Showing posts with label bhavam. Show all posts
Showing posts with label bhavam. Show all posts

കേതുവിന്റെ കാരകത്വം

ഉല്ക്കാഗ്നിജ്വാലകീലദ്ധ്വജഖനനവധ-
ക്ഷേപസൂച്യാദികർമ്മ-
ക്ഷാരാംഗാരാണ്ഡവർഗ്ഗാ മധുരുധിരപല-
ക്ഷുദ്രപൂർണ്ണപ്രയോഗാഃ
ഖദ്യോതാ യൂകദംശാദ്യഘബലിവിധയോ
മാരണോച്ചാടനാദ്യം
കർമ്മാന്ന്യദ്യുദ്ധശാസ്ത്രാഭ്യസനമൃതിരണാഃ
കേതുതോ മാതൃതാതഃ

സാരം :-

കൊള്ളിമീൻ, തീകൊള്ളി, തീയ്, ജ്വാല, കുറ്റി, ആണി, കൊടി, കൊടിമരം,ഖനനം, ഹിംസ, ക്ഷേപണം, തുന്നൽ, നെയ്ത്ത്, ചാരം, ക്ഷാരദ്രവ്യം, തീക്കനൽ, മുട്ടകൾ, മദ്യം, രക്തം, മാംസം, ക്ഷുദ്രപ്രയോഗങ്ങൾ, ചൂർണ്ണപ്രയോഗങ്ങൾ, ആഭിചാരം, മിന്നാമിനുങ്ങ്, പേൻ, ഈച്ച, കൊതുക്, ആശൗചാദ്യശുദ്ധി, ബലി, കുരുതി, മാരണം, ഉച്ചാടനം, സ്തംഭനം മുതലായ മാന്ത്രികകർമ്മങ്ങൾ, യുദ്ധം, ആയുധം, ആയുധവിദ്യാഭ്യാസം, മരണം, കലഹം, മാതാമഹൻ മുതലായവയെല്ലാം കേതുവിനെക്കൊണ്ട് പറയണം. 

ശനിയുടെ കാരകത്വം

ആയുർദുഃഖാവമാനമയമൃതിഭയദൈ-
ന്യോഷ്ട്രനീചാന്ത്യകർമ്മാ-
ലസ്യാരണ്യശ്മശാനാശുചിഖരാഹിഷാ
വൃദ്ധദാസാന്ത്യകാരാഃ
നിഹ്രീജാലോപലോലുഖലബലികസുമോ-
ച്ഛിഷ്ടകൃഷ്യർത്ഥലോഹ-
പ്രേതാഃ പാതിത്യഹിംസാദ്യഘമൃണതിലതൈ-
ലാദ്രിഭൂതാശ്ച മന്ദൽ.

സാരം :-

ആയുസ്സ്, ദുഃഖം, അവമാനം, രോഗം, മരണം, ഭയം, ദൈന്യം, ഒട്ടകം, നീചജാതി, പ്രേതസംസ്കാരോദയക്രിയാദ്യന്ത്യകർമ്മം, അലസത, കാട്, ശ്മശാനം, അശുദ്ധി, കഴുത, പോത്ത്, വൃദ്ധൻ, വൃദ്ധ, നീചകർമ്മം, ദാസഭൃത്യന്മാർ, കാരാഗൃഹം, ബന്ധനം, നിർല്ലജ്ജത്വം, വല, കല്ല്‌, ഉരൽ, പിതൃപുഷ്പാദിബലിസാധനം, എച്ചിൽ, മലമൂത്രവിസർജ്ജനസ്ഥലം, കൃഷിസാധനങ്ങൾ, കൃഷിയായുധങ്ങൾ, ഇരുമ്പ്, പ്രേതം, ശവം, പതിതത്വം, വധം,പാപം, കടം, എള്ള്, എണ്ണ, പർവ്വതം, ഭൂതങ്ങൾ, പിശാചാദികൾ മുതലായവയെല്ലാം ശനിയെക്കൊണ്ട് പറയണം.  

ശുക്രന്റെ കാരകത്വം

സമ്പദ്യാനാംബരശ്രീനിധിസുഖരമണീ-
രത്നഭൂഷാവിലാസോ-
ഷ്ണീഷാലേഖ്യാർത്ഥകാവ്യാഗമകവചനിചോ-
ളാളിഗീതാളിവേശ്യാഃ
ശയ്യാസംഭോഗതൗര്യത്രികമദനകലാ-
സൌധവല്ലീനികുഞ്ജാ-
രാമാ ദാമ്പത്യലീലാസുരഭി സുമസുരാ-
ഭേദരേതാംസി ശുക്രാൽ.

സാരം :-

സമ്പത്ത്, വാഹനങ്ങൾ, വസ്ത്രം, ശ്രീത്വം, നിധി, സുഖം, സ്ത്രീ (ഭാര്യ), രത്നങ്ങൾ, ആഭരണങ്ങൾ, വിലാസചേഷ്ടകൾ, തലപ്പാവ്, തൊപ്പി, ചിത്രങ്ങൾ, ചിത്രമെഴുത്ത്, ചിത്രനിർമ്മാണസാമഗ്രികൾ, കാവ്യങ്ങൾ, ശാസ്ത്രങ്ങൾ, ചട്ട, ഉത്തരീയാദിവസ്ത്രവിശേഷങ്ങൾ, സഖി, പാട്ടുകൾ, വേശ്യകൾ, കിടക്ക, കട്ടിൽ, തലയണ, പായ്, സംഭോഗം, നൃത്തഗീതവാദ്യമേളങ്ങൾ, കാമകലകൾ, വെങ്കളിമാടം, ശയനഗൃഹം, വള്ളിക്കുടിൽ, ഉദ്യാനം, ദാമ്പത്യബന്ധം, വിവാഹം, പശുക്കൾ, കുതിരകൾ, സുഗന്ധപുഷ്പങ്ങൾ, മദ്യവിശേഷങ്ങൾ, ശുക്ലധാതു മുതലായവയെല്ലാം ശുക്രനെക്കൊണ്ട് പറയണം. 

ബുധന്റെ കാരകത്വം

വിദ്യാവിജ്ഞാനവാണീഗണിതലിപികലാ-
ശുക്തിയുക്തിത്വഗിജ്യാ-
സ്വസ്രീയാ മാതുലാദ്യാ വിനയഹരിവിവാ-
ദാര്യ ചാതുര്യശിഷ്യാഃ
പത്രം മിത്രം ച ശാസ്ത്രാദ്ധ്യയനഗൃഹസതീർ-
ത്ഥ്യാഗമാചാരകാവ്യ-
ഗ്രന്ഥാ മന്ത്രോപവാസാദ്യപി വികിരബുധാ
രാമകൃഷ്ണാദയോ ജ്ഞാൽ.

സാരം :-

വിദ്യ, ശില്പശാസ്ത്രാദികളിലുള്ള അറിവ്, വാക്ക്, ഗണിതം, കണക്ക്, എഴുത്ത്, അക്ഷരം, അച്ചടിയന്ത്രം, മുദ്രകൾ, ശുക്തിദ്രവ്യങ്ങൾ, യുക്തി, ത്വഗിന്ദ്രിയം, യാഗം, ഭാഗിനേയൻ, മാതുലൻ, ബന്ധുക്കൾ, സ്നേഹിതൻ, വിനയം, വിഷ്ണു, വിവാദം, പൂജ്യനായ ജനം, ചാതുര്യം, ശിഷ്യൻ, പുസ്തകങ്ങൾ, ഗ്രന്ഥങ്ങൾ, ഓലകൾ, കടലാസുകൾ, മിത്രങ്ങൾ, ശാസ്ത്രപാഠം, പാഠശാല, പള്ളിക്കൂടം, പള്ളി, സതീർത്ഥ്യന്മാർ, ആഗമങ്ങൾ, സദാചാരം, കാവ്യനാടകാലങ്കാരങ്ങൾ, മന്ത്രോപവാസങ്ങൾ, പക്ഷിവർഗ്ഗങ്ങൾ, വിദ്വാന്മാർ, ശ്രീരാമകൃഷ്ണാദികളായ വൈഷ്ണവാവതാരമൂർത്തികൾ മുതലായവയെല്ലാം ബുധനെക്കൊണ്ട് പറയണം. 

ചൊവ്വയുടെ കാരകത്വം

ഭൗമാച്ചോരാരിസൈന്യായുധബലസഹജ-
ക്രൗര്യവീര്യാനൃത്താഗ്നി-
സ്വർണ്ണദ്വേഷാശ്മപാകാലയരണകലഹാ-
ന്യംഗനാപ്രാപ്തിദണ്ഡാഃ
മർഗ്ഗോൽക്കാഘാതമേദോശനിമഹിരസത-
ന്ത്രക്ഷതോദ്യാനസാഹാ-
യ്യമർഷാസ്സത്വഭൂരുണ്‍മുസലഗിരിധനുർ-
വ്വേദകോള്യോ ഗുഹാദ്യാഃ

സാരം :-

കളളൻ, ശത്രു, ശത്രുസൈന്യം, ആയുധം, സ്വസൈന്യം, ബലം, സഹോദരൻ, ക്രൗര്യം, വീര്യം, അസത്യം, അഗ്നി, സ്വർണ്ണം, ദ്വേഷം, കല്ല്‌, അടുക്കള, യുദ്ധം, കുലക്ഷയം, വ്യഭിചാരം, ദണ്ഡോപായം, വഴി, കൊള്ളിമീൻ, അടി, ഇടി, വെട്ട്, കുത്ത് മുതലായത്, മേദസ്സ്, ഇടിവെട്ടൽ, ഭൂമി, രസതന്ത്രം, വ്രണം, ഉദ്യാനം, സഹായം, കോപം, സത്വം (നിർവ്വികാരമായ മനഃസ്ഥിതി), വൃക്ഷം, ഉലക്ക, ഇരുമ്പുലക്ക, പർവ്വതം, ധനുർവ്വേദം, കാളി, സുബ്രഹ്മണ്യൻ, ഭൈരവൻ, വീരഭദ്രൻ, ഘണ്ടാകർണ്ണൻ, മുതലായവകളെല്ലാം ചൊവ്വയെക്കൊണ്ട് (കുജനെക്കൊണ്ട്) പറയണം. 

ഒമ്പതാം ഭാവത്തിൽ നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം

ഭാഗ്യഗതചന്ദ്രദായേ
ഭാഗ്യം ഗുരുദേവതാപ്രസാദം ച
കുസുമാനുലേപനാംബര-
വിഭവപ്രാപ്തിം സ്വധർമ്മനിരതിമപി.

സാരം :-

ഒമ്പതാം ഭാവത്തിൽ നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം ഭാഗ്യവും ഗുരുപ്രസാദവും പരദേവതാപ്രീതിയും ലഭിക്കുകയും സുഗന്ധപുഷ്പങ്ങളും ചന്ദനാദ്യനുലേപനങ്ങളും വിശേഷവസ്ത്രങ്ങളും സമ്പത്തും അനുഭവിക്കുകയും സ്വധർമ്മത്തിൽ താൽപര്യമുണ്ടാവുകയും ചെയ്യും.

ലഗ്നാദി ഭാവങ്ങളുടെ കാരകത്വം

ദ്യുമണിരമരമന്ത്രീ ഭൂസുതസ്സോമസൗമ്യൌ
ഗുരുരിനതനയാരൌ ഭാർഗ്ഗവോ ഭാനുപുത്രഃ
ദിനകരദിവിജേഡ്യേൗ ജീവഭാനുജ്ഞമന്ദാ-
സ്സുരഗുരുരിനസൂനുഃ കാരകാസ്സ്യുർവ്വിലഗ്നാൽ.

സാരം :-

ലഗ്നത്തിന്റെ കാരകഗ്രഹം സൂര്യൻ

രണ്ടാം ഭാവത്തിന്റെ കാരകഗ്രഹം വ്യാഴം

മൂന്നാം ഭാവത്തിന്റെ കാരകഗ്രഹം ചൊവ്വ

നാലാം ഭാവത്തിന്റെ കാരകഗ്രഹങ്ങൾ ചന്ദ്രനും ബുധനും

അഞ്ചാം ഭാവത്തിന്റെ കാരകഗ്രഹം വ്യാഴം

ആറാം ഭാവത്തിന്റെ കാരകഗ്രഹങ്ങൾ ശനിയും ചൊവ്വയും

ഏഴാം ഭാവത്തിന്റെ കാരകഗ്രഹം ശുക്രൻ

എട്ടാം ഭാവത്തിന്റെ കാരകഗ്രഹം ശനി

ഒമ്പതാം ഭാവത്തിന്റെ കാരകഗ്രഹങ്ങൾ സൂര്യനും വ്യാഴവും

പത്താം ഭാവത്തിന്റെ കാരകഗ്രഹങ്ങൾ സൂര്യനും വ്യാഴവും ബുധനും ശനിയും

പതിനൊന്നാം ഭാവത്തിന്റെ കാരകഗ്രഹം വ്യാഴം

പന്ത്രണ്ടാം ഭാവത്തിന്റെ കാരകഗ്രഹം ശനി.

ലഗ്നാദിഭാവങ്ങളെ നിരൂപിക്കുമ്പോൾ മേൽപ്പറഞ്ഞ കാരകഗ്രഹങ്ങളുടെ ഇഷ്ടാനിഷ്ടസ്ഥിതിയേയും ബലാബലങ്ങളെയുംകൂടെ നിരൂപിച്ചുകൊള്ളണം.


*******************************************

ചില പുസ്തകങ്ങളിലും ചിലരുടെ പാഠങ്ങളിലും " ദിനകരരവിജേഡ്യൗ (ഡ്യാ) " എന്നൊരു ഭേദം കാണുന്നുണ്ട്. ഇതു തെറ്റുതന്നെയാണ്. ഒമ്പതാം ഭാവത്തിന്റെ കാരകഗ്രഹങ്ങൾ സൂര്യനും വ്യാഴവും മാത്രമാണ്. ദിനകരരവിജേഡ്യൗ എന്നാണ് പല പ്രാചീനഗ്രന്ഥങ്ങളിലും പറഞ്ഞിട്ടുള്ളത്‌. 

പുത്രഭാവഫലം

ലഗ്നാമരേഡ്യശശിനാം സുതഭേഷു പാപൈ-
ര്യുക്തേക്ഷിതേഷ്വഥ ശുഭൈരയുതേക്ഷിതേഷു
പാപാന്വിതേഷു സുതഭേഷു തദീശ്വരേഷു
ദുഃസ്ഥാനഗേഷു ന ഭവന്തി സുതാഃ കഥഞ്ചിൽ.

സാരം :-

ലഗ്നം, വ്യാഴം നിൽക്കുന്ന രാശി, ചന്ദ്രൻ നിൽക്കുന്ന രാശി എന്നിവയുടെ അഞ്ചാം ഭാവം കൊണ്ടാണ് സന്താനഭാവത്തെ പറയേണ്ടത്.

സ്ത്രീ ജാതകത്തിൽ ലഗ്നം, വ്യാഴം നിൽക്കുന്ന രാശി, ചന്ദ്രൻ നിൽക്കുന്ന രാശി എന്നിവയുടെ ഒമ്പതാം ഭാവം പുത്രസ്ഥാനമായിരിക്കുകയും ചെയ്യും. 

ലഗ്നം, വ്യാഴം നിൽക്കുന്ന രാശി, ചന്ദ്രൻ നിൽക്കുന്ന രാശി എന്നിവയുടെ അഞ്ചാം ഭാവത്തിൽ പാപഗ്രഹങ്ങളുടെ സ്ഥിതിയും ദൃഷ്ടിയും സംഭവിക്കുക, ശുഭഗ്രഹങ്ങളുടെ യോഗദൃഷ്ടികളില്ലാതെയിരിക്കുക, സന്താനഭാവാധിപനായ ഗ്രഹം ദുഃസ്ഥാനത്തിൽ നിൽക്കുകയും ദുഃസ്ഥാനാധിപനായ ഗ്രഹം സന്താനഭാവത്തിലും ബലമില്ലാതെയും ശുഭഗ്രഹസംബന്ധമില്ലാതെയും നിൽക്കുക മേൽപ്പറഞ്ഞ ലക്ഷണങ്ങൾ ജാതകത്തിലുണ്ടായാൽ ഒരു പ്രകാരത്തിലും സന്താനമുണ്ടാകാൻ പ്രയാസമായിരിക്കും.

മാതൃസ്ഥാനഫലം

ദുഃസ്ഥാനേ സുഖപേ ശശിന്യപി സതാം
യോഗേക്ഷണൈർവ്വൽജ്ജിതേ
പാപാന്തസ്ഥിതിമത്യസദ്‌ഗ്രഹയുതേ
ദൃഷ്ടേ ജനന്ന്യാ മൃതിഃ
ഏതൗ ദ്വാവപി വീര്യഗൌ ശുഭയുതൌ
ദൃഷ്‌ടൗ ശുഭൈർബന്ധുഗൈർ-
മ്മാതുസ്സൗഖ്യകരൌ വിധോശ്ചശുഭഗൈ-
സ്സൗമ്മ്യൈർവ്വദേൽ തൽസുഖം.

സാരം :-

നാലാം ഭാവാധിപനായ ഗ്രഹമോ ചന്ദ്രനോ ദുഃസ്ഥാനത്തിൽ നിൽക്കുക; ചന്ദ്രന് ശുഭഗ്രഹങ്ങളുടെ യോഗദൃഷ്ടികളില്ലാതെവരിക; അല്ലെങ്കിൽ ചന്ദ്രൻ നിൽക്കുന്ന രാശിയുടെ രണ്ടാം ഭാവത്തിലോ പന്ത്രണ്ടാം ഭാവത്തിലോ നാലാം ഭാവത്തിലോ എട്ടാം ഭാവത്തിലോ ഏഴാം ഭാവത്തിലോ പാപഗ്രഹങ്ങൾ നിൽക്കുക; ചന്ദ്രന് പാപഗ്രഹയോഗം വരിക; നാലാം ഭാവത്തിലോ നാലാം ഭാവാധിപതിയായ ഗ്രഹത്തിനോ മേൽപ്പറഞ്ഞ പ്രകാരം പാപഗ്രഹമദ്ധ്യസ്ഥിതി മുതലായതു സംഭവിക്കുക; മേൽപ്പറഞ്ഞ യോഗങ്ങളെല്ലാം മാതൃമരണത്തെ സൂചിപ്പിക്കുന്നവയാകുന്നു.

നാലാം ഭാവാധിപനായ ഗ്രഹത്തിനും ചന്ദ്രനും ഇഷ്ടഭാവസ്ഥിതിയും ശുഭഗ്രഹയോഗദൃഷ്ടികളും ഉണ്ടായിരിക്കുക; നാലാം ഭാവത്തിൽ ശുഭഗ്രഹം നിൽക്കുക എന്നീ ലക്ഷണങ്ങളെല്ലാം മാതൃശുഭസൂചകമാകുന്നു. 

**********************************
ഭാവത്തിന്റെയോ (രാശിയുടെയോ) അല്ലെങ്കിൽ ഭാവാധിപതിയായ ഗ്രഹം നിൽക്കുന്ന രാശിയുടെയോ രണ്ടാം ഭാവത്തിലും പന്ത്രണ്ടാം ഭാവത്തിലും പാപഗ്രഹം നിൽക്കുന്നതിനെ പാപഗ്രഹമദ്ധ്യസ്ഥിതി എന്ന് പറയുന്നു.

സഹോദരഭാവഫലം

അയുഗ്മരാശൌ യദി കാരകേശോ
ഗുർവ്വർക്കഭൂസൂനുനിരീക്ഷിതശ്ചേൽ
ഓജോഗൃഹസ്സ്യാദ്യദി വിക്രമാഖ്യഃ
പുംഭ്രാതരസ്ത്വംശവശാത്ഭവേയുഃ

സാരം :-

സഹോദരകാരകനായ ചൊവ്വയും മൂന്നാം ഭാവാധിപനായ ഗ്രഹവും ഓജരാശിയിൽ നിൽക്കുകയും അംശകിക്കുകയും ചെയ്ക; പുരുഷഗ്രഹങ്ങളായ സൂര്യൻ, ചൊവ്വ, വ്യാഴം എന്നീ ഗ്രഹങ്ങളുടെ ദൃഷ്ടിയുണ്ടാവുക; മൂന്നാം ഭാവം ഓജരാശിയായി വരിക എന്നീ ലക്ഷണങ്ങളുണ്ടായാൽ സഹോദരന്മാരുണ്ടാകുമെന്നും യുഗ്മരാശിസ്ഥിത്യംശകങ്ങളെക്കൊണ്ടും സ്ത്രീഗ്രഹയോഗദൃഷ്ടികളെക്കൊണ്ടും സഹോദരിമാർ ഉണ്ടാകുമെന്നും പറഞ്ഞുകൊള്ളണം.


ഭ്രാതൃപേ കാരകേ വാപി ശുഭയുക്തനിരീക്ഷിതേ
ഭാവേ വാ ബല സംപൂർണ്ണ ഭാതൃണാം വർദ്ധനം ഭവേൽ.

സാരം :-

മൂന്നാം ഭാവാധിപനായ ഗ്രഹവും ചൊവ്വയും ശുഭഗ്രഹങ്ങളുടെ യോഗദൃഷ്ടികളോടുകൂടി ഇഷ്ടഭാവത്തിൽ നിൽക്കുകയും മൂന്നാം ഭാവത്തിന് ബലമുണ്ടായിരിക്കുകയും ചെയ്‌താൽ സഹോദരാഭിവൃദ്ധി ഉണ്ടാകുമെന്ന് പറയണം.


വിക്രമേ ബുധസംയുക്തേ തദീശേ ശശിസംയുതേ
കാരകേ മന്ദസംയുക്തേ ഭഗിന്യേകാഗ്രതോ ഭവേൽ.

സാരം :-

മൂന്നാം ഭാവത്തിൽ ബുധൻ നിൽക്കുകയും മൂന്നാം ഭാവാധിപനായ ഗ്രഹം ചന്ദ്രനോടുകൂടിയും ചൊവ്വ ശനിസംയുക്തനായും നിന്നാൽ ഒരു ജ്യേഷ്ഠസഹോദരി മാത്രമേ ഉണ്ടായിരിക്കയുള്ളു എന്ന് പറയണം.


കാരകേ രാഹുസംയുക്തേ വിക്രമേശേƒരിനീചഗേ
പശ്ചാൽസഹോദരാഭാവഃ പൂർവ്വതസ്ത്രിതയം ഭവേൽ.

സാരം :-

ചൊവ്വയ്ക്ക്‌ രാഹുയോഗമുണ്ടാവുകയും മൂന്നാം ഭാവാധിപനായ ഗ്രഹത്തിന് ശത്രുക്ഷേത്രത്തിലോ നീചത്തിലോ സ്ഥിതിയും സംഭവിച്ചാൽ കനിഷ്ഠസഹോദരസ്ഥാനം ഇല്ലാതെയിരിക്കുകയും മൂന്ന് ജ്യേഷ്ഠസഹോദരങ്ങൾ ഉണ്ടായിരിക്കുകയും ചെയ്യും.


ഭ്രാതൃഭാവാധിപേ കേന്ദ്രേ കാരകേ തൽത്രികോണഗേ
ഗുരുണാ സഹിതേ സ്വോച്ചേ സ്യുർദ്വാദശ സഹോദരാഃ

സാരം :-

കേന്ദ്രരാശിയിൽ നിൽക്കുന്ന മൂന്നാം ഭാവാധിപനായ ഗ്രഹത്തിന്റെ അഞ്ചാം ഭാവത്തിലോ ഒമ്പതാം ഭാവത്തിലോ ഉച്ചരാശിയിൽ വ്യാഴത്തിനോടുകൂടി ചൊവ്വയും നിന്നാൽ പന്ത്രണ്ടു സഹോദരങ്ങളുണ്ടായിരിക്കും.


വ്യയേശസഹിതേ ഭൗമേ ഗുരുണാ സംയുതേƒപി വാ
ഭാതൃഭേശശിസംയുക്തേസപ്തസംഖ്യാസ്തുസോദരാഃ

സാരം :-

ചൊവ്വ പന്ത്രണ്ടാം ഭാവധിപനായ ഗ്രഹത്തിനോടോ വ്യാഴത്തിനോടോ കൂടി നിൽക്കുകയും മൂന്നാം ഭാവത്തിൽ ചന്ദ്രൻ വരികയും ചെയ്‌താൽ ഏഴുസഹോദരങ്ങളുണ്ടാകുമെന്നു പറയണം.

************************

സഹോദരീസഹോദരന്മാരുടെ ഗുണദോഷഫലങ്ങളെ മേൽപ്പറഞ്ഞപ്രകാരം പറഞ്ഞുകൊള്ളണം.

രണ്ടാം ഭാവത്തിൽ നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം

ചന്ദ്രസ്യ വിത്തോപഗതസ്യ പാകേ
വിത്താത്മജസ്ത്രീസുഖഭോഗഭാഗ്യം
മൃഷ്ടാന്നപാനം രതികേളിസൗഖ്യം
ധനാഗമം പുണ്യജലാവഗാഹം.

സാരം :-

രണ്ടാം ഭാവത്തിൽ നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം പ്രസിദ്ധന്മാരായ പുത്രന്മാരും ഭാര്യയും സുഖവും ഭോഗവും ഭാഗ്യവും സിദ്ധിക്കുകയും അന്നപാനഗുണവും കാമകേളിസുഖവും പലപ്രകാരേണ ധനാഗമവും ഉണ്ടാവുകയും പുണ്യതീർത്ഥങ്ങളിൽ സ്നാനം ചെയ്യുവാൻ സംഗതിവരികയും ചെയ്യും.

ദ്വിതീയഭാവഫലം

അർദ്ധസ്വാമിനി മുഖ്യഭാവജുഷി സൽ-
സ്വർത്ഥേ കുടുംബശ്രിയാ
സർവ്വോൽകൃഷ്ടഗുണോ ധനീ ച സുമുഖ-
സ്സ്യാദ്ദുരദർശീ നരഃ
സംബന്ധേ സവിതുർദ്വിതീയപതിനാ
ലോകോപകാരക്ഷമാം,
വിദ്യാമർത്ഥമവാപ്നുയാദഥശനേഃ
ക്ഷുദ്രാല്പവിദ്യാരതഃ

ജൈവേ വൈദികധർമ്മശാസ്ത്രനിപുണോ
നൌധേƒർത്ഥശാസ്ത്രേ പടുഃ
ശൃംഗാരോക്തിപടുർഭൃഗോർഹിമരുചേഃ
കിഞ്ചിൽ കാലാവിദ്ഭവേൽ
കൗജേ ക്രൂരകലാപടുശ്ച പിശുനോ
രാഹൗ സ്ഥിതേ ലോഹളഃ
കേതൌ ഭ്രശ്യദളീകവാഗ്ധഗതൈഃ
പാപൈശ്ച മൂഢോ നരഃ.

സാരം :-

രണ്ടാം ഭാവാധിപനായ ഗ്രഹം ഇഷ്ടഭാവത്തിൽ ശുഭഗ്രഹസംബന്ധത്തോടുകൂടി നിൽക്കുക, രണ്ടാം ഭാവത്തിൽ ശുഭഗ്രഹങ്ങളുടെ യോഗമുണ്ടായിരിക്കുക, എന്നാൽ കുടുംബൈശ്വര്യവും സർവ്വോൽകൃഷ്ടഗുണപുഷ്ടിയും ധനവും  സുമുഖതയും വിദ്യാഗുണവും പാണ്ഡിത്യവും വാഗ്മിത്വവും ഉള്ളവനായിരിക്കും.

ബുധൻ ബലവാനായി ഇഷ്ടഭാവത്തിൽ നിൽക്കുന്നതും വിദ്യാകരംതന്നെയാണ്.

രണ്ടാം ഭാവാധിപനായ ഗ്രഹത്തിന് സൂര്യന്റെ സംബന്ധമുണ്ടായാൽ ലോകോപകാരപ്രദമായ വിദ്യയും തത്വശാസ്ത്രവും ധനവും സിദ്ധിക്കും.

രണ്ടാം ഭാവാധിപനായ ഗ്രഹത്തിന് ശനിയുടെ സംബന്ധമുണ്ടായാൽ നിന്ദ്യവും നിസ്സാരവുമായ  വിദ്യമാത്രമുണ്ടാകും.

രണ്ടാം ഭാവാധിപനായ ഗ്രഹത്തിന് വ്യാഴത്തിന്റെ സംബന്ധമുണ്ടായാൽ വേദം, സ്മൃതി, ഉപനിഷത്തുക്കൾ, മന്ത്രതന്ത്രപ്രയോഗങ്ങൾ വേദാംഗങ്ങൾ മുതലായ വിദ്യകളിൽ വിദഗ്ദ്ധനായിരിക്കും.

രണ്ടാം ഭാവാധിപനായ ഗ്രഹത്തിന് ബുധന്റെ സംബന്ധമുണ്ടായാൽ അർത്ഥശാസ്ത്രങ്ങളിൽ പണ്ഡിതനായിരിക്കും.ബുധനെക്കൊണ്ട് സാഹിത്യം, ഗണിതം മുതലായ വിദ്യകളെ പറയണം.

രണ്ടാം ഭാവാധിപനായ ഗ്രഹത്തിന് ശുക്രന്റെ സംബന്ധമുണ്ടായാൽ ശൃംഗാരവിഷയമായ വാത്സ്യായനാദിതന്ത്രത്തിലും (കാമശാസ്ത്രത്തിലും) നൃത്തഗീതകലകളിലും സാമർത്ഥ്യമുള്ളവനായി ഭവിക്കും.

രണ്ടാം ഭാവാധിപനായ ഗ്രഹത്തിന് ചന്ദ്രന്റെ സംബന്ധമുണ്ടായാൽ കലാവിദ്യകളിൽ അല്പമായ പരിജ്ഞാനമുള്ളവനായിരിക്കും.

രണ്ടാം ഭാവാധിപനായ ഗ്രഹത്തിന് ചൊവ്വയുടെ സംബന്ധമുണ്ടായാൽ ക്രൂരങ്ങളായ കലാവിദ്യകളിൽ നൈപുണ്യം സിദ്ധിക്കും.

രണ്ടാം ഭാവാധിപനായ ഗ്രഹത്തിന് രാഹുവിന്റെ സംബന്ധമുണ്ടായാൽ കൊഞ്ഞയോടുകൂടിയോ വക്രമായോ സംസാരിക്കുകയും ചെയ്യും.

രണ്ടാം ഭാവാധിപനായ ഗ്രഹത്തിന് കേതുവിന്റെ സംബന്ധമുണ്ടായാൽ ഗൽഗദമായും അസത്യമായും പറയുന്നവനായും ഭവിക്കും.


ഇവിടെ ഗ്രന്ഥാന്തരങ്ങളിലുള്ള ചില വിശേഷലക്ഷണങ്ങളെ താഴെ പറയുന്നു .

നാലാം ഭാവത്തിലെ ശുക്രനെക്കൊണ്ട് സംഗീതശാസ്ത്രത്തെ പറയണം.

നാലാം ഭാവത്തിലെ ബുധനെക്കൊണ്ട് ജ്യോതിശ്ശാസ്ത്രത്തെ പറയണം.

അഞ്ചാം ഭാവത്തിൽ സൂര്യനും ബുധനും രാഹുവും കൂടി നിന്നാൽ ജ്യോതിശാസ്ത്രത്തെ പറയണം.

രണ്ടാം ഭാവത്തിൽ സൂര്യനും ബുധനും കൂടി നിന്നാൽ ജ്യോതിശാസ്ത്രത്തെ പറയണം.

രണ്ടാം ഭാവത്തിൽ സൂര്യനും ചൊവ്വയും കൂടി നിന്നാൽ തർക്കശാസ്ത്രത്തെ പറയണം.

അഞ്ചാം ഭാവത്തിൽ സൂര്യനും ബുധനും ശനിയും കൂടി നിന്നാൽ വേദാന്തശാസ്ത്രത്തെ പറയണം.

കേന്ദ്രത്രികോണലാഭരാശികളിൽ സൂര്യനും ബുധനും നിന്നാൽ ഗണിതശാസ്ത്രത്തെ പറയണം.

രണ്ടാം ഭാവത്തിൽ വ്യാഴം നിന്നാൽ വേദവേദാന്തശാസ്ത്രത്തെ പറയണം.

രണ്ടാം ഭാവാധിപനായ ഗ്രഹവും ബുധനും വ്യാഴവും ബലവാന്മാരായി കേന്ദ്രത്രികോണരാശികളിലോ ദ്വിതീയലാഭരാശികളിലോ നിന്നാൽ സകല കലാനൈപുണ്യവും അനുഭവിക്കും.

രണ്ടാം ഭാവത്തിൽ ശനി നിന്നാൽ ചൗര്യശാസ്ത്രത്തെ പറയണം.

രണ്ടാം ഭാവത്തിൽ ഗുളികൻ നിന്നാൽ ചൗര്യശാസ്ത്രത്തെ പറയണം.

രണ്ടാം ഭാവത്തിൽ രാഹു നിന്നാൽ ഗൂഢാർത്ഥജ്ഞാനവൈദഗ്ദ്ധ്യം ഉണ്ടാകും.

അഞ്ചാം ഭാവത്തിൽ രാഹു നിന്നാൽ ഗൂഢാർത്ഥജ്ഞാനവൈദഗ്ദ്ധ്യം ഉണ്ടാകും.

രണ്ടാം ഭാവത്തിൽ ശുക്രൻ നിന്നാൽ കവിത്വവും കാവ്യനാടകാലങ്കാരജ്ഞാനം ഉണ്ടാകും.

രണ്ടാം ഭാവത്തിൽ പാപരാശിയിൽ ശനിദൃഷ്ടിയോടുകൂടി ചൊവ്വ നിൽക്കുകയോ ബുധന് ചൊവ്വയുടെ സംബന്ധം വരികയോ ചെയ്‌താൽ രസതന്ത്രശാത്രത്തെ പറയണം.

രണ്ടാം ഭാവത്തിൽ സൂര്യനും ബുധനും കൂടി നിന്നാൽ വൈദ്യശാസ്ത്രത്തെ പറയണം.

ഇംഗ്ലീഷ് വിദ്യാഭ്യാസത്തെ ശനിരാഹുക്കളെക്കൊണ്ട് വിചാരിക്കേണ്ടതാണെന്നും അഭിപ്രായമുണ്ട്.

ലഗ്നഭാവഫലം

ലഗ്നേശേ കേന്ദ്രത്രികോണ സ്ഫുടകരനികരേ
സ്വോച്ചഭേ വാ സ്വഭേ വാ
കേന്ദ്ര ദന്യത്ര സംസ്ഥേ നിധനഭവനപേ
സൗമ്യയുക്തേ വിലഗ്നേ
ദീർഘായുസ്സദ്ധനാഢ്യോ മഹിതഗുണയുതോ
ഭ്രമിപാലപ്രശസ്തോ
ലക്ഷ്മീവാൻ സുന്ദരാംഗോ ദൃഢതനുരഭയോ
ധാർമ്മികസ്സൽകുടുംബീ.

സാരം :-

ലഗ്നാധിപനായ ഗ്രഹം മൗഢ്യാദിദോഷങ്ങൾകൂടാതെയും രശ്മിബലമുള്ളവനായും കേന്ദ്രത്രികോണഭാവങ്ങളിൽ ഉച്ചം, സ്വക്ഷേത്രം, ബന്ധുക്ഷേത്രം എന്നീ ഇഷ്ടരാശികളിൽ നിൽക്കുകയും എട്ടാം ഭാവാധിപതിയായ ഗ്രഹത്തിന് കേന്ദ്രമൊഴിച്ചുള്ള ഭാവങ്ങളിലെ സ്ഥിതിവരികയും ലഗ്നത്തിൽ ശുഭഗ്രഹമുണ്ടായിരിക്കുകയും ചെയ്‌താൽ ദീർഘായുസ്സും ധനാഭിവൃദ്ധിയും അനേക സദ്‌ഗുണങ്ങളും, രാജമാന്യതയും സമ്പത്തും സൗന്ദര്യവും ആരോഗ്യദൃഢഗാത്രതയും നിർഭയത്വവും ധർമ്മിഷ്ഠത്വവും സൽകുടുംബാഭിവൃദ്ധിയും ഉള്ളവനയും ഭവിക്കും.

വിഖ്യാതഃ കിരണോജ്വലേ തനുപതൌ
സുസ്ഥേ സുഖീവർദ്ധനോ
ദുസ്ഥേ ദുഃഖയുതശ്ച നീചഭവനേ
വാസോ നികൃഷ്ടസ്ഥലേ
സ്വസ്ഥോ ജീവതി ശക്തിമത്യുഭയഭേ
വർദ്ധിഷ്ണുരൂർജ്ജസ്വലോ
നിശ്ശക്തോ നിഹതോƒസുഹൃത്ഭിരസകൃൽ
ഖിന്നോ ഭവേദാതുരഃ

സാരം :-

ലഗ്നാധിപനായ ഗ്രഹം രശ്മിസഹിതനായി  ദുഃസ്ഥാനമൊഴിച്ചുള്ള ഭാവത്തിൽ നിൽക്കുന്നു എങ്കിൽ ജാതകൻ സുഖവും അഭ്യുദയവും ഉള്ളവനായി ഭവിക്കും. 

ലഗ്നാധിപനായ ഗ്രഹം ദുഃസ്ഥാനങ്ങളിൽ നിന്നാൽ ദുഃഖിയായും ഭവിക്കും.

ലഗ്നാധിപനായ ഗ്രഹം നീചത്തിൽ നിന്നാൽ നികൃഷ്ടസ്ഥലത്തു താമസിക്കുന്നവനായും ഭവിക്കും.

ലഗ്നാധിപനായ ഗ്രഹം ബലവാനായി ഉഭയരാശിയിൽ നിന്നാൽ സ്വാസ്ഥ്യവും അഭിവൃദ്ധിയും ഊർജ്ജിതവും ഉള്ളവനായും ഭവിക്കും.

ലഗ്നാധിപനായ ഗ്രഹം ബലഹീനനും ദുഃസ്ഥനും ആയി നിന്നാൽ ശത്രുപീഡയും ദുഃഖവും രോഗവും ക്ലേശവും നിരന്തരവും അനുഭവിക്കുന്നവനായും ഭവിക്കും. 

ദുഃസ്ഥാനാധിപനായ ഗ്രഹം തന്റെ മറ്റൊരു രാശിയായ സ്വക്ഷേത്രത്തിൽ നിന്നാൽ

ദുഃസ്ഥാനപസ്തദിതരസ്സ്വഗൃഹസ്ഥിതശ്ചേൽ
സ്വക്ഷേത്രഭാവഫലമേവ കരോതി നാന്യൽ
മന്ദോ മൃഗേ സുതഗൃഹേ യദി പുത്രസിദ്ധിഃ
ഷഷ്ഠാധിപത്യകൃതദോഷഫലം ന ചാത്ര.

സാരം :-

ദുഃസ്ഥാനാധിപനായ ഗ്രഹം (അനിഷ്ടഭാവാധിപനായ ഗ്രഹം) തന്റെ മറ്റൊരു രാശിയായ സ്വക്ഷേത്രത്തിൽ നിന്നാൽ താൻ ഇരിക്കുന്ന ആ ഭാവത്തിന്റെ ഫലമല്ലാതെ ദുഃസ്ഥാനത്തിന്റെ ഫലം സംഭവിക്കുകയില്ല.

കന്നിലഗ്നത്തിൽ ജനിക്കുന്നവർക്ക് ആറാംഭാവാധിപത്യംകൂടിയുള്ള ശനി പഞ്ചമഭാവമായ (അഞ്ചാം ഭാവമായ) മകരം രാശിയിൽ നിന്നാൽ പുത്രഭാവഫലം പുഷ്ടമായിരിക്കുന്നതും ഷഷ്ഠാധിപത്യദോഷം (ആറാംഭാവാധിപത്യ ദോഷം) സംഭവിക്കാത്തതുമാണെന്ന് സാരം. ഇങ്ങനെ തന്നെ ശേഷം ഭാവഫലങ്ങളേയും പറഞ്ഞുകൊള്ളണം.

ഗ്രഹങ്ങൾ ഭാവസന്ധിയിൽ നിൽക്കുകയാണെങ്കിൽ

സ്വേച്ചൈസ്സുഹൃൽക്ഷേത്രഗതൈർവ്വിഹംഗൈഃ
ഷഡ്ഭിർബ്ബലൈർമ്മുഖ്യബലാന്വിതോപി
സന്ധൌ സ്ഥിതസ്സന്നഫലപ്രദസ്സ്യാ-
ദേവം വിചിന്ത്യ പ്രവദേദ്വിപാകേ.

സാരം :-

ഗ്രഹങ്ങൾ ഉച്ചം, സ്വക്ഷേത്രം, ബന്ധുക്ഷേത്രം എന്നീ സ്ഥാനങ്ങളിൽ ഷഡ്ബലപരിപൂർണ്ണന്മാരായി നിന്നാലും ഭാവസന്ധിയിങ്കൽ നിൽക്കുകയാണെങ്കിൽ ഒരുപ്രകാരത്തിലും ഭാവഫലം ശരിയായി സംഭവിക്കുന്നതല്ല. 

വൃശ്ചികം രാശിയിൽ (നീചരാശിയിൽ) നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം

നീചദശായാം മരണം
വ്യാധിം വാ ശീതഗോർഭയം കുരുതേ
ദാരവിയോഗം മരണം
സന്നോത്സാഹം സ്വബന്ധുപരിതാപം.

നീചാന്മുക്തദശായാം
ശശിനഃ പ്രഥിതോƒല്പവിത്തയുവതീശഃ
ക്രയവിക്രയാദ്ധനാപ്തിം
കിഞ്ചിൽ സുഖഭാക് സ്വപക്ഷഘ്നഃ

സാരം :-

നീചത്തിൽ നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം തനിക്ക് വലുതായ രോഗമോ മരണംതന്നെയോ സംഭവിക്കുകയും ഭയം വർദ്ധിക്കുകയും ഭാര്യാവിരഹമോ ഭാര്യാമരണമോ ഉണ്ടാവുകയും ഉത്സാഹം കുറഞ്ഞിരിക്കുകയും ബന്ധുക്കൾക്ക് ദുഃഖമേറിയിരിക്കുകയും ചെയ്യും.

പരമനീചം കഴിഞ്ഞ് വൃശ്ചികം രാശിയിൽ നിൽക്കുന്ന ചന്ദ്രന്റെ ദശാകാലം പ്രസിദ്ധിയും അല്പധനവും ലഭിക്കുകയും സ്ത്രീകളുടെ നായകനാകയും ക്രയവിക്രയങ്ങളിൽനിന്നു ധനം ലഭിക്കുന്നവനായും അല്പമായ സുഖം അനുഭവിക്കുന്നവനായും തന്റെ ബന്ധുക്കൾക്കും സഹായികൾക്കും ഉപദ്രവത്തെ ചെയ്യുന്നവനാകയും ചെയ്യും. 

ഭാവാധിപനായ ഗ്രഹത്തിന്റെ ശത്രുക്ഷേത്രത്തിലും അതിശത്രുക്ഷേത്രത്തിലും അഷ്ടവർഗ്ഗത്തിൽ ശൂന്യമായി വരുന്ന രാശിയിലും

യുത്ഭാവേശസ്യാതിശത്രോർഗൃഹേ വാ
യോ വാ ഖേടോ ബിന്ദുശൂന്യർക്ഷയുക്തഃ
തത്തൽപാകേ മൂർത്തിഭാവാദികാനാ
നാശം ബ്രൂയാദ്ദൈവവിൽ പ്രാശ്നികായ.

സാരം :-

ഭാവാധിപനായ ഗ്രഹത്തിന്റെ ശത്രുക്ഷേത്രത്തിലും അതിശത്രുക്ഷേത്രത്തിലും അഷ്ടവർഗ്ഗത്തിൽ ശൂന്യമായി വരുന്ന രാശിയിലും നിൽക്കുന്ന ഗ്രഹങ്ങളുടെ ദശയിലോ അപഹാരത്തിലോ ആ ഭാവത്തിനു നാശമുണ്ടാകുമെന്നു ദൈവജ്ഞൻ (ജ്യോതിഷി) പൃച്ഛകനോടു പറഞ്ഞുകൊള്ളണം.

ഒരു ഗ്രഹത്തിനു രണ്ടു ഭാവങ്ങളുടെ ആധിപത്യം ഉണ്ടായാൽ

ദ്വിസ്ഥാനാധിപതിത്വമസ്തി യദി ചേ-
ന്മുഖ്യം ത്രികോണർക്ഷജം
തസ്യാർദ്ധം സ്വഗൃഹേƒഥ പൂർവ്വമുഭയോ-
ര്യത്തദ്ദശാദൌ വദേൽ
പശ്ചാദ്‌ ഭാവമിഹാപരാർദ്ധസമയേ
യുഗ്മേ ഗൃഹേ യുഗ്മജം
ത്വോജസ്ഥേ സതി ചൌജഭാവജഫലം
ശംസന്തി കേചിജ്ജനാഃ

സാരം :-

ഒരു ഗ്രഹത്തിനു രണ്ടു ഭാവങ്ങളുടെ ആധിപത്യം ഉണ്ടായാൽ അതിൽ മൂലത്രികോണമായ ഭാവത്തിന്റെ ഫലം മുമ്പെ പ്രധാനമായും അനുഭവിക്കും. സ്വക്ഷേത്രമായ ഭാവത്തിന്റെ ഫലം രണ്ടാമത് അപ്രധാനമായും അനുഭവിക്കുന്നതാണ്. ഈ ഫലം എല്ലാ ദശകളിലും കല്പിച്ചുകൊൾകയും വേണം. ഇവിടെ ഈ ഗ്രഹം ഓജരാശിയിലിരിക്കുകയാണെങ്കിൽ ഭാവഫലങ്ങളിൽ ഓജരാശിയുടെ ഫലം ആദ്യവും യുഗ്മരാശിസ്ഥനാണെങ്കിൽ യുഗ്മരാശിയായ ഭാവത്തിന്റെ ഫലം ആദ്യമായും അനുഭവിക്കുന്നതാണെന്നു ചില ജ്യോതിഷ ആചാര്യന്മാർ പറയുന്നു. രണ്ടും പ്രധാനമാണെങ്കിലും ആദ്യപക്ഷംതന്നെ ഇവിടെ സ്വീകാര്യമായിക്കാണുന്നു എന്ന് അറിഞ്ഞുകൊൾകയും വേണം. 

ലഗ്നാധിപനായ ഗ്രഹം ഏത് ഭാവത്തിൽ നിന്നാലും / ഭാവാധിപനായ ഗ്രഹത്തോടുകൂടി ചേർന്നാലും / ദുഃസ്ഥാനത്തിൽ നിൽക്കുന്നുവോ / ബലഹീനൻകൂടിയായാൽ / ബലവാനായാൽ

ഭാവസ്യോദയപാശ്രിതസ്യ കുശലം
തത്ഭാവപേനോദയ-
സ്വാമീ തഷ്ഠതി സംയുതോƒപി കലയേൽ
തത്ഭാവജാതം ഫലം
ദുഃസ്ഥാനേ വിപരീതമേതദുദിതം
ഭാവേശ്വരേ ദുർബ്ബലേ
ദോഷോƒതീവ ഭവേദ് ബലേന സഹിതേ
ദോഷാല്പതാ ജല്പിതാ.

സാരം :-

ലഗ്നാധിപനായ ഗ്രഹം ഏത് ഭാവത്തിൽ നിന്നാലും ആ ഭാവഫലം ശുഭമായിരിക്കും.

ലഗ്നാധിപനായ ഗ്രഹം ഏത് ഭാവാധിപനായ ഗ്രഹത്തോടുകൂടി ചേർന്നാലും ആ ഭാവത്തിന്റെ ഫലം ശുഭമായിരിക്കും. എന്നാൽ ലഗ്നാധിപനായ ഗ്രഹം ഏതു ഭാവാധിപനായ ഗ്രഹത്തോടുകൂടി ദുഃസ്ഥാനത്തിൽ നിൽക്കുന്നുവോ ആ ഭാവം അശുഭമായിരിക്കുന്നതാണ്. അവിടെ ഭാവാധിപനായ ഗ്രഹം ബലഹീനൻകൂടിയായാൽ ഏറ്റവും ദോഷവും, ഭാവാധിപനായ ഗ്രഹം ബലവാനായാൽ അല്പദോഷവും സംഭവിക്കുന്നതുമാകുന്നു.

ഭാവത്തിന് നാശത്തെത്തന്നെ പറയണം - ദോഷഫലത്തിന് ന്യൂനത (കുറവ്) സംഭവിക്കും

ഭാവാധിശേ ച ഭാവേ സതി ബലരഹിതേ
ച ഗ്രഹേ കാരകാഖ്യേ
പാപാന്തസ്ഥേ ച പാപൈരരിഭിരപി സമേ-
തേക്ഷിതേ നാന്യഖേടൈഃ
പാപൈസ്തദ്ബന്ധുമൃത്യുവ്യയഭവനതൈ-
സ്തത്ത്രികോണസ്ഥിതൈർവ്വാ
വാച്യാ തത്ഭാവഹാനിഃ സ്ഫുടമിഹ ഭവതി
ദ്വിത്രിസംവാദഭാവാൽ.

സാരം :-

ഭാവത്തിനും ഭാവാധിപതിയായ ഗ്രഹത്തിനും കാരകഗ്രഹത്തിനും ബലമില്ലാതിരിക്കുക. ഇവർക്ക് പാപന്മാരുടെ മദ്ധ്യത്തിൽ സ്ഥിതിവരിക, പാപഗ്രഹങ്ങളുടെയോ ശത്രുഗ്രഹങ്ങളുടെയോ യോഗദൃഷ്ടികൾ സംഭവിക്കുക, നാലാം ഭാവം എട്ടാം ഭാവം പന്ത്രണ്ടാം ഭാവം എന്നീ ഭാവങ്ങളിലോ ത്രികോണ രാശികളിലോ പാപഗ്രഹങ്ങൾ നിൽക്കുക, ഇങ്ങനെയുള്ള ലക്ഷണങ്ങൾ പലതും തികഞ്ഞുവന്നാൽ നിശ്ചയമായും ആ ഭാവത്തിന് നാശത്തെത്തന്നെ പറയണം. മേൽപ്പറഞ്ഞവയ്ക്ക് ശുഭഗ്രഹങ്ങളുടെ യോഗദൃഷ്ട്യാദി സംബന്ധം ഉണ്ടായാൽ മേൽപ്പറഞ്ഞ ദോഷഫലത്തിന് ന്യൂനത (കുറവ്) സംഭവിക്കും. ഗ്രഹങ്ങളുടേയും ഭാവത്തിന്റെയും ബലാബലത്തിന്റെ അടിസ്ഥാനത്തിൽ  എല്ലാ ശുഭാശുഭഫലങ്ങളെയും നിരൂപിച്ചു നിർണ്ണയിച്ചുകൊൾകയും വേണം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.