കുറിതൊടല്‍ എന്നത് ഹൈന്ദവരുടെ സുപ്രധാന അനുഷ്ഠാനമാണ്. കഴുത്ത്, തോളുകള്‍, കൈമുട്ടുകള്‍, നെഞ്ച്, വയര്‍ഭാഗം, പുറത്ത് രണ്ട്, കണങ്കാലുകള്‍ ഇങ്ങനെ പന്ത്രണ്ട് ഭാഗങ്ങളില്‍ ഭസ്മമം, കുങ്കുമം, ചന്ദനം എന്നീ മൂന്ന് ദ്രവ്യങ്ങള്‍കൊണ്ട് ചാര്‍ത്തുന്ന രീതിയെ "കുറിതൊടല്‍" എന്ന് വിളിക്കുന്നു. നെറ്റിത്തടമാണ് കുറിതൊടലിന്‍റെ പ്രധാനഭാഗം. വിദ്യയേയും ജ്ഞാനത്തേയും കുറിക്കുന്ന ഈ സ്ഥാനത്ത് തിലകം ധരിക്കുമ്പോള്‍ അവിടെ ദേവാത്മകമായ ചൈതന്യം ഉണരുന്നു.
സ്നാനത്തിനുശേഷമാണ് തിലകം ധരിക്കുന്നത്. തിലക്കത്തിനുപയോഗിക്കുന്ന പ്രധാന വസ്തുക്കളായ ഭസ്മം, ചന്ദനം, കുങ്കുമം എന്നിവ മൂന്നും ജ്ഞാനദര്‍ശനത്തെ സൂചിപ്പിക്കുന്നു. ശിവന്‍, വിഷ്ണു, ശക്തി എന്നിവരുടെ പ്രവൃത്തിയേയും സ്വഭാവത്തേയുമാണ് ഈ മൂന്ന് ദ്രവ്യങ്ങളും കുറിക്കുന്നത്. ഇതില്‍ ഭസ്മം ശൈവവും, ചന്ദനം വൈഷ്ണവവും, കുങ്കുമം ശാക്തവുമാണ്.
ലലാടത്തിനു കുറുകെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ ഭസ്മക്കുറി ഇടണമെന്നാണ് ശാസ്ത്രം. മൂന്നുകുറി സന്യാസിമാര്‍ മാത്രമേ തൊടാവു. എല്ലാവര്‍ക്കും ഒറ്റക്കുറി ധരിക്കാം. ഓരോ ഭസ്മരേഖയും തനിക്കു കഴിഞ്ഞുപോയ ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം ഇവയെയാണ് സൂചിപ്പിക്കുന്നത്. കുറിയുടെ എണ്ണം അതാതു കഴിഞ്ഞു എന്നതിന്‍റെ സൂചനയാണ്.
ഭസ്മം നെറ്റിയ്ക്ക് ലംഭമായി മുകളിലേയ്ക്ക് ധരിക്കാന്‍ പാടില്ല. ശിരസ്സാകുന്ന ബ്രഹ്മാണ്ഡത്തെ ചുറ്റിക്കിടക്കുന്ന ആത്മമണ്ഡലത്തെ സൂചിപ്പിക്കാനാണ് നെറ്റിക്ക് കുറുകെ ഭസ്മം ധരിക്കുന്നത്. ഭസ്മം എടുത്ത വിരലുകള്‍ വലതു കൈയിലേതാകണമെന്നും, നെറ്റിയുടെ ഇടതുവശത്താരംഭിച്ച് കുറിയിട്ട ശേഷം തലയ്ക്ക് ചുറ്റുമായി പ്രദക്ഷിണംവെച്ച്, തള്ളവിരല്‍കൊണ്ട് ഭ്രൂമദ്ധ്യത്തില്‍ സ്പര്‍ശിച്ച് നിര്‍ത്തണമെന്നുമാണ് ഭസ്മധാരണവിധി. ചൂണ്ടുവിരല്‍ ഉപയോഗിക്കാതെ നടുവിരല്‍, മോതിരവിരല്‍, ചെറുവിരല്‍ ഇവകളില്‍ ഭസ്മം നനച്ചുതേച്ച്, ഇടതു കൈയിലെ വിരലുകളിലും പതിച്ച് രണ്ടു കൈകളുംകൊണ്ട് ഒരേസമയം പന്ത്രണ്ടു സ്ഥാനങ്ങളിലും ഭസ്മക്കുറിയണിയാം. സ്ത്രീകള്‍ ഭസ്മം നനച്ചണിയരുത്.
ചന്ദനം സര്‍വ്വവ്യാപിയായ വിഷ്ണുതത്ത്വത്തെ സൂചിപ്പിക്കുന്നു. വിഷ്ണു എന്ന പദത്തിനര്‍ത്ഥം വ്യാപകന്‍ എന്നാകുന്നു. ഇതു സൂചിപ്പിക്കാന്‍ ചന്ദനം ഉപയോഗിക്കുന്നു. ചന്ദനത്തിന്‍റെ ഗുണം സുഗന്ധമാണ്. ചന്ദനഗന്ധം പെട്ടെന്ന് സര്‍വ്വത്ര പരക്കുന്നതാണ്. ഒരു ഔഷധം കൂടിയായ ചന്ദനം സംസാരദുഃഖം എന്ന രോഗത്തിന് മരുന്നായ വിഷ്ണുഭക്തിയെ സൂചിപ്പിക്കുന്നു. ചന്ദനം മോതിരവിരല്‍കൊണ്ട് തൊടണം. നെറ്റിക്ക് മദ്ധ്യഭാഗത്ത് ലംബമായി ഇത് തൊടണം. ഭസ്മം പോലെ നെറ്റിക്ക് കുറുകെ ചന്ദനം അണിയുന്നത് വൈഷ്ണവ സമ്പ്രദായങ്ങള്‍ നിഷേധിക്കുന്നു. സുഷുമ്നാനാഡിയുടെ പ്രതീകമാണ് ചന്ദനക്കുറി മുകളിലേയ്ക്ക് അണിയുന്നത്.
കുങ്കുമം ദേവീസ്വരൂപമാണ്. നിറത്തിലും തിലകത്തിന്‍റെ ആകൃതിയിലും മോഹസ്വരൂപമായ മഹാമായാതത്ത്വത്തെ ഇതു സൂചിപ്പിക്കുന്നു. ലലാടത്തിനു നടുവിലോ, ഭ്രൂമദ്ധ്യത്തിലോ കുങ്കുമം തൊടാം. വിശാലമായ ആത്മാവില്‍ ബിന്ദുരൂപത്തില്‍ സ്ഥിതിചെയ്ത് സര്‍വ്വതിനേയും നയിക്കുന്ന മഹാശക്തിയെ സൂചിപ്പിക്കാനാണ് ഇത് ഒരു ചെറിയ വൃത്താകൃതിയില്‍ തൊടുന്നത്.
നടുവിരല്‍ കൊണ്ടാണ് കുങ്കുമം തൊടേണ്ടത്. കുങ്കുമം നെറ്റിയ്ക്ക് കുറുകെയോ നെടുകെയോ തൊട്ടുകൂടാ എന്നാണ് ശാക്തമതം, തൃകോണം, ചതുരം, യോനി, ബിന്ദു ഇങ്ങനെയുള്ള ആകൃതികളിലും കുങ്കുമം തൊടാറുണ്ട്.
തിലകം ചാര്‍ത്തുന്നത് മോതിരവിരല്‍ കൊണ്ടാണെങ്കില്‍ ശാന്തിയും, നടുവിരല്‍കൊണ്ടാണെങ്കില്‍ ആയുര്‍വൃദ്ധിയും, ചൂണ്ടുവിരല്‍കൊണ്ടാണെങ്കില്‍ പുഷ്ടിയും കൈവരുന്നു. നഖം സ്പര്‍ശിക്കാതെ വേണം തിലകം ധരിക്കേണ്ടത്. ചെറുവിരല്‍ ഉപയോഗിക്കാന്‍ പാടില്ല. ആര്‍ത്തവം, പുല, അശൗചം തുടങ്ങിയ അശുദ്ധികളുള്ളപ്പോള്‍ അനുഷ്ഠാനപരമായ തിലകധാരണം ഒഴിവാക്കണം.