കാലചക്രദശ കണ്ടുപിടിക്കുന്നത് എങ്ങനെ?
ജനനസമയത്തിനു സംസ്ക്കരിച്ചെടുത്ത ചന്ദ്രസ്ഫുടത്തിലെ രാശിസംഖ്യയെ 30 ല്‍ പെരുക്കി (ഗുണിച്ച്) തിയ്യതിയില്‍ ചേര്‍ത്ത് അതിനെ 60 ല്‍ പെരുക്കി കലയില്‍ ചേര്‍ത്ത് 4800 കൊണ്ട് അതിനെ ഹരിക്കണം. ശിഷ്ടം വരുന്ന സംഖ്യയെ 200 കൊണ്ട് ഹരിച്ച ഫലവും, ശിഷ്ടവും പ്രത്യേകം, പ്രത്യേകം സൂക്ഷിച്ചുവെക്കണം. അതിനുശേഷം ഹരണഫലത്തില്‍ ഒന്ന് കൂട്ടികിട്ടിയ സംഖ്യയെ 8 ല്‍ അധികമാണെങ്കില്‍ 8 കളഞ്ഞ് (കുറച്ച്) ശിഷ്ടവും, 12 ല്‍ അധികമാണെങ്കില്‍ അതില്‍ നിന്ന് 4 കളഞ്ഞ ശിഷ്ടവും, 20 ല്‍ അധികമാണെങ്കില്‍ അതില്‍ നിന്ന് 12 കളഞ്ഞ ശിഷ്ടവും സ്വീകരിക്കണം. ഈ സംഖ്യയാണ് കാലചക്രദശാവാക്യസംഖ്യ. ഈ ദശാസംഖ്യ എത്രയോ അത്രാമത്തെ വാക്യം ഉപയോഗിച്ച് കാലചക്രദശാനാഥന്മാരെ അറിയണം. കാലചക്രദശാവാക്യത്തിലെ ഒന്നാമത്തെ അക്ഷരസംഖ്യ എത്രയാണോ, മേടം മുതല്‍ അത്രാമത്തെ രാശിയുടെ അധിപന്റെ കാലചക്രദശാസംവത്സരംകൊണ്ട് 200 ല്‍ ഹരിച്ച ശിഷ്ടത്തെ 200 ല്‍ നിന്ന് കളഞ്ഞ ശേഷം (കുറച്ചശേഷം) സംഖ്യയെ പെരുക്കണം (ഗുണിക്കണം). പെരുക്കിയശേഷം (ഗുണിച്ചശേഷം) 200 കൊണ്ട് തന്നെ ആ സംഖ്യയെ ഹരിക്കണം. ഹരണഫലം ജനനത്തിനുശേഷം കാലചക്രദശയില്‍ ആ രാശ്യാധിപന് കഴിവാനുള്ള കൊല്ലമാണ്. ശിഷ്ടത്തെ 12 ല്‍ പെരുക്കി 200 ല്‍ ഹരിച്ച് കിട്ടുന്ന ഹരണഫലം ആ ദശയില്‍ കഴിവാനുള്ള ദിവസമാണ്. അതില്‍ ശിഷ്ടം 60 ല്‍ പെരുക്കി 200 ല്‍ ഹരിച്ചാല്‍ വരുന്ന സംഖ്യ കലയുമാണ് (നാഴിക). ഇതാണ് കാലചക്ര നിര്‍മ്മാണരീതി.
ഉദാഹരണം :-
ചന്ദ്രസ്ഫുടത്തെ നാഴികയാക്കുക
ചന്ദ്രസ്ഫുടം 7-1-58 (7 രാശി, 1 ദിവസം, 58 കല (നാഴിക))
7 രാശി (മാസം) യെ ദിവസമാക്കുന്നതിന്
രാശിസംഖ്യയായ 7 നെ 30 ല്‍ പെരുക്കിയാല്‍ 7 രാശി (മാസം) x 30 ദിവസം = 210 കിട്ടും. (210 ദിവസം)
അതില്‍ തിയ്യതി (ദിവസം) 1 കൂട്ടിയാല്‍ 210 + 1 = 211 കിട്ടുന്നു. (211 ദിവസം)
211 ദിവസത്തെ നാഴികയാക്കുന്നതിന്
211 നെ 60 ല്‍ പെരുക്കണം (ഗുണിക്കണം) 211 ദിവസം x 60 നാഴിക = 12660 നാഴിക.
ഇതില്‍ ചന്ദ്രസ്ഫുടത്തിലെ കല ചേര്‍ത്താല്‍ 12660 നാഴിക + 58 നാഴിക = 12718 നാഴിക.
ചന്ദ്രസ്ഫുടം 7-1-58 (7 രാശി, 1 ദിവസം, 58 കല (നാഴിക)) ചന്ദ്രസ്ഫുടത്തെ നാഴികയാക്കിയാല്‍ കിട്ടുന്നത് 12718 നാഴികയാണ്.
മേല്‍പ്പറഞ്ഞ പ്രകാരമാണ് ചന്ദ്രസ്ഫുടത്തെ നാഴികയാക്കുന്നത്.
12718 നാഴികയെ 4800 കൊണ്ട് ഹരിക്കണം. 12718 ÷ 4800
ശിഷ്ടം 3118 കിട്ടും.
3118 നെ 200 കൊണ്ട് ഹരിക്കണം. 3118 ÷ 200
ഹരണഫലം 15 ശിഷ്ടം 118.
ഹരണഫലസംഖ്യ 15 ല്‍ 1 കൂട്ടിയാല്‍ 16 ആയി.
12 ല്‍ അധികം വന്നതുകൊണ്ട് അതില്‍ നിന്ന് 4 കളഞ്ഞാല്‍ (കുറച്ചാല്‍) ശിഷ്ടം വരുന്നത് 12. ഇതാണ് (12) കാലചക്രദശാവാക്യസംഖ്യ.
കാലചക്രദശാവാക്യസംഖ്യ 12 നെ "പ്രായോരാഗീ ശീവതെ സാഹി" എന്നും ഇതിന്റെ സംഖ്യ 12-1-2-3-5-4-6-7-8 എന്നതുമാകുന്നു. ഇതിലെ ഒന്നാമത്തെ സംഖ്യ 12 ആകയാല്‍ മേടം മുതല്‍ പന്ത്രണ്ടാമത്തെ രാശി മീനം. ഈ മീനത്തിന്റെ അധിപന്‍ വ്യാഴം. വ്യാഴത്തിന്റെ കാലദശാസംവത്സരം 10.
118 നെ 200 ല്‍ നിന്ന് കളഞ്ഞാല്‍ ശിഷ്ടം 82.
82 നെ വ്യാഴത്തിന്റെ ദശാവത്സരം കൊണ്ട് പെരുക്കിയാല്‍ (ഗുണിച്ചാല്‍) 82 x 10 = 820 കിട്ടുന്നു.
820 നെ 200 കൊണ്ട് ഹരിച്ചാല്‍ 820 ÷ 200 = ഹരണഫലം 4. ശിഷ്ടം 20.
ജനനശിഷ്ടം മീനം രാശ്യാധിപനായ വ്യാഴത്തിന്റെ കാലചക്ര ദശയില്‍ കഴിവാനുള്ളത് 4 കൊല്ലം.
20 നെ 12 ല്‍ പെരുക്കിയാല്‍ (ഗുണിച്ചാല്‍) 20 x 12 = 240
240 ÷ 200 = ഹരണഫലം 1. ശിഷ്ടം 40.
വ്യാഴദശയില്‍ കഴിവാനുള്ള മാസം 1.
40 നെ 30 കൊണ്ട് പെരുക്കിയാല്‍ 40 x 30 = 1200
1200 ÷ 200 = ഹരണഫലം 6. ശിഷ്ടം ഇല്ല.
വ്യാഴദശയില്‍ കഴിയുവാനുള്ള ദിവസം 6.
മേല്‍പ്പറഞ്ഞ പ്രകാരം ചന്ദ്രസ്ഫുടം 7-1-58 പ്രകാരം ജനനാന്തരം 4 കൊല്ലം - 1 മാസം - 6 ദിവസം മീനം രാശ്യാധിപനായ വ്യാഴത്തിന്റെ കാലചക്രദശാകാലമാണ് എന്ന് ലഭിച്ചു.
കാലചക്രദശാവാക്യസംഖ്യ 12 നെ "പ്രായോരാഗീ ശീവതെ സാഹി" എന്നും ഇതിന്റെ സംഖ്യ 12-1-2-3-5-4-6-7-8 എന്നതുമാകുന്നു. ഇനി അടുത്ത ദശാകാലം അറിയാന്‍ കാലചക്രദശാവാക്യസംഖ്യയിലെ രണ്ടാമത്തെ സംഖ്യ 1 ആകയാല്‍ മേടം രാശിയാകുന്നു. മേടം രാശിനാഥന്‍ ചൊവ്വ. ചൊവ്വയുടെ കാലചക്രദശാസംവത്സരം 7 കൊല്ലം. ഇത് മേല്‍പ്പറഞ്ഞ വ്യാഴത്തിന്റെ ജനനാന്തരം കാലചക്രദശാകാലമായ 4 കൊല്ലം - 1 മാസം - 6 ദിവസത്തില്‍ കൂട്ടിയാല്‍ 11 കൊല്ലം - 1 മാസം - 6 ദിവസമാകുന്നു മേടം രാശ്യാധിപ കുജദശാകാലം.
മൂന്നാമത്തെ കാലചക്രവാക്യസംഖ്യ 2. ഇടവം രാശി. രാശിനാഥന്‍ ശുക്രന്‍. ശുക്രന്റെ കാലചക്രദശാസംവത്സരം 16 കൊല്ലം. ഇത് 11-1-6 ല്‍ കൂട്ടിയാല്‍ 27 വര്‍ഷം - 1 മാസം - 6 ദിവസം കിട്ടും ഇടവം രാശ്യാധിപ ശുക്രദശ.
നാലാമത്തെ സംഖ്യ 3. മിഥുനം രാശി. രാശിനാഥന്‍ ബുധന്‍. ബുധന്റെ കാലചക്രദശാ സംവത്സരം 9 കൊല്ലം. ഇത് ചേര്‍ത്താല്‍ 36 വര്‍ഷം1 മാസം 6 ദിവസം മിഥുനം രാശ്യാധിപ ബുധദശ. അഞ്ചാമത്തെ സംഖ്യ 5. ചിങ്ങം രാശി. ചിങ്ങം രാശ്യാധിപന്‍ സൂര്യന്‍. സൂര്യന്റെ കാലചക്രസംവത്സരം 5 കൊല്ലം. ഇത് കൂട്ടിയാല്‍ 41 വര്‍ഷം1 മാസം 6 ദിവസം ചിങ്ങം രാശ്യാധിപ സൂര്യദശ. ആറാമത്തെ സംഖ്യ 4. നാലിന് കര്‍ക്കിടകം രാശി. കര്‍ക്കിടകം രാശ്യാധിപന്‍ ചന്ദ്രന്‍. ചന്ദ്രന്റെ കാലചക്രദശാസംവത്സരം 21 കൊല്ലം. ഇത് ചേര്‍ത്താല്‍ 62 വര്‍ഷം1 മാസം 6 ദിവസം കര്‍ക്കിടകരാശ്യാധിപ ചന്ദ്രദശ. ഏഴാമത്തെ സംഖ്യ 6. ആറിന് കന്നിരാശി. രാശിനാഥന്‍ ബുധന്‍. ബുധന് കാലചക്രദശാസംവത്സരം 9 കൊല്ലം. ഇത് കൂട്ടിയാല്‍ 71 വര്‍ഷം1 മാസം 6 ദിവസം കന്നി രാശ്യാധിപ ബുധദശ. എട്ടാമത്തെ സംഖ്യ 7. ഏഴാമത്തെ രാശി തുലാം. രാശിനാഥന്‍ ശുക്രന്‍. ശുക്രന്റെ കാലചക്രദശാസംവത്സരം 16 കൊല്ലം. ഇത് കൂട്ടിയാല്‍ 87 വര്‍ഷം1 മാസം 6 ദിവസം തുലാം രാശ്യാധിപ ശുക്രദശ. ഒന്‍പതാമത്തെ കാലചക്രദശാ സംഖ്യ 8. എട്ടാമത്തെ രാശി വൃശ്ചികം. വൃശ്ചികം രാശ്യാധിപന്‍ ചൊവ്വ (കുജന്‍). കാലചക്രദശാസംവത്സരം 7 കൊല്ലം. ഇത് കൂട്ടിയാല്‍ 94 വര്‍ഷം1 മാസം 6 ദിവസം വൃശ്ചികം രാശ്യാധിപന്‍ കുജ ദശ. ഇങ്ങനെ സംഖ്യയ്ക്കൊത്ത രാശിയും രാശിനാഥനും കണ്ട് രാശിനാഥന്റെ ദശാസംവത്സരം ജനനശിഷ്ടദശയില്‍ ചേര്‍ത്ത് ദശാകാലം കാണണം.
മേല്‍ പറഞ്ഞതില്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചിരിക്കണം. മിഥുനത്തില്‍നിന്ന് ചിങ്ങത്തിലേക്കും, കര്‍ക്കിടകത്തില്‍ നിന്ന് കന്നിയിലേയ്ക്കും ദശമാറിയതായി കണ്ടു. ഇതിന് "മണ്ഡൂകപ്ലുതി" എന്നാണ് ശാസ്ത്രനാമം. ചിങ്ങത്തില്‍ നിന്ന് കര്‍ക്കിടകത്തിലേയ്ക്ക് മാറിയതിന് "പശ്ചാത് ഗമനം" എന്നും പേരാകുന്നു. ഇത്തരത്തില്‍ കാലചക്രദശാകാലത്തിന് സവിശേഷഫലമുണ്ടെന്ന തത്ത്വം പ്രത്യേകം ഗ്രഹിച്ച് ഫലാദേശം ചെയ്യണം.