പത്തനംതിട്ട ജില്ലയിലെ അടൂരിന് സമീപം കൊടുമണ്ണില്‍ ചിലന്തികള്‍ക്ക് ഒരമ്പലം ഉണ്ട്. ചിലന്തി വിഷത്തില്‍ നിന്നുള്ള മോചനത്തിനായി ജാതിമതഭേദമന്യേ നിരവധി ഭക്തന്മാര്‍ പള്ളിയറ ക്ഷേത്രത്തിലെത്തി മലര്‍ നിവേദ്യം നടത്തി വരുന്നു.
ചെന്നീര്‍ക്കര രാജ കുടുംബത്തിന്‍റെ തേവാരമൂര്‍ത്തികളായിരുന്നു ശ്രീ വൈകുണ്ഠ ക്ഷേത്രത്തിലെ മഹാവിഷ്ണുവും പള്ളിയറ ക്ഷേത്രത്തിലെ ദേവിയും. ഈ ക്ഷേത്രങ്ങള്‍ക്ക് സമീപമുള്ള കോയിക്കല്‍ കൊട്ടാരമായിരുന്നു തമ്പൂരാക്കന്മാരുടെ പാര്‍പ്പിടം. കൊട്ടാരത്തിലെ അംഗങ്ങള്‍ അകാല മൃത്യുവിന് ഇരയായി കൊണ്ടിരുന്നു. അവസാനം ഒരു തമ്പുരാട്ടി മാത്രം അവശേഷിച്ചു. ദുഃഖം സഹിക്കാന്‍ വയ്യാതെ ആ തമ്പുരാട്ടിയും അറയില്‍ കയറി കതകടച്ച് തപസ്സില്‍ മുഴുകി സമാധിയായി. തമ്പുരാട്ടിയെ അന്വേഷിച്ചെത്തിയ ബന്ധുക്കള്‍ കണ്ടത് സമാധിയിലാണ്ട തമ്പുരാട്ടിയുടെ ദേഹസകലം ചിലന്തികളെ കൊണ്ട് മൂടിയ കാഴ്ചയാണ്. തമ്പുരാട്ടി പള്ളിയറ ദേവിയില്‍ വിലയം പ്രാപിച്ചു. ദേവി ചിലന്തി തമ്പുരാട്ടിയായി. ഈ പ്രദേശത്ത് ജനിച്ചവര്‍ക്ക് ചിലന്തി വിഷം എല്ക്കാരില്ല. ചിലന്തികളെ കൊല്ലാറുമില്ല. വൃശ്ചികമാസത്തിലെ കാര്‍ത്തികയ്ക്കാണ് ഉത്സവം.