അടിച്ചുതളിയെന്തെന്ന് പുതിയ തലമുറയ്ക്കറിയില്ലെങ്കിലും അത്തരത്തിലൊരു സംവിധാനം കേരളീയര്‍ ആദ്യകാലം മുതല്‍ തന്നെ നിലനിര്‍ത്തിയിരുന്നു.
വൈകുന്നേരം സ്ത്രീകളുടെ ഒരു പ്രധാന കര്‍ത്തവ്യം എന്നത് അടിച്ചുതളിക്കുകയായിരുന്നു. പടിഞ്ഞാറേ ആകാശത്തില്‍ സൂര്യന്‍ താണ് സന്ധ്യയാകുന്നതിനു മുമ്പാണ് ഇത് നിര്‍വഹിച്ചിരുന്നത്. സന്ധ്യയ്ക്ക് വന്നെത്തുന്ന മൂതേവിയെ വീട്ടിലോ പരിസരത്തോ പ്രവേശിപ്പിക്കാതെ വിളക്ക് കൊളുത്തി ഐശ്വര്യത്തെ ആകര്‍ഷിക്കുന്നതിനു മുമ്പാണ് അടിച്ചുതളിച്ചിരുന്നത്.
മുറ്റത്തെ ചപ്പും ചവറുമൊക്കെ അടിച്ചു കളഞ്ഞ് ഗംഗാസങ്കല്‍പ്പത്തില്‍ ജലമെടുത്ത് തളിക്കുന്നതിനാണ് "അടിച്ചുതളി" എന്ന് പറയുന്നത്. എന്നാല്‍ ചിലര്‍ സന്ധ്യയ്ക്കും രാത്രിയിലും ചിലപ്പോഴെങ്കിലും അടിച്ചുതളിക്കാന്‍ ശ്രമിക്കാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് ദോഷവും പാപവുമാണെന്നാണ് മുതിര്‍ന്നവര്‍ പറയുന്നത്.
എന്നാല്‍ സന്ധ്യക്കും രാത്രിയിലും അടിച്ചുതളിക്കരുതെന്നു പറയുന്നതിന് പിന്നില്‍ വ്യക്തമായ കാരണമുണ്ട്. പകല്‍നേരത്തെ അപേക്ഷിച്ച് സന്ധ്യയ്ക്കും രാത്രിയിലും മനുഷ്യന്‍റെ കാഴ്ചശക്തി കുറഞ്ഞിരിക്കുമത്രേ!. അതിനാല്‍ സന്ധ്യയ്ക്കും രാത്രിയിലും അടിച്ചുതളിച്ചാല്‍ വൃത്തിയാകില്ലെന്ന് സാരം.