് തീര്‍ച്ചപ്പെടുത്തിപറയാം. ലഗ്നാദികളായ ഭാവങ്ങളെക്കൊണ്ട് ശിരസ്സ് മുതലായ അവയവങ്ങളെ മുന്‍പേ പറഞ്ഞിട്ടുണ്ടല്ലോ. മുന്‍പറഞ്ഞ ന്യായമനുസരിച്ച് അഷ്ടമാധിപനോ ശനിയോ ചാരവശാല്‍ വരികയും അനിഷ്ടദമന്മാരുടെ അപഹാരം കൂടി അപ്പോള്‍ സംഭവിക്കുകയും ചെയ്‌താല്‍ ആ ഭാവം കൊണ്ട് പറയാവുന്ന അവയവത്തില്‍ രോഗമുണ്ടാകുമെന്നും പറയാം. വിശേഷിച്ചു ബുദ്ധിപൂര്‍വ്വം ആലോചിച്ചുവേണം ഈ സംഗതി പറയേണ്ടത്.