കാലഃ സ്വര്‍ക്ഷദിനര്‍ത്തവോ നിജഗൃഹസ്ഥാര്‍ക്കേന്ദുജീവാദയഃ
സര്‍വ്വേഷാം സ്വദശാനിജാപഹൃദയഃ സ്വീയോദയാസ്താ അപി
ഖേടാനാം രവിചന്ദ്രയോരയനമപ്യത്രോത്തരം ദക്ഷിണം.
ദാതും സ്യാദ്ഗുണദോഷണസംഭവഫലം സര്‍വ്വം ബുധൈരൂഹ്യതാം.
സാരം :-
ഓരോ ഗ്രഹങ്ങളും ഫലത്തെ ദാനം ചെയ്യുന്ന കാലം താഴെപ്പറയുന്ന ക്രമമനുസരിച്ച് ചിന്തിച്ചറിയേണ്ടതാണ്. തങ്ങളുടെ നക്ഷത്രത്തിലും തങ്ങളുടെ ആഴ്ചകളിലും തങ്ങളുടെ ഋതുക്കളിലും താന്‍ നില്‍ക്കുന്ന രാശിയില്‍ സൂര്യന്‍, ചന്ദ്രന്‍, വ്യാഴം, ശനി ഇവര്‍ വരുന്നകാലവും തന്‍റെ ദശാകാലവും അപഹാരകാലവും താന്‍ നില്‍ക്കുന്ന രാശി ഉദയമായി വരുന്ന കാലവും ഫലാനുഭവത്തിന്‍റെ സമയമാണെന്നറിയണം. ആദിത്യനു ഉത്തരായനകാലവും ചന്ദ്രന് ദക്ഷിണായന കാലവും ഫലയോഗ്യമാണ്. ഇങ്ങിനെ വിദ്വാന്മാര്‍ ചിന്തിച്ചു പറഞ്ഞുകൊള്ളണം.