പാപേ ലഗ്നഗതേ പരാജയശിരോരുഗ് ദുഃഖദുഷ്കീര്‍ത്തയഃ
സ്ഥാനഭ്രംശധനക്ഷയാഖിലശരീരാസ്വാസ്ഥ്യദുഃഖാന്വിതാഃ
സൗമേലഗ്നഗതേ സുഖസ്ഥിതി ജയാരോഗ്യാര്‍ത്ഥസമ്പത്തയഃ
കീര്‍ത്തിസ്ഥാനവിശേഷലബ്ധിരിതിച ജ്ഞേയം ഫലം പൃച്ഛതാം.
സാരം :-
ലഗ്നരാശിയില്‍ പാപഗ്രഹങ്ങള്‍ നിന്നാല്‍ കാര്യങ്ങളില്‍ പരാജയവും ശിരോരോഗവും ദുഃഖവും ദുഷ്കീര്‍ത്തിയും പൂര്‍വ്വസ്ഥിതിയില്‍ നിന്ന് ഭ്രംശവും (സ്ഥാനഭ്രംശം) ദ്രവ്യനാശവും (ധനനാശം) സര്‍വ്വ അവയവങ്ങള്‍ക്കും അസ്വാസ്ഥ്യവും പലവിധത്തിലും സുഖക്കേടും പറയേണ്ടതാണ്.
ലഗ്നഭാവത്തില്‍ ശുഭന്‍ നിന്നാല്‍ സുഖാവസ്ഥയും ജയവും ശരീരത്തിനാരോഗ്യവും സമ്പത്തും കീര്‍ത്തിയും ബഹുമാനസൂചകമായ സ്ഥാനലാഭവും പറയണം. ഇങ്ങനെ ലഗ്നഭാവം കൊണ്ട് പ്രഷ്ടാവിന്‍റെ ഫലങ്ങളെ ചിന്തിക്കണം.