ജീവന്‍ വെടിഞ്ഞുകഴിഞ്ഞ ശരീരത്തെ വിധിപ്രകാരം സംസ്കരിക്കുന്ന ചടങ്ങിനെ "അന്ത്യേഷ്ടി" എന്ന് പറയുന്നു. "ഭസ്മാന്തം ശരീരം" എന്ന വചനമനുസരിച്ച് ഭസ്മമായി തീരുന്നതുവരെയാണ് ഈ സംസ്കാരം. വിധിപ്രകാരം തയ്യാറാക്കുന്ന അഗ്നികുണ്ഡത്തില്‍ ശവശരീരം സുഗന്ധദ്രവ്യങ്ങളോടൊപ്പം വേദമന്ത്രോച്ചാരണത്തോടെ ദഹിപ്പിക്കുന്നത് ഒരു യാഗകര്‍മ്മം തന്നെയെന്ന് കരുതപ്പെടുന്നു. "ഇഷ്ടി" എന്നാല്‍ യാഗം എന്നര്‍ത്ഥം. അന്ത്യേഷ്ടി അങ്ങനെ ഒരു വ്യക്തിയുടെ അവസാനത്തെ യാഗമായി വിവക്ഷിക്കപ്പെടുന്നു. ജീവനൊഴിഞ്ഞുപോയ ശരീരം ജഡവും അശുദ്ധവുമാണ്. സകലതിനേയും ശുദ്ധീകരിക്കാന്‍ അഗ്നിതന്നെ ദഹനത്തിലൂടെ ശവശരീരത്തെ ശുദ്ധീകരിച്ച് ഒരുപിടി ചാരമാക്കുന്നു. കുഴിച്ചിടുന്ന ശവം ചീഞ്ഞളിഞ്ഞ് ചുറ്റുപാടും മലിനമാക്കുകയും ചെയ്യുന്ന അവസ്ഥ മൃതദേഹം ദഹിപ്പിക്കുമ്പോള്‍ ഉണ്ടാകുന്നില്ല.
തെക്കോട്ട് മുന വരത്തക്കവിധം ദര്‍ഭ ഇട്ട് അവയുടെ മേലാണ് ശരീരത്തെ കിടത്തേണ്ടത്. വായും ഇമകളും (കണ്ണുകള്‍) അടയ്ക്കുകയും കാലിന്‍റെ പെരുവിരലുകള്‍ ഒരു നൂലുകൊണ്ട് ചേര്‍ത്ത് ലഘുവായി കെട്ടുകയും വേണം. പാദവും മുഖവുമൊഴിച്ചുള്ള ഭാഗങ്ങളാണ് വെള്ളത്തുണികൊണ്ട് മുടേണ്ടത്. എള്ളെണ്ണ ഒഴിച്ച് കത്തിച്ച നിലവിളക്ക് തലഭാഗത്ത് കൊളുത്തിവയ്ക്കണം.
ശവമഞ്ചം പട്ടടയിലേയ്ക്ക് ബന്ധുക്കള്‍ എടുത്തുകൊണ്ടു പോകുമ്പോള്‍ തൊട്ടുമുന്നില്‍ ഒരാള്‍ മൂന്നോ നാലോ ദ്വാരങ്ങളിട്ട ഒരു പച്ചമണല്‍ കുടത്തില്‍ തീക്കനല്‍ കൊണ്ടുപോകണം. കര്‍മ്മം ചെയ്ത ആള്‍ ശവസംസ്കാരത്തിനുശേഷം സ്നാനം തുടങ്ങിയവ കഴിച്ച് വസ്ത്രം മാറി ഗൃഹപ്രവേശം ചെയ്യുക. വീട്ടുവളപ്പില്‍ വച്ച് അല്പം വേപ്പില ചവച്ച് തുപ്പി വായ് കഴുകിയ ശേഷം വേണം ഗൃഹത്തില്‍ പ്രവേശിക്കാന്‍.
ശവസംസ്കാരത്തിന് ശേഷം സാധാരണ അഞ്ചാം ദിവസം സഞ്ചയനം എന്ന കര്‍മ്മം നടത്തുന്നു. സംസ്കാരാനന്തരം പത്തു ദിവസം ബലി, പന്ത്രണ്ടാം ദിവസം സപിണ്ഡീകരണ ശ്രാദ്ധം, വര്‍ഷം കൂടുമ്പോള്‍ ഏകോദ്ദീഷ്ടം എന്ന ആണ്ടുബലി, വായുബലി തുടങ്ങിയ നിരവധി കര്‍മ്മങ്ങള്‍ ഉള്‍ച്ചേര്‍ന്നതാണ് ഹിന്ദുവിന്‍റെ ശാസ്ത്രീയമായ അപരക്രിയാ പദ്ധതി. സ്ഥൂല ശരീരത്തില്‍ നിന്നും വേര്‍പ്പെട്ട സൂക്ഷ്മ ശരീരം അഥവാ ആത്മാവ് പത്ത് ദിവസം ബന്ധുക്കള്‍ നല്‍കുന്ന പിേണ്ഡാദകങ്ങള്‍ ഏറ്റുവാങ്ങി ഭോഗദേഹമാകുന്നു. ഓരോ ദിവസത്തെയും പിണ്ഡം നല്‍കുന്നത് സൂക്ഷ്മശരീരത്തിന്‍റെ ഓരോ അംഗത്തിന്‍റെ വളര്‍ച്ചയ്ക്കുവേണ്ടിയാണ്. പതിനൊന്നും, പന്ത്രണ്ടും ദിവസങ്ങളില്‍ ഏകോദിഷ്ടരീതിയില്‍ ശ്രാദ്ധം നടത്തണം.
ചിതയ്ക്ക് തീ കൊളുത്തുമ്പോള്‍ പുത്രന്‍ തന്നെയായിരിക്കണം എന്ന് നിര്‍ബന്ധമില്ല. ഭയന്നവരെയും കരച്ചിലടക്കാന്‍ കഴിയാത്തവരെയും കുട്ടികളെയും കൊണ്ട് അത് ചെയ്യിക്കരുത് എന്നാണ് അഭിജ്ഞാനമതം. മരണംമൂലം ബന്ധുക്കള്‍ക്ക് സംഭവിക്കുന്ന അശുദ്ധി (പുല) പത്ത് ദിവസമാണുള്ളത്. (പുല ആചരിക്കാന്‍ ഓരോ ജാതികാര്‍ക്കും പുല ദിവസങ്ങളില്‍ കാലദേശങ്ങള്‍ക്കനുസരിച്ച് (നാട്ടാചാരങ്ങള്‍ക്കനുസരിച്ച്) വ്യതാസം ഉണ്ടായിരിക്കും.)
പിതൃകര്‍മ്മങ്ങളില്‍ പിണ്ഡം തുടങ്ങിയവ വലത് കൈകൊണ്ടു നല്‍കുമ്പോള്‍ ഇടതുകൈകൊണ്ടു വലതുകൈയില്‍ തൊടേണ്ടതാണ്. ബലിച്ചോറ് പാകം ചെയ്യുന്നതിന് ഇരുമ്പ് പാത്രങ്ങള്‍ ഉപയോഗിക്കരുത്. പിതൃക്കളുടെ ഓര്‍മ്മ ഉണര്‍ത്തുന്ന പക്ഷികളാണ് ബലിക്കാക്കകള്‍. കാക്ക തുടങ്ങിയ പക്ഷികളുടെ രൂപത്തില്‍ പിതൃക്കള്‍ ബലിച്ചോറുണ്ണാന്‍ വന്നേക്കുമെന്നും അതിനാല്‍ പിണ്ഡം ഭക്ഷിക്കാനെത്തുന്ന പക്ഷികളെ ഓടിക്കരുതെന്നും ഉശനസ്മൃതിയില്‍ പറയുന്നുണ്ട്. കാക്കകള്‍ ഉച്ഛിഷ്ടപിണ്ഡം ഭക്ഷിക്കുമ്പോള്‍ പിതൃക്കള്‍ക്ക് തൃപ്തി വരുന്നുവെന്ന് ഉത്തരരാമായണത്തിലും പറയുന്നുണ്ട്. ബലിച്ചോറ് കാക്കകള്‍ക്ക് കൊടുക്കുകയോ ജലാംശത്തില്‍ ഇടുകയോ ചെയ്യാം. ദേവപ്രീതി, ഗുരുപ്രീതി, പിതൃപ്രീതി എന്നിവയില്‍ ഏറ്റവും പ്രധാനം പിതൃപ്രീതിയാണ്. പിതൃപ്രീതി ഒഴിച്ചുള്ളവയില്‍ മുടക്കം വന്നാല്‍ പരിഹാരമുണ്ട്. പിതൃപ്രീതിയ്ക്ക് മുടക്കം വരരുത്. അത് നിര്‍വ്വഹിക്കുവാനുള്ള മാര്‍ഗ്ഗമാണ് ശ്രാദ്ധം. വംശവൃദ്ധി, സന്താനഗുണം, സമ്പത്ത്, കുടുംബസൗഖ്യം എന്നിവയ്ക്കെല്ലാം പിതൃപ്രീതി വളരെ ആവശ്യമാണ്. അതിനാല്‍ വിധിപ്രകാരം വളരെ ശ്രദ്ധയോടും വിശ്വാസത്തോടും ശ്രാദ്ധം നടത്തേണ്ടത് അത്യന്താപേക്ഷിതമാണ്.