പ്രസവിച്ചു കഴിഞ്ഞ സ്ത്രീ നാല്‍പ്പതു ദിവസം കഴിയാതെ സ്വന്തം വീടുവിട്ടു പോകരുതെന്ന വിലക്ക് മിക്കവാറും കേരളീയ സമൂഹത്തില്‍ നിലനിന്നിരുന്നു. പ്രസവിച്ച സ്ത്രീയ്ക്ക് ഈ കാലയളവില്‍ ആശുദ്ധിയാണെന്നും പ്രചരിപ്പിച്ചിരുന്നു.
പ്രസവത്തോടെ നാല്‍പ്പതു ദിവസത്തെ അശുദ്ധി സ്ത്രീകള്‍ക്കുണ്ടെന്നും അതിനാലാണ് വീട്ടില്‍നിന്നും പുറത്തിറങ്ങരുതെന്ന വിലക്കുള്ളതെന്നും വിശ്വസിക്കപ്പെട്ടിരുന്നതിനാല്‍; വീട്ടിനുള്ളിലെ പ്രസവമുറിക്കുള്ളില്‍ തന്നെ ആ നാളുകള്‍ കഴിച്ചു കൂട്ടാന്‍ സ്വാഭാവികമായും സ്ത്രീ നിര്‍ബന്ധിതയായി.
ഗര്‍ഭകാലത്തും പ്രസവസമയത്തുമുള്ള ബുദ്ധിമുട്ടുകളും ശാരീരികപരാധീനതകളും ഏറെ അനുഭവിക്കേണ്ടതുണ്ടായിരുന്നതിനാല്‍ പ്രസവത്തിനു ശേഷമുള്ള ജീവിതകാലം രണ്ടാം ജന്മമായും പുനര്‍ജന്മമായുമൊക്കെ പഴയ കാലത്ത് വിശേഷിപ്പിക്കപ്പെട്ടിരുന്നു.
ഗര്‍ഭവും പ്രസവവുമൊന്നും രോഗമല്ലെന്ന് തന്നെ മുന്‍തലമുറ മനസ്സിലാക്കിയിരുന്നു. എങ്കിലും ഈ കാലയളവില്‍ സവിശേഷശ്രദ്ധയും ശുശ്രൂഷയും സ്ത്രീയ്ക്ക് ആവശ്യമാണെന്ന് അവര്‍ മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് ഇക്കാര്യത്തില്‍ അവര്‍ക്ക് ഏറെ ശുഷ്ക്കാന്തിയും ഉണ്ടായിരുന്നു.
നാല്‍പ്പത് ദിവസത്തെ അശുദ്ധി എന്ന് പറഞ്ഞ് പ്രസവം കഴിഞ്ഞ സ്ത്രീയെ വീട്ടിനുള്ളില്‍ ഇരുത്തിയിരുന്നത് തന്നെ പ്രത്യേക പരിഗണനയുടെ ഭാഗമായിട്ടായിരുന്നു. ആധുനിക വൈദ്യശാസ്ത്രം വേണ്ടത്ര വികസിച്ച ഇന്നത്തെ നിലയിലല്ലായിരുന്നു പണ്ടെന്ന കാര്യവും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. ആന്റിബയോട്ടിക് പ്രയോഗം സര്‍വ്വസാധാരണമായ ഇക്കാലത്ത് പ്രസവശേഷം ഇഞ്ചക്ഷനിലൂടെയും മറ്റും അണുബാധയില്‍ നിന്നും മുക്തമാകാമെന്നതിനാല്‍ പ്രസവനാള്‍ മുതല്‍ തന്നെ പുറത്തിറങ്ങുന്നതില്‍ പ്രയാസം നേരിടുന്നില്ലെന്നാണ് അനുഭവസ്ഥരുടെ വിലയിരുത്തല്‍.
അണുബാധാമരണം വളരെ സര്‍വ്വസാധാരണമായിരുന്ന പഴയകാലത്ത് രോഗബാധക്ക് സാധ്യതയുള്ള മറ്റുള്ളവരുടെ ഇടപെടലുകളില്‍ നിന്നും പുറത്തെ ദുഷിച്ച അന്തരീക്ഷത്തില്‍ നിന്നുമൊക്കെ സ്ത്രീയെ രക്ഷിക്കാന്‍ ആശുദ്ധിയുണ്ടെന്ന പേരില്‍ വീട്ടിനുള്ളില്‍ പാര്‍പ്പിക്കുകയേ മാര്‍ഗ്ഗമുണ്ടായിരുന്നുള്ളൂ.
പ്രസവത്തോടെ, പുറത്തിറങ്ങിയാല്‍ മാതാവിനും ശിശുവിനും അണുബാധയുണ്ടാകും എന്ന പ്രയോഗമാണ് ആശുദ്ധിയുണ്ടാകുമെന്നായി മാറിയത്. കാലക്രമേണ ഇത് പ്രസവിച്ച സ്ത്രീക്ക് അശുദ്ധിയുണ്ടെന്ന് പരിണമിക്കുകയായിരുന്നു.