ദൃശ്യാര്‍ദ്ധഹരണം
ലഗ്നത്തില്‍നിന്ന് 12 ല്‍ ഏതെങ്കിലും ഒരു പാപന്‍ നില്‍ക്കുന്നുണ്ടെങ്കില്‍ മുന്‍പ് 3 ഹരണവും ചെയ്തുകഴിഞ്ഞ ദശാസംവത്സരാദികള്‍ മുഴുവന്‍ കളയണം. 12 ല്‍ നില്‍ക്കുന്നത് ശുഭനാണെങ്കില്‍ ആ ദശയുടെ പകുതി കളഞ്ഞാല്‍ മതി. ലഗ്നാല്‍ 11 ല്‍ ഒരു പാപന്‍ നിന്നാല്‍ ആ പാപന്റെ ദശയുടെ പകുതിയും, ഒരു ശുഭന്‍ നിന്നാല്‍ ആ ശുഭന്റെ ദശയുടെ 4 ല്‍ ഒരു ഭാഗവും കളയണം. 10 ല്‍ നില്‍ക്കുന്ന പാപന്റെ ദശയുടെ മൂന്നില്‍ ഒരു ഭാഗവും, 10 ല്‍ നില്‍ക്കുന്ന ശുഭന്റെ ദശയുടെ 6 ല്‍ ഒരു ഭാഗവും കളയണം. 9 ല്‍ നില്‍ക്കുന്ന പാപന്റെ ദശയുടെ 4 ല്‍ ഒരു ഭാഗവും അവിടെ നില്‍ക്കുന്ന ശുഭന്റെ ദശയുടെ 8 ല്‍ ഒരു ഭാഗവും കളയണം. 12 മുതലായ ഭാവങ്ങളില്‍ ഒന്നില്‍ത്തന്നെ ഒന്നിലധികം ഗ്രഹങ്ങള്‍ നില്‍ക്കുന്നുണ്ടെങ്കില്‍ അവരില്‍ ആര്‍ക്കാണോ ബാലാധിക്യം ആ ഗ്രഹത്തിന് മാത്രമേ ദൃശ്യാര്‍ദ്ധഹരണം ബാധകമാകൂ; എന്നാണ് പൊതുവായ അഭിപ്രായം. 12, 11 മുതലായവ ഭാവങ്ങളുടെയും, അവിടെ നില്‍ക്കുന്ന ഗ്രഹങ്ങളുടെയും സ്ഫുടങ്ങള്‍ തുല്യകലകളായി വന്നാലും ക്രിയാവിശേഷമാണ് ഈ പറഞ്ഞത്. തുല്യമല്ലാതിരുന്നാല്‍ ത്രൈരാശികം ചെയ്തു സൂക്ഷിക്കണം.
ലഗ്നഭാവത്തിന്റെ സ്ഫുടം വെച്ച് അതില്‍നിന്നും ഹരണം ചെയ്യേണ്ട ഗ്രഹസ്ഫുടത്തെ വാങ്ങുക. അപ്പോള്‍ ശേഷിക്കുന്ന സ്ഫുടത്തില്‍ 6 രാശിയില്‍ കുറയുമെന്ന് കണ്ടാല്‍ മാത്രമേ ഈ ദൃശ്യാര്‍ദ്ധഹരണം നടത്തേണ്ടതുള്ളൂ. 6 രാശിയില്‍ കുറഞ്ഞുവരുമെങ്കില്‍ രാശിയെ 30 ല്‍ പെരുക്കി തിയ്യതിയില്‍ ചേര്‍ത്ത് തിയ്യതി 60 ല്‍ പെരുക്കി കലയില്‍ ചേര്‍ത്തുകിട്ടുന്ന സംഖ്യ 1800 ല്‍ കുറവാണെങ്കില്‍ അത് ഗുണകാരവും 1800 ഗുണഹാരവുമാണ്. 1800 ല്‍ കൂടുതലാണ് സ്ഫുടക്രിയ ചെയ്ത സംഖ്യയെങ്കില്‍ അത് ഗുണഹാരവും, 1800 ഗുണകാരവുമാണ്.
ആദ്യം മൌഡ്യഹരണംകൂടി കഴിച്ചുവെച്ചിട്ടുള്ള ദശയെ രണ്ടിടത്തു വെച്ച് ഒന്നിനെ 12 ല്‍ പെരുക്കി മാസമാക്കി അതിനെ 30 ല്‍
പെരുക്കി തിയ്യതി ആക്കി അതിനെ 60 ല്‍ പെരുക്കി നാഴികയാക്കി ഗുണകാരസംഖ്യകൊണ്ട് പെരുക്കി ഗുണഹാരസംഖ്യകൊണ്ട് ഹരിക്കണം. ഹരണഫലം നാഴികയാകുന്നു. ആ നാഴികയെ 60 ല്‍ ഹരിച്ച ഫലം ശിഷ്ടത്തിന് മുകളില്‍ വച്ച് അതിനെ 30 ല്‍ ഹരിച്ച ഫലം അതിന്റെ മുകളില്‍ വച്ച് വര്‍ഷവുമുണ്ടാക്കണം. ഇതിനെ ഒന്നുകൂടി വിശദീകരിക്കാം. ആദ്യം 60 ല്‍ ഹരിച്ചുകിട്ടിയ സംഖ്യയെ വീണ്ടും 60 ല്‍ ഹരിച്ചാല്‍ ശിഷ്ടം വരുന്നത് നാഴിക. ആ ഹരണഫലത്തെ 30 ല്‍ ഹരിച്ചാല്‍ ശിഷ്ടം വരുന്നത് ദിവസം. അതിലെ ഹരണഫലത്തെ 12 ല്‍ ഹരിച്ചാല്‍ ശിഷ്ടം വരുന്നത് മാസവും, ഹരണഫലം വര്‍ഷവുമാകുന്നു. ഈ വര്‍ഷമാസാദികള്‍ വേറെ വെച്ചതില്‍നിന്നു കളയുകയും ചെയ്യുക. ഇത് പാപഗ്രഹത്തിനു ചെയ്യേണ്ട ക്രിയയാണ്. ശുഭാഗ്രഹമാണെങ്കില്‍ ഹരിച്ചുകിട്ടിയതിന്റെ പകുതി മാത്രം രണ്ടാമത് വെച്ചതില്‍നിന്നു കളഞ്ഞാല്‍ മതി. ഈ ത്രൈരാശിക്രിയയോടുകൂടി മാത്രമാണ് ദൃശ്യാര്‍ദ്ധഹരണം പൂര്‍ത്തിയാകുന്നത്. ഇതാണ് ദൃശ്യാര്‍ദ്ധഹരണക്രിയ. ഒന്നോ രണ്ടോ തവണ പ്രായോഗികമായി ക്രിയ ചെയ്‌താല്‍ സുഗമമായി ഗ്രഹിക്കാവുന്നതേയുള്ളൂ.
ക്രൂരോദയഹരണം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ക്രൂരോദയഹരണം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.