കൂപേ സ്യാല്‍ പതനം തനൗ യദി വചസ്ഖാലിത്യമര്‍ത്ഥസ്ഥിതഃ
പംഗുര്‍ഭ്രാതരി സാദസ്സുരഗൃഹം രക്ഷേല്‍ സുഖേ മാതുലഃ
ക്രൂദ്ധഃ പഞ്ചമഭേƒരിഭേ ഖലു ഭവേദ്വാഘ്രേണ ദഷ്ടോമുഖേ
യാതി ഭ്രഷ്ടതയാ മദേ തു നിധനേ ധൂമേ ക്ഷതിഃ ശാസ്ത്രതഃ
സാരം :-
ധൂമം ലഗ്നത്തില്‍ നിന്നാല്‍ പ്രഷ്ടാവ് കിണറ്റില്‍ വീഴാന്‍ ഇടവരും.
രണ്ടാം ഭാവത്തില്‍ ധൂമം നിന്നാല്‍ വാക്കിനു കൊഞ്ഞയുണ്ടാകും.
മൂന്നാം ഭാവത്തില്‍ ധൂമം നിന്നാല്‍ പ്രഷ്ടാവിന്‍റെ അനുജന്‍ മുടന്തനായിരിക്കും.
നാലാം ഭാവത്തില്‍ ധൂമം നിന്നാല്‍ പ്രഷ്ടാവിന്‍റെ അമ്മാവന്‍ ദേവസ്വം കാര്യക്കാരനായിരിക്കും.
അഞ്ചാംഭാവത്തില്‍ ധൂമം നിന്നാല്‍ പ്രഷ്ടാവ് കോപശീലനായിരിക്കും.
ആറാം ഭാവത്തില്‍ ധൂമം നിന്നാല്‍ പ്രഷ്ടാവിന്‍റെ മുഖത്തില്‍ വ്യാഘ്രം കടിക്കുന്നതായിരിക്കും. ജാതകാല്‍ ഈ യോഗമുള്ളവരെ പട്ടികടിച്ചതായും അനുഭവമുണ്ട്.
ഏഴാം ഭാവത്തില്‍ ധൂമം നിന്നാല്‍ ജാതിഹീനത പറഞ്ഞുതള്ളുക നിമിത്തമോ മറ്റോ വീടുവിട്ടു പോകാനിടവരും.
എട്ടാം ഭാവത്തില്‍ ധൂമം നിന്നാല്‍ ആയുധാദികളില്‍ നിന്നും മുറിവോ മറ്റോ സംഭവിക്കും.
എട്ടാം ഭാവത്തില്‍ ധൂമം നിന്നാല്‍ ആയുധാദികളില്‍ നിന്നും മുറിവോ മറ്റോ സംഭവിക്കും.
*****************
ധര്‍മ്മേ സ്വല്പതപാഃ ഖഭേƒശനിഹതിര്‍ല്ലാഭേ ലഭേതേതര-
ദ്വേശ്മാപി പ്രവസേദ്വയയേƒഥതനുഗഃ സ്യാച്ചേദ്വയതീപാതകഃ
ശ്വിത്രി വാചി സകൗശലഃ സഹജഭേ ഗാനീ സുഖേƒശ്വാഗമോ
ദുഃഖം പുത്രഭവം സുതേƒരിഭവനേ ഛിദ്രാവഹോƒസ്തേƒധനഃ
ധൂമം ഒന്‍പതാം ഭാവത്തില്‍ നിന്നാല്‍ തപസ്സ് മുതലായ നിഷ്ഠകള്‍ കുറഞ്ഞിരിക്കും.
പത്താം ഭാവത്തില്‍ ധൂമം നിന്നാല്‍ ഇടിത്തീയേറ്റ് മരിക്കും.
പതിനൊന്നാം ഭാവത്തില്‍ ധൂമം നിന്നാല്‍ സ്വന്തഗൃഹമല്ലാതെ മറ്റൊരു ഗൃഹംകൂടി സിദ്ധിക്കും.
പന്ത്രണ്ടാം ഭാവത്തില്‍ ധൂമം നിന്നാല്‍ നാടുവിട്ടു പോകുന്നതിനിടവരും.
ഇങ്ങിനെ ധൂമത്തിന്‍റെ ഫലം പറഞ്ഞുകഴിഞ്ഞു.
വ്യതീപാതദോഷത്തിന്‍റെ ഫലം താഴെ പറയുന്നു
വ്യതീപാതം ലഗ്നത്തില്‍ നിന്നാല്‍ ശ്വിത്രരോഗത്തെ പറയണം.
രണ്ടാം ഭാവത്തില്‍ വ്യതീപാതം നിന്നാല്‍ വാക്സാമര്‍ത്ഥ്യം ഉണ്ടായിരിക്കും.
മൂന്നാം ഭാവത്തില്‍ വ്യതീപാതം നിന്നാല്‍ സംഗീതവിദ്യ ഉണ്ടായിരിക്കും.
നാലാം ഭാവത്തില്‍ വ്യതീപാതം നിന്നാല്‍ കുതിരയുടെ ലാഭത്തെ ഉണ്ടായിരിക്കും (വാഹനലാഭം ഉണ്ടായിരിക്കും).
അഞ്ചാം ഭാവത്തില്‍ വ്യതീപാതം നിന്നാല്‍ പുത്രന്മാര്‍ നിമിത്തം ദുഃഖം അനുഭവിക്കും.
ആറാം ഭാവത്തില്‍ വ്യതീപാതം നിന്നാല്‍ ഗൃഹച്ഛിദ്രത്തിനു കാരണഭൂതനായി തീരും.
ഏഴാം ഭാവത്തില്‍ വ്യതീപാതം നിന്നാല്‍ ദരിദ്രനായിരിക്കും.
************
വേത്താ സര്‍വ്വകലാ മൃതൗ തപസി ഭാഗ്യോനോ നഭസ്യഗ്നിഭിര്‍-
ല്ലാഭേ ഭൂപതി സല്‍കൃതോ വ്യയഗൃഹേ ഭ്രഷ്ടോƒഥ സര്‍പ്പാന്‍മൃതിഃ
ലഗ്നസ്േഥ പരിവേഷനാമ്നി നിധികൃല്‍ സ്വേഭ്രാന്തിമാന്‍ സോദരേ
വാസോ നാത്മഗൃഹേ സുഖേ മനസി ബദ്ധോƒന്തസ്ഥചോരോരിപൗ.
സാരം :-
എട്ടാം ഭാവത്തില്‍ വ്യതീപാതം നിന്നാല്‍ പ്രഷ്ടാവു കലാവിദ്യകളില്‍ അറിവുള്ളവനായിരിക്കും.
ഒന്‍പതാം ഭാവത്തില്‍ വ്യതീപാതം നിന്നാല്‍ ഭാഗ്യഹീനനായി ഭവിക്കും.
പത്താം ഭാവത്തില്‍ വ്യതീപാതം നിന്നാല്‍ അഗ്നിഭയമുണ്ടാകും.
പതിനൊന്നാം ഭാവത്തില്‍ വ്യതീപാതം നിന്നാല്‍ രാജസമ്മാനം ലഭിക്കും.
പന്ത്രണ്ടാം ഭാവത്തില്‍ വ്യതീപാതം നിന്നാല്‍ സ്ഥാനതാഴ്ച മുതലായ ഭ്രംശത സംഭവിക്കും.
ഇങ്ങനെ വ്യതീപാതദോഷം കഴിഞ്ഞു.
പരിവേഷഫലം താഴെ പറയുന്നു.
പരിവേഷം ലഗ്നത്തില്‍ നിന്നാല്‍ സര്‍പ്പം കടിക്കുകനിമിത്തം പ്രഷ്ടാവ് മരിക്കും.
രണ്ടാം ഭാവത്തില്‍ പരിവേഷം നിന്നാല്‍ ധനം കുഴിച്ചുവച്ച് സൂക്ഷിക്കും.
മൂന്നാം ഭാവത്തില്‍ പരിവേഷം നിന്നാല്‍ പ്രഷ്ടാവിന് ഭ്രാന്ത് വരും.
നാലാം ഭാവത്തില്‍ പരിവേഷം നിന്നാല്‍ തന്‍റെ ഗൃഹത്തില്‍ താമസിക്കയില്ല.
അഞ്ചാം ഭാവത്തില്‍ പരിവേഷം നിന്നാല്‍ ജയിലില്‍ കിടപ്പാനിടവരും.
ആറാം ഭാവത്തില്‍ പരിവേഷം നിന്നാല്‍ അന്തര്‍ ഭാഗത്തിലുള്ള ദ്രവ്യങ്ങളെ ചോരണം ചെയ്യും.
************
കാണോƒസ്തേ ക്ഷതിരായുധേന നിധനേ ഗുര്‍വ്വാദ്യഭക്തോ ഗുരൗ
ഹൃൗദാര്യം ദശമേ ഭവേതു ജള വാഗ്ദീര്‍ഘാമയോദ്വാദശേ
വാതവ്യാദ്ധ്യവശീകൃതാഖില തനുര്‍വൃത്രാരിചാപോദയേ
ബാധിര്യം വചസീ ദ്വിജന്മവധപൂര്‍വ്വാകൃത്യകൃദ്വിക്രമേ.
സാരം :-
ഏഴാം ഭാവത്തില്‍ പരിവേഷം നിന്നാല്‍ ഒരു കണ്ണിന് കാഴ്ചയില്ലാതെ വരും.
എട്ടാം ഭാവത്തില്‍ പരിവേഷം നിന്നാല്‍ ആയുധം കൊണ്ട് ശരീരത്തില്‍ മുറിവുണ്ടാകും.
ഒന്‍പതാം ഭാവത്തില്‍ പരിവേഷം നിന്നാല്‍ ഗുരുക്കന്മാര്‍ മുതലായ പൂജ്യന്മാരില്‍ ഭക്തിയില്ലാതെവരും.
പത്താം ഭാവത്തില്‍ പരിവേഷം നിന്നാല്‍ ദാനശീലനായിത്തീരും.
പതിനൊന്നാം ഭാവത്തില്‍ പരിവേഷം നിന്നാല്‍ സംസാരിക്കുന്നതിന് സാമര്‍ത്ഥ്യം കാണുകയില്ല.
പന്ത്രണ്ടാം ഭാവത്തില്‍ പരിവേഷം നിന്നാല്‍ വളരെ കാലം നീണ്ടു നില്‍ക്കുന്ന രോഗങ്ങളുണ്ടായിരിക്കും.
ഇങ്ങിനെ പരിവേഷഫലം കഴിഞ്ഞു.
ഇന്ദ്രചാപഫലം താഴെ പറയുന്നു.
ഇന്ദ്രചാപം ലഗ്നത്തില്‍ നിന്നാല്‍ വാതരോഗം നിമിത്തം ഒരവയവങ്ങള്‍ക്കും സ്വാധീനമില്ലാതെ സര്‍വ്വാംഗവും സ്തംഭിച്ചു പോകും.
രണ്ടാം ഭാവത്തില്‍ ഇന്ദ്രചാപം നിന്നാല്‍ ചെവികേള്‍ക്കാന്‍ നിവൃത്തിയില്ലാതെവരും.
മൂന്നാം ഭാവത്തില്‍ ഇന്ദ്രചാപം നിന്നാല്‍ ബ്രാഹ്മണഹിംസ തുടങ്ങിയ നിന്ദ്യകര്‍മ്മങ്ങള്‍ ചെയ്യും.
*************
വേശ്മസ്േഥ ഗണരക്ഷ്യഹാ മനസിവാഗ്ഭീമന്ത്രവാദാവുഭൗ
ഷഷ്േഠ ശത്രുഭയം മദേ അംഗവികലോ ഭാര്യാനുഭൂതിശ്ച നോ
ബദ്ധോ ഭൂരിതരാശയാ പ്രകടയന്‍ ജാള്യം ചരേദഷ്ടമേ
ബന്ധാദ്വാത്മജതോ മൃതിസ്തപസി ഖേ സ്വല്പാംബരശ്ശിഘ്രഭൂക്.
സാരം :-
നാലാം ഭാവത്തില്‍ ഇന്ദ്രചാപം നിന്നാല്‍ സമുദായംവക ധനത്തെ നശിപ്പിക്കും.
അഞ്ചാം ഭാവത്തില്‍ ഇന്ദ്രചാപം നിന്നാല്‍ ഭയജനകങ്ങളായ വചനങ്ങളും മന്ത്രവാദവിദ്യയും ഉണ്ടാകും.
ആറാം ഭാവത്തില്‍ ഇന്ദ്രചാപം നിന്നാല്‍ ശത്രുക്കളില്‍ നിന്ന് ഭയപ്പെടാനിടവരും.
ഏഴാം ഭാവത്തില്‍ ഇന്ദ്രചാപം നിന്നാല്‍ കരചരണാദികളായ അവയവങ്ങള്‍ക്ക് കേടു സംഭവിക്കും, ഭാര്യയും ഉണ്ടാകയില്ല.
എട്ടാം ഭാവത്തില്‍ ഇന്ദ്രചാപം നിന്നാല്‍ പലവിധമുള്ള ആഗ്രഹം നിമിത്തം ഓരോന്നിനെ പ്രകടിപ്പിച്ചുകൊണ്ട് അങ്ങുമിങ്ങും സഞ്ചരിക്കും.
ഒന്‍പതാം ഭാവത്തില്‍ നിന്നാല്‍ ബന്ധനത്തില്‍ കിടന്നോ പുത്രന്‍റെ ദുഷ്കര്‍മ്മാദികള്‍ ഹേതുവായിട്ടോ മരിക്കാനിടവരും.
പത്താം ഭാവത്തില്‍ നിന്നാല്‍ ഉടുക്കുന്നതിനും വസ്ത്രം ഒരിക്കലും തൃപ്തികരമായി ലഭിക്കുകയില്ല. ക്ഷണനേരം കൊണ്ട് ഊണ് കഴിക്കുകയും ചെയ്യും.
************
ലാഭേ ഭൂരിപരാക്രമശ്ച മൃഗയാസക്തോ വ്യയേ പ്രോഷണം
കോപാദ്ഭൂമിപതേരേഥാദയഗതേ കേതൗ വികേശോƒഗതഃ
ദൗര്‍ബല്യം ഗിരിസാനുനാസികവചോ വാഗ്ഭീശ്ച സോത്േഥദ്വയം
വേശ്മസ്േഥ സുരഭിസദാ ഹൃദിനരഃ ശൂലി വധൂര്യുഗ്മസ്ത്രഃ
സാരം :-
പതിനൊന്നാം ഭാവത്തില്‍ ഇന്ദ്രചാപം നിന്നാല്‍ വളരെ പരാക്രമശാലിയായും നായാട്ടു ചെയ്യുന്നതില്‍ ഉത്സാഹമുള്ളവനായും തീരും.
പന്ത്രണ്ടാം ഭാവത്തില്‍ ഇന്ദ്രചാപം നിന്നാല്‍ രാജശിക്ഷഹേതുവായിട്ടോ മറ്റോ സ്വദേശം വിട്ടുപോകാനിടവരും.
ഇങ്ങിനെ ഇന്ദ്രചാപഫലം കഴിഞ്ഞു.
കേതു ദോഷഫലം താഴെ പറയുന്നു.
കേതു എന്ന ദോഷം ലഗ്നത്തില്‍ നിന്നാല്‍ ശിരസ്സിന്‍റെ മുന്‍വശത്ത് തലമുടിയില്ലാതെ വരും.
രണ്ടാം ഭാവത്തില്‍ കേതു ദോഷം നിന്നാല്‍ ശരീരത്തിന് ബലഹാനിയും സംസാരത്തിന് മൂക്കിന്‍റെ സഹായംകൂടി വരികയാല്‍ ഒരുതരം കിണുങ്ങലുണ്ടായിരിക്കും.
മൂന്നാം ഭാവത്തില്‍ കേതുദോഷം നിന്നാല്‍ മേല്‍പറഞ്ഞവണ്ണം സംസാരിക്കുന്നതിന് വൈകല്യവും മറ്റുള്ളവരുടെ വാക്ക് കേള്‍ക്കുമ്പോള്‍ ഭയപ്പാടും ഉണ്ടാകും.
നാലാം ഭാവത്തില്‍ കേതുദോഷം നിന്നാല്‍ ചന്ദനം പനിനീര്‍ മുതലായ ലേപനവസ്തുക്കളെക്കൊണ്ട് മറ്റും എപ്പോഴും സൗരഭ്യമുള്ളവനായി ഭവിക്കും.
അഞ്ചാം ഭാവത്തില്‍ കേതുദോഷം നിന്നാല്‍ പ്രഷ്ടാവ് പുരുഷനാണെങ്കില്‍ ശൂലരോഗത്തെയും സ്ത്രീയാണെങ്കില്‍ ഇരട്ട പ്രസവിക്കുമെന്നും പറയണം.
**************
അന്ധോ രുദ്ധമരുന്‍മ്രിയേത പരഗേഹേƒരൗ മദേ മോഷണാ-
ദ്രന്ധ്രസ്േഥ വിഷഭോജനാത്തപസി വിക്രാന്തശ്ച ദുര്‍മൃത്യുഭാക്
വൃക്ഷേണാദിഹതോ നിപത്യതരുതോ വാ ഖേ മൃതിംപ്രാപ്നുയാ-
ദായേ ശേവധിഭാഗ് വ്യയേ ശയനസൗഖ്യാഭാവദുഃഖവ്യയാ.- ഇതി
ആറാം ഭാവത്തില്‍ കേതുദോഷം നിന്നാല്‍ കണ്ണുകാണാതെ വന്ന് കാസം മുതലായ രോഗങ്ങളാല്‍ ശ്വാസം തടഞ്ഞ് അന്യന്മാരുടെ വീട്ടില്‍ വച്ച് മരിക്കാനിടവരും.
ഏഴാം ഭാവത്തിക് കേതുദോഷം നിന്നാല്‍ മോഷണസ്ഥലത്ത് വച്ചോ മോഷണം ഹേതുവായിട്ടുള്ള ഉപദ്രവം കൊണ്ടോ മറ്റോ മരിക്കാനിടവരും.
എട്ടാം ഭാവത്തില്‍ കേതുദോഷം നിന്നാല്‍ വിഷഭക്ഷണത്താല്‍ മരിക്കും.
ഒന്‍പതാം ഭാവത്തില്‍ കേതുദോഷം നിന്നാല്‍ വളരെ പരാക്രമം ഉള്ളവനായിരിക്കുമെങ്കിലും അവസാനം ദുര്‍മരണം സംഭവിക്കും.
പത്താം ഭാവത്തില്‍ കേതുദോഷം നിന്നാല്‍ വൃഷത്തില്‍ നിന്ന് വീണിട്ടോ ഇവന്‍റെ ശരീരത്തില്‍ വൃക്ഷം വീണിട്ടോ മരണത്തിനിടവരും.
പതിനൊന്നാം ഭാവത്തില്‍ കേതുദോഷം നിന്നാല്‍ ഇരിപ്പുധനം കിട്ടി അനുഭവിക്കുന്നതിനിടവരും.
പന്ത്രണ്ടാം ഭാവത്തില്‍ കേതുദോഷം നിന്നാല്‍ ശയന സുഖമുണ്ടാകയില്ല. ദുഖങ്ങളും ധനവ്യയങ്ങള്‍ ഉണ്ടാകുകയും ചെയ്യും.
ഇങ്ങിനെ ധൂമാദി പഞ്ച ദോഷങ്ങളുടെ ഫലങ്ങള്‍ പറഞ്ഞുകഴിഞ്ഞു.
മേല്‍പറഞ്ഞ ധൂമാദി പഞ്ച ദോഷഫലങ്ങള്‍ ജാതകവശാലും പ്രശ്നവശാലും പറയേണ്ടതാണ്.