1. സ്ഥലവും കെട്ടിടവും ഒരുപോലെ പ്രധാനമാണ്. സ്ഥലം ക്ഷേത്രമാണെങ്കില്‍ കെട്ടിടം ബീജമാണ്. സ്ഥലത്തിന്‍റെ ചരിത്രവും യോഗ്യതയും പരിശോധിച്ചറിയണം.
2.കുന്നിന്‍ പ്രദേശമാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ കിഴക്കോട്ടോ വടക്കോട്ടോ ചരിവുള്ള സ്ഥലം തിരഞ്ഞെടുക്കുക. ഈ സ്ഥലത്ത് പതിക്കുന്ന മഴവെള്ളം കിഴക്കോട്ടോ പടിഞ്ഞാട്ടോ ഒഴുകി പോകാന്‍ അനുവദിക്കുക
3. ജലസാമീപ്യങ്ങളുടെ തെക്കോ പടിഞ്ഞാറോ വശത്തുള്ള ഭൂമി ഉത്തമമാണ്.
4. ഗ്യാരേജ് അല്ലെങ്കില്‍ കാര്‍ പോര്‍ച്ചിന് കിഴക്കുഭാഗം ഉത്തമാണ്.
5. ലക്ഷണമൊത്ത ഭവനത്തിന്‍റെ ദര്‍ശനം കിഴക്കോട്ടോ വടക്കോട്ടോ ആയിരിക്കും.
6. കുംഭം രാശിയിലെ കിണര്‍ ധാരാളം അഭിവൃദ്ധി ഉണ്ടാക്കും. മീനം, മേടം, ഇടവം രാശിയിലും കിണര്‍ കുഴിക്കാം. ഒരു കാരണവശാലും മദ്ധ്യഭാഗത്ത് കിണറ് കുഴിക്കരുത്.
7. വീടുപണിയുടെ ആവശ്യങ്ങള്‍ക്കായി പറമ്പ് കുഴിച്ച ശേഷം മണ്ണ് അധികം വന്നാല്‍ അത്യുത്തമം.
8. ഗൃഹാരംഭ ദിവസത്തെ അശ്വതി തുടങ്ങിയുള്ള നക്ഷത്രങ്ങള്‍ പ്രതിപദം തുടങ്ങിയുള്ള തിഥികള്‍, രവിവാരം തുടങ്ങിയുള്ള ആഴ്ചകള്‍. മേടം തുടങ്ങിയുള്ള രാശി സംഖ്യ ഇവയെല്ലാം കൂട്ടി 9 കൊണ്ട് ഹരിച്ചാല്‍ ശിഷ്ടം 3,5,7,9 വന്നാല്‍ അത്യുത്തമം. ഇതിനെ നിഷ്പഞ്ചകം എന്ന് പറയുന്നു.
9. കിഴക്കുദിക്കില്‍ ധ്വജയോനി, തെക്ക് സിംഹയോനി പടിഞ്ഞാറ് വൃഷഭയോനി, വടക്ക് ഗജയോനി ഇവ ചേര്‍ന്നാല്‍ ഉത്തമഗൃഹമായി.
10. വീടിന്‍റെ കോണിപ്പടികള്‍ ഇടത്തോട്ട് തിരിഞ്ഞ് പടികള്‍ കയറി വലത്തോട്ട് തിരിഞ്ഞ് പ്രവേശിക്കുന്നതായിരിക്കണം.
11. അടുക്കളയുടെ അളവ് തെറ്റാന്‍ പാടില്ല. ഒരു വീട്ടില്‍ രണ്ട് അടുക്കള പാടില്ല. വീട് വിട്ട്, അടുക്കള നിര്‍മ്മിക്കാന്‍ പാടില്ല.
12. മൂന്ന് ശാലകളുടെ ഗൃഹത്തിനെ ത്രിശാലയെന്നും നാല്ശാലകളുള്ളത് നാലുകെട്ടും, എട്ടുശാലകളുള്ളത് എട്ടുകെട്ടും എന്ന് പറയുന്നു. ഇവ കൂടാതെ പണ്ടുകാലങ്ങളില്‍ 12 കെട്ടും, 16 കെട്ടും പണി ചെയ്യിച്ചിരുന്നു.
13. മാറാല പിടിച്ച വീട് ഐശ്വര്യക്കേട് ഉണ്ടാക്കുമെന്നും, പൂജാമുറി സദാ ശുദ്ധമായിരിക്കണമെന്നും, അടുക്കളയില്‍ കിടന്നുറങ്ങരുതെന്നും വാസ്തുശാസ്ത്രം അനുശാസിക്കുന്നു.