ചന്ദ്രാദ്ധനഗൈസ്സുനഭാ
വ്യയഗൈരനഭാ ദ്വയോർധുരുധുരാ ച
രവിരഹിതൈ, രധിയോഗ-
സ്സൗമ്യൈർജ്ജാമിത്രരന്ധ്രരിപുസംസ്ഥൈഃ
സാരം :-
ചന്ദ്രൻ നിൽക്കുന്ന രാശിയുടെ രണ്ടാമത്തെ രാശിയിൽ ചൊവ്വയോ, ബുധനോ, വ്യാഴമോ, ശുക്രനോ, ശനിയോ നിന്നാൽ അല്ലെങ്കിൽ മേൽപറഞ്ഞ എല്ലാ ഗ്രഹങ്ങളും കൂടിയോ നിന്നാൽ " സുനഭായോഗം " സംഭവിക്കുന്നു.
ചന്ദ്രൻ നിൽക്കുന്ന രാശിയുടെ പന്ത്രണ്ടാമത്തെ രാശിയിൽ ചൊവ്വയോ, ബുധനോ, വ്യാഴമോ, ശുക്രനോ, ശനിയോ നിന്നാൽ അല്ലെങ്കിൽ മേൽപറഞ്ഞ എല്ലാ ഗ്രഹങ്ങളും കൂടിയോ നിന്നാൽ " അനഭായോഗം " സംഭവിക്കുന്നു.
കുജൻ, ബുധൻ, വ്യാഴം, ശുക്രൻ, ശനി എന്നീ ഗ്രഹങ്ങൾ ചന്ദ്രൻ നിൽക്കുന്ന രാശിയുടെ രണ്ടാം ഭാവത്തിലും പന്ത്രണ്ടാം ഭാവത്തിലും നിന്നാൽ " ധുരുധുരായോഗം " സംഭവിക്കുന്നു.
ഇവിടെ ധുരുധുരായോഗം ഉണ്ടെങ്കിൽ സുനഭായോഗത്തേയും അനഭായോഗത്തേയും പറയണമെന്നില്ല.
ചന്ദ്രൻ നിൽക്കുന്ന രാശിയുടെ ആറാം ഭാവത്തിലോ ഏഴാം ഭാവത്തിലോ എട്ടാം ഭാവത്തിലോ ശുഭഗ്രഹങ്ങൾ (വ്യാഴം, ബുധൻ, ശുക്രൻ) നിന്നാൽ " അധിയോഗം " സംഭവിക്കുന്നു. ഈ അധിയോഗത്തെ ലഗ്നാൽ 6, 7, 8 എന്നീ ഭാവങ്ങളിൽ നിൽക്കുന്ന ശുഭഗ്രഹങ്ങളെക്കൊണ്ട് പറഞ്ഞുവരുന്നുണ്ട്. ഇത് ലഗ്നാധിയോഗം.
നിധനം ദ്യൂനം ഷഷ്ഠം
ചന്ദ്രസ്ഥാനാദ്യദാ ശുഭൈര്യുക്തം
അധിയോഗസ്സമ്പ്രോക്തോ
വ്യാസകൃതൗ സപ്തധാ പൂർവ്വൈഃ
സാരം :-
ഇവിടെ അധിയോഗഫലനിരൂപണത്തിൽ ചില വ്യത്യാസങ്ങളുണ്ട്. വ്യാഴം, ശുക്രൻ, ബുധൻ എന്നീ ശുഭഗ്രഹങ്ങൾ മൂന്നു പേരും ആറാം ഭാവത്തിലോ എഴാം ഭാവത്തിലോ എട്ടാം ഭാവത്തിലോ ആയി നിന്നാൽ മൂന്നുയോഗവും ആറാം ഭാവത്തിലും ഏഴാം ഭാവത്തിലും ആയി മേൽപ്പറഞ്ഞ ശുഭഗ്രഹങ്ങൾ നിന്നാൽ ഒരു യോഗവും ആറാം ഭാവത്തിലും എട്ടാം ഭാവത്തിലുമായി മേൽപ്പറഞ്ഞ ശുഭഗ്രഹങ്ങൾ നിന്നാൽ ഒരു യോഗവും, ഏഴാം ഭാവത്തിലും എട്ടാം ഭാവത്തിലുമായി മേൽപ്പറഞ്ഞ ശുഭഗ്രഹങ്ങൾ നിന്നാൽ ഒരു യോഗവും ആറാം ഭാവത്തിലും ഏഴാം ഭാവത്തിലും എട്ടാം ഭാവത്തിലുമായി മേൽപ്പറഞ്ഞ ശുഭഗ്രഹങ്ങൾ നിന്നാൽ ഒരു യോഗവും ഇങ്ങനെ അധിയോഗം ഏഴുപ്രകാരമുണ്ടാകുന്നു. മേൽപ്പറഞ്ഞ ശുഭഗ്രഹങ്ങളോടുകൂടി 6, 7, 8 എന്നീ ഭാവങ്ങളിൽ പാപഗ്രഹങ്ങൾ നിന്നാൽ അധിയോഗഫലത്തിന് ഭംഗം ഉണ്ടാകുകയും ചെയ്യും. പാപഗ്രഹസംബന്ധം കൂടാതെ ശുഭന്മാരെക്കൊണ്ടുമാത്രം ഉണ്ടാകുന്ന അധിയോഗം യഥോക്തഫലപ്രദമായിരിക്കുകയും ചെയ്യും.