ദൃഷ്ടിബലക്രിയ
വരാഹമിഹിരാചാര്യദൃഷ്ടിയില്‍ ജാതകഫലപ്രവചനം ശാസ്ത്രസങ്കേതജഡിലമാണ്. അതില്‍ ഏറ്റവും ഫലപ്രദമായ ഗ്രഹങ്ങളുടെ വീക്ഷണബലം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അതിനായി ദൃഷ്ടിബലം സംഗ്രഹിച്ച് എളുപ്പത്തില്‍ ഇവിടെ പ്രതിപാദിക്കാം. വിശദജ്ഞാനത്തിനായി ഗ്രന്ഥാന്തരസഹായം കൂടിയേ കഴിയു.
ദ്രഷ്ടാവ് - നോക്കുന്ന ഗ്രഹം. ദൃശ്യന്‍ - ദ്രഷ്ടാവിന്‍റെ നോട്ടത്തിനു വിഷയീഭവിക്കുന്ന ഗ്രഹം. ഈ തത്ത്വമനുസരിച്ച് ദൃശ്യനായ ഗ്രഹത്തിന്‍റെ സ്ഫുടം വെച്ച് ഈ സ്ഫുടത്തില്‍ നിന്ന് ദ്രഷ്ടാവായ ഗ്രഹത്തിന്‍റെ സ്ഫുടം കളയണം. ശിഷ്ടം വരുന്നതാണ് ദൃഷ്ടികേന്ദ്രം. ഈ ദൃഷ്ടികേന്ദ്രസ്ഫുടം 6 രാശിയില്‍ അധികം ഉണ്ടായാല്‍ അതിനെ 10 ല്‍ നിന്ന് കളയണം. ശിഷ്ടത്തെ കലയാക്കി മാറ്റണം. (രാശിസംഖ്യ 30 ല്‍ പെരുക്കി തിയ്യതിയില്‍ ചേര്‍ത്ത് തിയ്യതിയെ 60 ല്‍ പെരുക്കി കലയില്‍ ചേര്‍ത്താല്‍ സ്ഫുടം ആകെ കലയായി തീരുമല്ലോ) അതിനുശേഷം കലയെ 2200 കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന ഫലമാണ് ദൃഷ്ടിഷഷ്ട്യാംശം. അതായത് 60 ല്‍ വരുന്ന ഭാഗം.
ദൃശ്യനായ ഗ്രഹത്തിന്‍റെയും ദ്രഷ്ടാവായ ഗ്രഹത്തിന്‍റെയും സ്ഫുടാന്തരം 6 രാശി പൂര്‍ണ്ണമായിരുന്നാല്‍ അതില്‍ നിന്ന് 5 രാശി കുറച്ച് ശിഷ്ടം വരുന്നതിനെ മേല്‍പറഞ്ഞ വിധം കലയാക്കി മാറ്റി 1800 കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന ഫലം ദൃഷ്ടിഷഷ്ട്യാംശമായിരിക്കും.
മുന്‍വിസ്തരിച്ച പ്രകാരം ഇരു ഗ്രഹങ്ങളുടേയും സ്ഫുടാന്തരം 4 രാശിയില്‍ അധികമായാല്‍ 5 രാശിയില്‍ നിന്ന് കളഞ്ഞ് ശിഷ്ടത്തെ മേല്‍പ്രകാരം ഇലിയാക്കി അതിനെ 3600 കൊണ്ട് ഹരിച്ചാല്‍ ദൃഷ്ടിഷഷ്ട്യാംശം കിട്ടും. ഈ വിധം ദൃഷ്ടികേന്ദ്രമെന്ന സ്ഫുടാന്തരം 3 രാശിയില്‍ അധികമുണ്ടായാല്‍ 4 രാശി സംഖ്യയില്‍നിന്നും ആ സ്ഫുടം കളഞ്ഞാല്‍ കിട്ടുന്ന ശിഷ്ടത്തെ നാഴികയാക്കി 600 കൊണ്ട് ഹരിച്ച ഹരണഫലം 600 ല്‍ ഹരിക്കുന്നതിനുമുന്‍പുള്ള ഇലിസംഖ്യ വെച്ച് അതില്‍കൂട്ടി വീണ്ടും അതിനെ 7200 ല്‍ ഹരിച്ചാല്‍ കിട്ടുന്ന ഹരണഫലമാണ് ദൃഷ്ടിഷഷ്ട്യാംശം. ദൃഷ്ടികേന്ദ്രസ്ഫുടാന്തരം രണ്ടു രാശിയില്‍ അധികമുണ്ടായാല്‍ രാശി കളഞ്ഞ് തിയ്യതിയെ 60 ല്‍ പെരുക്കി ഇലിയില്‍ ചേര്‍ത്ത് അതില്‍ 900 ചേര്‍ത്ത് 3600 കൊണ്ട് ഹരിച്ച് ദൃഷ്ടിഷഷ്ട്യാംശം കാണണം. സ്ഫുടാന്തരം ഒരു രാശിയില്‍ അധികമുണ്ടായിരുന്നാല്‍ ആ ഒരു രാശി കളഞ്ഞ് തിയ്യതിയെ 60 ല്‍ പെരുക്കി ഇലിയില്‍ ചേര്‍ത്ത് 2700 കൊണ്ട് ഹാരിച്ചാല്‍ കിട്ടുന്ന ഹരണഫലം ദൃഷ്ടിഷഷ്ട്യാംശമാകുന്നു. ഇതിന്‍വിധം അന്തരിച്ചുവരുന്ന ദൃഷ്ടികേന്ദ്രം 10 രാശിയില്‍ അധികം ഉണ്ടായാല്‍ ആ ഗ്രഹത്തിന് ദൃഷ്ടിയില്ലെന്ന് അറിയണം.
ശനിക്ക് 3 ലും 10 ലും വിശേഷദൃഷ്ടി ഉള്ളതുകൊണ്ട് മേല്‍പറഞ്ഞപ്രകാരം ദൃഷ്ടിവരുത്തി അതില്‍ 12 കലകള്‍ കൂട്ടിയാല്‍ സ്പഷ്ടമായ ശനിദൃഷ്ടി ലഭിക്കും.
വ്യാഴത്തിന് 9 ലും 5 ലും വരുന്ന ദൃഷ്ടിബലമറിവാന്‍ മേല്‍പറഞ്ഞവിധം ദൃഷ്ടിസ്ഫുടക്രിയ ചെയ്ത് അതില്‍ 30 കല ചേര്‍ത്താല്‍ ദൃഷ്ടിബലം എത്രയെന്ന് ലഭിക്കും.
ചൊവ്വയ്ക്ക് 4 ലും 8 ലും വരുന്ന ദൃഷ്ടിബലം കാണാന്‍ ദൃഷ്ടി ബലക്രിയ ചെയ്ത ഇലിയില്‍ 15 കല കൂട്ടിയാല്‍ ദൃഷ്ടിബലം വ്യക്തമായി ലഭിക്കും.
മേല്‍ വിവരിച്ച വിധം ഓരോ ഗ്രഹത്തിന്‍റെയും ദൃഷ്ടിബലക്രിയകള്‍ അറിയണം. ഏതു ഗ്രഹങ്ങള്‍ക്കെല്ലാം ഏതേതു ഭാഗങ്ങളില്‍ ശുഭഗ്രഹങ്ങളുടെ ദൃഷ്ടിയുണ്ടോ അതിനെയും ക്രിയചെയ്തെടുത്ത് പ്രത്യേകം രണ്ടു സ്ഥലങ്ങളിലായി കൂട്ടിവെയ്ക്കണം. ഇങ്ങനെ രണ്ടിടത്തു ബലപിണ്ഡങ്ങളിലായി ശുഭഗ്രഹങ്ങളുടെ ദൃഷ്ടിക്കാണ് ആധിക്യമെങ്കില്‍ അവയെ 4 ല്‍ ഹരിച്ച് കിട്ടുന്ന ഹരണഫലത്തെ ശുഭഗ്രഹങ്ങളുടെ ദൃഷ്ടിബലത്തില്‍ കൂട്ടുകയും; പാപഗ്രഹ ദൃഷ്ടിക്കാണ് ആധിക്യമെങ്കില്‍ ദൃഷ്ടിയുടെ 4 ല്‍ ഒരു ഭാഗം കളഞ്ഞശേഷം ശുഭന്മാരുടെയും പാപന്മാരുടെയും ദൃഷ്ടിബലങ്ങളെ ഒരുമിച്ചു കൂട്ടുകയും ചെയ്‌താല്‍ സ്പഷ്ടമായ ഗ്രഹദൃഷ്ടിബലം കിട്ടുകയും ചെയ്യും. ഇപ്രകാരം ഗ്രഹങ്ങളുടെ സ്ഥാനാദികളായ ബലങ്ങളെ ക്രിയ ചെയ്തു കാണാവുന്നതാണ്. ഇങ്ങനെ വരുത്തിയ ഗ്രഹങ്ങളുടെ സംയോഗമാണ് ബലപിണ്ഡം.
ആയുര്‍ദ്ദായം ബലപിണ്ഡം മുതലായ വരുത്തുവാനുള്ള ക്രിയാ പദ്ധതികള്‍ പലതാണ്. അവയില്‍ ലളിതമെന്നു തോന്നുന്ന ഒരു ക്രിയ ഇവിടെ എടുത്തുകാട്ടിയെന്നു മാത്രം. വിശദവും സൂക്ഷ്മവുമായ പദ്ധതികള്‍ മറ്റു ഗ്രന്ഥങ്ങളില്‍ നിന്ന് ഇവിടെ പറഞ്ഞ സൂത്രവിദ്യാഗ്രഹണത്തിന്‍റെ അടിസ്ഥാനത്തില്‍ സൂക്ഷ്മമായി പരിശോധിച്ചറിഞ്ഞു പ്രയോഗിക്കേണ്ടതാണ്. മാര്‍ഗ്ഗനിര്‍ദ്ദേശം മാത്രമാണിവിടെ ചെയ്തിട്ടുള്ളത്.