ഭാവാദ്ഭാവപതൗ തൂ ദൃശ്യദലഗേ തദ്ഭാവലാഭോƒചിരാ-
ത്തത്രാദൃശ്യഗതേ ശനൈരിതി ഭിദാ ഭാവാല്‍ പുനസ്തല്‍പതിഃ
രാശൗ യാവതി തത്സമേ തു ദിവസേ മാസേƒഥവാ ഭാവനാ-
ഥാരൂഢാലയഗേƒഥവാ ഹിമകരേ ഭാവസ്യ ലാഭോ ഭവേല്‍
സാരം :-
ഭാവചിന്തയില്‍ ഒരു ഭാവം അനുഭവിക്കുമെന്നു നിശ്ചയിക്കുമല്ലോ. ആ അനുഭവം ആ ഭാവത്തിന്‍റെ അധിപന്‍ ഭാവത്തില്‍ നിന്ന് ദൃശ്യാര്‍ദ്ധഭാഗത്തില്‍ നില്‍ക്കയാണെങ്കില്‍ ഉടനെതന്നെ അനുഭവിക്കുമെന്നും അതുപോലെ അദൃശ്യാര്‍ദ്ധത്തിലാണ് നില്‍ക്കുന്നത് എങ്കില്‍ കുറെ നാള്‍ കഴിഞ്ഞതിനുശേഷമേ അനുഭവിക്കൂ എന്നും പറയണം.
ലഗ്നത്തില്‍ ചെന്ന ഭാഗവും പന്ത്രണ്ട്, പതിനൊന്ന്, പത്ത്, ഒന്‍പത്, എട്ട് ഈ ഭാഗങ്ങളും എഴാംഭാവത്തില്‍ ലഗ്നത്തില്‍ ചെല്ലാനുള്ളിടത്തോളം ഭാഗവും ദൃശ്യാര്‍ദ്ധവും ശേഷം അദൃശാര്‍ദ്ധവുമാണ്.
"ഭാഗേ ലഗ്നോദിതോ രിഃഫ ആയഃ കര്‍മ്മ തപോമൃതി
ദ്യൂനേ ലഗ്നൈഷ്യതുല്യോംശ ഇതി ദൃശ്യാര്‍ത്ഥമുച്യതേ",
എന്ന വചനവും അടിസ്ഥാനമാണ്. ഇങ്ങിനെ ഭാവലാഭത്തിന്‍റെ ഏകദേശജ്ഞാനം വരുത്തിയിട്ട് അതിനെ സൂക്ഷ്മപ്പെടുത്താനുള്ള മാര്‍ഗ്ഗം താഴെ കാണിക്കുന്നു. ഭാവാധിപന്‍ ഭാവത്തില്‍ നിന്ന് എത്രാമത്തെ ഭാവത്തില്‍ നില്‍ക്കുന്നുവോ അത്രയും മാസമോ ദിവസമോ കഴിയുമ്പോള്‍ ഭാവം അനുഭവിക്കുമെന്നു പറയണം. മേല്‍പറഞ്ഞ ലക്ഷണം കാണുകയാണെങ്കില്‍ ദിവസമെന്നും അല്ലെങ്കില്‍ മാസമെന്നും പറയണം. ഭാവാധിപന്‍ നില്‍ക്കുന്ന രാശിയില്‍ ചാരവശാല്‍ ചന്ദ്രന്‍ വരുമ്പോഴാണ് ഭാവത്തിന്‍റെ അനുഭവം. ഇതുകൊണ്ട് ഭാവഫലത്തിന്‍റെ അനുഭവകാലത്തെ കൂറും തദ്വാരാ നക്ഷത്രവും നിശ്ചയിച്ചു കൊള്ളുക. ഭാവഫലലാഭവിഷയത്തില്‍ മറ്റു ചില വചനങ്ങളെകൂടി താഴെ കാണിക്കുന്നു.
"ഭാവേ തദീശാന്വിതഭാംശകേ വാ തേഷാം ത്രികോണ ച യദാ ചരന്തി
ലഗ്നേശ ഭാവാധിപകാരകാഖ്യാഃ സദാ തു ഭാവാഃ സഫലാ ഭവന്തി."
ലഗ്നാധിപനും ഭാവാധിപനും കാരകഗ്രഹവും ഭാവത്തിലോ ഭാവാധിപന്‍ നില്‍ക്കുന്ന രാശിയിലോ അംശകത്തിലോ ഇപ്പറഞ്ഞ രാശികളുടെ ത്രികോണരാശികളിലോ ചാരവശാല്‍ ഏതൊരു കാലത്ത് ചെല്ലുമോ അപ്പോള്‍ ഭാവഫലം സിദ്ധിക്കും.
യദാ ചരതി തത്രൈവ രന്ധ്രപോ മാന്ദിപേശ്വരഃ
ഖരദ്രേക്കാണപോ വാപി ഭാവനാശസ്തദാ ഭവേല്‍.
ഭാവത്തിലും ഭാവാധിപാന്‍റെ രാശ്യംശങ്ങളിലും അവയുടെ ത്രികോണരാശികളിലും എപ്പോള്‍ ചാരവശാല്‍ അഷ്ടമാധിപനോ ഇരുപത്തിരണ്ടാം ദ്രേക്കാണാധിപനോ ചെല്ലുന്നു, അപ്പോള്‍ ഭാവനാശത്തെയും പറയണം.